13 November Wednesday

പ്രളയം രേഖകൾ കവർന്നു തിരികെ നൽകി അദാലത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

 

മേപ്പാടി
സാങ്കേതിക കുരുക്കുകളും തടസവുമില്ലാതെ നഷ്ടപ്പെട്ട രേഖകൾ നൽകി മേപ്പാടിയിൽ ഐടി മിഷൻ അദാലത്തത്‌. പ്രളയം  ഇല്ലാതാക്കിയ രേഖകൾ ഉടമകൾക്ക്‌ എളുപ്പം ലഭ്യമാക്കുന്നതിനാണ്‌  സർക്കാർ നിദേശപ്രകാരം  അദാലത്ത്‌ സംഘടിപ്പിച്ചത്‌. ദുരിതാശ്വാസ തുക ലഭ്യമാകാത്തതടക്കം ആയിരം അപേക്ഷകൾ  മേപ്പാടി പഞ്ചായത്തിൽ ഒരുക്കിയ അദാലത്തിലെത്തി.  തിങ്കളാഴ്‌ച ബത്തേരിയിലും അദാലത്ത്‌ നടക്കും.
ജില്ലയിലെ രണ്ടാമത്തെ ക്യാമ്പാണ്‌ മേപ്പാടിയിൽ നടന്നത്‌. ഐടി മിഷന്റെ നേതൃത്വത്തിൽ  ഒമ്പത്‌ സർക്കാർ വകുപ്പുകളുടെ ഏകോപിച്ചായിരുന്നു പ്രവർത്തനം. മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ വയനാട്ടിൽ മൂന്ന്‌ താലൂക്കുകളിലും ക്യാമ്പ്‌ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ മേപ്പാടിയിലെ ക്യാമ്പ്‌.
ആധാർ കാർഡ്, എസ്എസ്എൽസി, പ്ലസ്‌ടു സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, വാഹനസംബന്ധമായ രേഖകൾ, ഡ്രൈവിങ്‌ ലൈസൻസ്, ജാതി സർട്ടിഫിക്കറ്റ്, ആധാരം എന്നിവ നഷ്ടപ്പെട്ടവർക്ക്‌ ക്യാമ്പിൽ രേഖകളുടെ പകർപ്പുകൾ നൽകി.  പുത്തുമല ദുരന്തത്തിനിരയായവരെ പരിഗണിച്ചാണ്‌ ക്യാമ്പ്‌ മേപ്പാടിയിൽ ഒരുക്കിയത്‌.  
നഷ്ടമായ എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റിനായി 40 പേരും പ്ലസ്‌ടു സർട്ടിഫിക്കറ്റിന്‌ 30 പേരും എത്തി.   ഏകോപിപ്പിച്ച പുതിയ സോഫ്‌റ്റ്‌വെയർ വഴി യഥാർഥ  രേഖ കണ്ടെത്തി മിനുറ്റുകൾക്കകം ഉടമകൾക്ക്‌ കൈമാറി. ആറ്‌ മാസം സാധുവായ രേഖകളാണ്‌ ഇവിടെനിന്നും നൽകിയത്‌.  ഇതിനിടയിൽ പഠിച്ച  സ്ഥാപനത്തിൽനിന്നും അസ്സൽ രേഖ കൈപ്പറ്റാം. പ്രത്യേക  പരിഗണനയിലൂടെ ഇത്തരം അപേക്ഷകളിൽ ഉടൻ നടപടിയുണ്ടാവും.  അദാലത്തിലൂടെ വരുന്നതിനാൽ  സർട്ടിഫിക്കറ്റ്‌ നഷ്ടമായത്‌ പരസ്യപ്പെടുത്തുന്നതടക്കമുള്ള നടപടികളിൽനിന്നും ഒഴിവാകും. ക്യാമ്പിൽ നൽകാൻ സാധിക്കാത്തതായ പാസ്‌പോർട്ട്‌  നഷ്ടമായതടക്കമുള്ള പരാതികൾ അതത്‌ ഓഫീസുകളിലേക്ക്‌ കൈമാറി. ഫാസ്‌റ്റ്‌ട്രാക്ക്‌ വഴി  പരിഗണിക്കുന്ന ഈ അപേക്ഷ  ഫീസില്ലാതെ വേഗം പരിഹരിക്കും. 
നൽകുന്ന രേഖകളെല്ലാം ഡിജിറ്റർ ലോക്കറിൽ സൂക്ഷിക്കുന്നുണ്ട്‌. ഏതെങ്കിലും സാഹചര്യത്തിൽ രേഖകൾ വീണ്ടും നഷ്ടമായാൽ മൊബൈൽ വഴി നൽകിയ പാസ്‌വേഡ്‌ ഉപയോഗിച്ച്‌ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ്‌ ചെയ്യാനാവും.   ഒമ്പത്‌ വകുപ്പുകളിലെ ജീവനക്കാർക്ക്‌ പുറമെ അക്ഷയ സംരംഭകരും ബിഎസ്‌എൻഎലും ക്യാമ്പിൽ പങ്കെടുത്തു.  
പ്രളയകാലത്ത്‌ വീടുകളിൽ നിന്നും മാറി താമസിച്ചവർക്കുള്ള ദുരിതാശ്വാസ തുക ലഭിക്കാത്ത പരാതികൾ റവന്യു വിഭാഗം ഒരുക്കിയ ക്യാമ്പിൽ പരിഗണിച്ചു. പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്‌റ്റർ ചെയ്യാത്തവരാണ്‌. ഇതടക്കം  800 പരാതികൾ വന്നതിൽ 350 എണ്ണം പരിഹരിച്ചു.  ഇവർക്ക്‌ ഉടൻ ധനസഹായം ലഭ്യമാവും.  അവശേഷിക്കുന്നവ നടപടികൾ പൂർത്തിയാക്കുന്നതിന്‌ മാറ്റിവെച്ചു. 
 
പ്രധാന വാർത്തകൾ
 Top