04 December Wednesday

റീജണൽ ഓഫീസ്‌ ഉപരോധിച്ച്‌ 
ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

ഗ്രാമീൺ ബാങ്കിന്് മുന്നിൽ ഡിവെെഎഫ്ഐ നടത്തിയ സമരം

കൽപ്പറ്റ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക്‌ സർക്കാർ നൽകിയ അടിയന്തര ധനസഹായം പിടിച്ചുപറിച്ച  ഗ്രാമീൺ ബാങ്ക്‌ നടപടിക്കെതിരെ ആളിക്കത്തി യുവജന പ്രതിഷേധം. സർക്കാർ സഹായത്തിൽനിന്ന്‌ ബാങ്ക്‌  പിടിച്ച വായ്‌പാ തിരിച്ചടവിന്റെ ഗഡു തിരിച്ചുനൽകണമെന്നും മനുഷ്യത്വരഹിതമായ നടപടിയിൽ ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ തിങ്കൾ രാവിലെ ഏഴുമുതൽ ഗ്രാമീൺ ബാങ്കിന്റെ കൽപ്പറ്റയിലെ റീജണൽ ഓഫീസ്‌ ഉപരോധിച്ചു. ചീഫ്‌ മാനേജർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരെയും തടഞ്ഞു. ആർക്കും ഓഫീസിൽ പ്രവേശിക്കാനായില്ല. പത്തോടെ പൊലീസിന്റെ സാന്നിധ്യത്തിൽ ചീഫ്‌ മാനേജർ എൽ കെ ലീസൺ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്‌, പ്രസിഡന്റ്‌ കെ എം ഫ്രാൻസീസ്‌, ട്രഷറർ കെ ആർ ജിതിൻ എന്നിവരുമായി ചർച്ച നടത്തി. ദുരിതബാധിതരിൽനിന്ന്‌ പിടിച്ച മുഴുവൻ തുകയും തിരികെ നൽകാമെന്നും തുടർന്ന്‌ വായ്‌പാ ഗഡുക്കൾ പിടിക്കില്ലെന്നും ഉറപ്പുനൽകി. ബാങ്ക്‌ ഖേദം പ്രകടിപ്പിക്കണമെന്ന നിലപാടിൽ ഡിവൈഎഫ്‌ഐ ഉറച്ചുനിന്നു.
പത്തരയോടെ യൂത്ത്‌ കോൺഗ്രസ്‌, യൂത്ത്‌ ലീഗ്‌ പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഡിവൈഎഫ്‌ഐ സമരത്തിലേക്ക്‌ യൂത്ത്‌ കോൺഗ്രസുകാർ തള്ളിക്കയറാൻ ശ്രമിച്ചത്‌ പൊലീസ്‌ ഇടപെട്ട്‌ തടഞ്ഞു. പിന്നീട്‌ എല്ലാ സംഘടനകളുടെ നേതാക്കളെയും ഒരുമിച്ചിരുത്തിയും ബാങ്ക്‌ അധികൃതരുമായി ചർച്ച നടത്തി. മൂന്നുപേരുടെ തുക തിരികെ അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി അധികൃതർ അറിയിച്ചു. ഇഎംഐ പിടിച്ച മുഴുവൻ പേർക്കും തുക തിരികെ നൽകണമെന്നും  ബാങ്ക്‌ ഖേദം പ്രകടിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വിശദമായി പരിശോധിച്ചാലേ ആരുടെയെല്ലാം അക്കൗണ്ടിൽനിന്ന്‌ പണം പിടിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാകുകയുള്ളൂവെന്നും ഇതിന്‌ കൂടുതൽ സമയം ആവശ്യമാണെന്നും ചീഫ്‌ മാനേജർ അറിയിച്ചു. ബുധനാഴ്‌ചയ്‌ക്കകം മുഴുവൻ പേർക്കും തുക തിരികെ നൽകുമെന്നും ഉറപ്പുനൽകി. രേഖാമൂലം ഖേദവും പ്രകടിപ്പിച്ചു. തുക തിരികെ നൽകിയവരുടെ വിശദാംശങ്ങളും കൈമാറി. ഡിവൈഎഫ്‌ഐ നേതാക്കൾ ഇവരുമായി ഫോണിൽ ബന്ധപ്പെട്ട്‌ പണം അക്കൗണ്ടിൽ തിരികെയെത്തിയെന്ന്‌ ഉറപ്പാക്കി. ഇതോടെ സംഘടനകൾ സമരം അവസാനിപ്പിച്ചു.  ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ ശക്തമായി പ്രക്ഷോഭം തുടരുമെന്ന്‌ ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സംഭവത്തിൽ എഐവൈഎഫ്‌ ലീഡ്‌ ബാങ്കിൽ സമരം നടത്തി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top