17 September Tuesday
ജില്ലയിൽ രജിസ‌്റ്റർ ചെയ‌്തത‌് 235 പേർ

‘ഹൃദ്യ’ത്തിലുടെ ജീവിതം ഹൃദ്യമായി 52 കുരുന്നുകൾ

സ്വന്തം ലേഖകൻUpdated: Monday May 20, 2019

 

 
 
 
മാനന്തവാടി
സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിൽ  രണ്ട‌് വർഷംകൊണ്ട‌് ജില്ലയിൽ 52 കുട്ടികൾക്ക‌് സൗജന്യ ഹൃദയശസ‌്ത്രക്രിയ നടത്തി.   ഹൃദയ സംബന്ധമായ തകരാറുകളുള്ള 18 വയസ‌് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി ചികിത്സ ഉറപ്പ് വരുത്തുന്ന സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി വയനാടിന്റെയും ഹൃദയതാളമാകുകയാണ‌്. ജനിച്ച സമയം മുതൽ ചികിത്സ ലഭ്യമാകും.  ചികിത്സക്കും ശസത്രക്രിയക്കും എത്രവലിയ തുകയായാലും അത‌്മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കും.  
വർഷം 25 കോടിയിലേറെ രൂപയാണ്  സർക്കാർ ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്.   ജില്ലയിൽ ഇതുവരെ 235 പേർ രജിസ‌്റ്റർ ചെയതതിൽ 52 കുട്ടികൾക്ക‌് ശസ‌്ത്രക്രിയ നടത്തി. ആദിവാസി വിഭാഗത്തിലുൾപ്പെടെയുള്ള തീർത്തും നിർധനരായ കുടുംബത്തിലെ നിരവധി കുട്ടികൾ ഈ  പദ്ധതിയിലൂടെ ജീവൻതിരിച്ചുപിടിച്ചു. രോഗത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ മുൻഗണനാപട്ടികയുണ്ടാക്കിയാണ‌് ശസ‌്ത്രക്രിയ നടത്തുന്നത‌്.  ശസ‌്ത്രക്രിയ ആവശ്യമുള്ള മറ്റുകുട്ടികൾക്ക‌്  മുൻഗണന പ്രകാരം ശസ‌്ത്രക്രിയയുടെ തിയതി നൽകിയിട്ടുണ്ട‌്. ശസ‌്ത്രക്രിയ ആവശ്യമില്ലാത്തവർക്ക‌്  സൗജന്യ മരുന്ന‌് അടക്കമുള്ളവ നൽകും.    രോഗനിർണയം കഴിഞ്ഞാൽ hridyam.in ൽ ആർക്ക് വേണമെങ്കിലും കുട്ടിയെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത കുട്ടികളുടെ രക്ഷിതാക്കളെ ജില്ലാതല ഓഫീസർമാർ ബന്ധപ്പെട്ട് ചികിത്സ നടപടികൾ ആരംഭിക്കും. ആരോഗ്യകേരളത്തിന‌് കീഴിലുള്ള 
ആർബിഎസ‌്കെ  ടീം ആണ‌്  രജിസ്റ്റർ ചെയ‌്ത കുട്ടികളുടെ ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നത‌്.  ഓൺലൈൻ  രജിസ്ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഈ സംവിധാനം രാജ്യത്തുതന്നെ ആദ്യമാണ‌്. 
തുടക്കത്തിൽ തന്നെ ഇത്തരം രോഗങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിലെ എല്ലാ പ്രധാന സർക്കാർ  ആശുപത്രികളിലും നവജാത ശിശുക്കളെ ആർബിഎസ‌്കെ നേഴ‌്സുമാർ  പരിശോധിക്കും. ഓരോ പഞ്ചത്തിന്‌ കീഴിലും രജിസ്റ്റർ ചെയ്ത കുട്ടികളെ ആ പഞ്ചായത്തിലെ ആർബിഎസ‌്കെ നേഴ‌്സുമാരുടെ  ഉത്തരവാദിത്വത്തിൽഡോക്ടർമാരുടെ അടുതെത്തിക്കും. 
ഹൃദ്രോഗ വിദഗ്ധരുടെ ഒരു പാനൽ ആണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. അടിയന്തര സ്വഭാവമുള്ള രോഗാവസ്ഥയാണെങ്കിൽ ഉടൻ സർക്കാർ തീരുമാനിച്ച ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകാൻ ആംബുലൻസ‌് ഉൾപ്പെടെയുള്ള മുഴുവൻ സജ്ജീകരണങ്ങളുമായി ഹൃദ്യം ടീം എത്തും.  സ്ഥലതെത്തിച്ച‌് ഉടൻ ചികിത്സ നൽകും.  
തിരുവനന്തപുരം ശ്ര‌ീചിത്തിര,  കോട്ടയം മെഡിക്കൽ കോളേജ്,  കൊച്ചിയിലെ അമൃത ഇൻസ‌്റ്റിറ്റ്യൂട്ട‌്,  ആസ്റ്റർ മെഡിസിറ്റി, ലിസി ഹോസ്പിറ്റൽ, കോഴിക്കോട‌് ആസ്റ്റർ മിംസ്‌,  തിരുവല്ല ബിലീവേഴ്സ് ചർച്ച് എന്നീ ആശുപത്രികളിലാണ‌് നിലവിൽ ഹൃദ്യം പദ്ധതിതയിൽ ചികിത്സ നൽകുന്നത‌്. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ, ഹൃദയത്തിൽ  ദ്വാരം ഉണ്ടായുള്ള പ്രയാസം, ഹൃദയത്തിന്റെ  അറകൾക്കും രക്ത കുഴലുകൾ  വളർച്ചയില്ലാത്തതോ, വളർച്ച മുരടിച്ചതോ ആയ അവസ്ഥ ഇവക്കെല്ലാം  പദ്ധതിയിൽ സൗജന്യ ചികിത്സ നൽകും.
2017 സെപ്തംബറിലാണ‌് പദ്ധതി തുടങ്ങിയത‌്.  കോഴിക്കോട്  മന്ത്രി കെ കെ ശൈലജയാണ‌് ഉദ‌്ഘാടനം ചെയ‌്തത‌്. വയനാട്ടിൽ ഹൃദയശസ‌്ത്രക്രിയ നടത്തിയ കൂട്ടികളുടെ സംഗമം കഴിഞ്ഞ ഫെബ്രുവരിയിൽ മാനന്തവാടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്ത‌് നടത്തി.  കൂടുതൽ വിവരങ്ങൾക്കും  ചികിത്സ സഹായത്തിനുമായി ആർബിഎസ‌്കെ  മാനേജർ : 7012955924, 9544268725, ആർബിഎസ‌്കെ കോഓർഡിനേറ്റർ :8086010054, ഡിഇഐസി : 04936207768 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രധാന വാർത്തകൾ
 Top