18 August Sunday

ജില്ലയിൽ മൾട്ടിപർപ്പസ‌് ഇൻഡോർ സ‌്റ്റേഡിയവും ശരിയാവുന്നു

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
കൽപ്പറ്റ
വയനാടൻ കായിക മേഖലക്ക‌് എൽഡിഎഫ‌് സർക്കാർ നൽകിയ പരിഗണനയുടെ മറ്റൊരു സാക്ഷ്യപത്രമാവാൻ ഒരുങ്ങുകയാണ‌്  സി കെ ഓംകാരനാഥൻ മൾട്ടി പർപ്പസ‌് ഇൻഡോർ സ‌്റ്റേഡിയം. ജില്ലാ സ‌്റ്റേഡിയം, പുൽപ്പള്ളി ആർച്ചറി അക്കാദമിയുടെ നവീകരണം എന്നിവയെല്ലാം യാഥാർഥ്യത്തിലേക്ക‌് അടുക്കുന്നതിന‌് പിന്നാലെയാണ‌്   കൽപ്പറ്റ ടൗണിൽ  നിന്നും ഒരു കിലോമീറ്റർ അകലെ അമ്പിലേരിയിൽ മൾട്ടി പർപ്പസ‌് ഇൻഡോർ സ‌്റ്റേഡിയത്തിന്റെ നിർമാണത്തിനും തുടക്കമായത‌്. 
കഴിഞ്ഞ മാസം കായിക മന്ത്രി ഇ പി ജയരാജൻ പ്രവൃത്തി  ഉദ‌്ഘാടനം നടത്തിയതിന‌് പിന്നാലെ നിർമാണ പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുകയാണ‌്.     താൽക്കാലികമായുള്ള ലേബർ ഷെഡ‌് നിർമാണം, കെട്ടിട നിർമാണത്തിനുള്ള പൈലിങ‌്, മണ്ണ‌് നികത്തൽ,  നീന്തൽകുളങ്ങൾക്കായുള്ള മണ്ണെടുക്കൽ എന്നിവയെല്ലാം ആരംഭിച്ചു കഴിഞ്ഞു. നാൽപ്പതോളം തൊഴിലാളികളാണ‌് ദിവസവും പണിയെടുക്കുന്നത‌്.  
സംസ്ഥാന സർക്കാർ 2016–-17 ലെ  ബജറ്റിലാണ‌്  അമ്പിലേരിയിൽ ഇൻഡോർ സ‌്റ്റേഡിയം പ്രഖ്യാപിച്ചത‌്.  കിഫ‌് ബി ഫണ്ടിലാണ‌് തുക അനുവദിച്ചത‌്.  കൽപ്പറ്റ നഗരസഭയുടെ പിന്തുണയോടെ നഗരസഭയുടെ കൈവശമുള്ള അഞ്ച‌് ഏക്കർ ഭൂമിയിലാണ‌് നിർമാണം.  കായിക യുവജനകാര്യ വകുപ്പ‌് മുഖേന നിർമിക്കുന്ന സ‌്റ്റേഡിയത്തിന‌് 36.37 കോടി രൂപയാണ‌് വകയിരുത്തിയിരിക്കുന്നത‌്.  ഇൻകെൽ ആണ‌് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത‌്. ഇതിൽ രണ്ട‌് നീന്തൽകുളത്തിന്റെ  നിർമാണത്തിന്റെ പ്രഥമിക പ്രവൃത്തികൾ,  വിവിധകെട്ടിടങ്ങളുടെ നിർമാണത്തിന്റെ ഭാഗമായുള്ള പൈലിങ‌് എന്നിവയുടെ പ്രവൃത്തിയാണ‌് ആദ്യഘട്ടമായി  മുന്നോട്ട‌് പോവുന്നത‌്. കെട്ടിട നിർമാണത്തിനും നീന്തൽക്കുളം സജ്ജമാക്കുന്നതിനുമുള്ള നിർമാണസാമഗ്രികളും എത്തിച്ചുക‌ഴിഞ്ഞു.  
മേപ്പിൾവുഡ‌് ഫ‌്ളോറിങ്ങോടുകൂടി നിർമിക്കുന്ന സ‌്റ്റേഡിയത്തിൽ ഒരേ സമയം മൂന്ന‌് ഷട്ടിൽ ബാഡ‌്മിന്റൻ കോർട്ടുകൾ, ബാസ‌്ക്കറ്റ‌് ബോൾ, വോളിബോൾ, ടേബിൾ ടെന്നീസ‌്, ജൂഡോ, തായ‌്ക്വാണ്ടോ, റെസ‌് ലിങ‌് തുടങ്ങി 11  കായിക ഇനങ്ങൾ ഒരേ സമയം പരിശീലനം നടത്താൻ സാധിക്കും. ഇതിന‌് പുറമെ ഗ്യാലറി, വിഐപി ലോഞ്ച‌്, ഗസ‌്റ്റ‌് റൂം, ഓഫീസ‌് റൂം, മെഡിക്കൽ റൂം, കളിക്കാർക്കുള്ള മുറികൾ, സ‌്റ്റോർ റൂം, കഫ‌്റ്റീരിയ, ടോയ‌് ലറ്റ‌് എന്നീ സൗകര്യങ്ങളും ഉണ്ടാവും.  ഒളിമ്പിക‌് സൈസിലുള്ള നീന്തൽകുളം, പ്രാക്ടീസ‌് നീന്തൽ കുളം, ചെയിഞ്ചിങ‌് റൂം, അഡ‌്മിനിസ‌്ട്രേറ്റീവ‌് ബ്ലോക്ക‌് എന്നിവയും സ‌്റ്റേഡിയത്തിലുണ്ടാവും. 50 മീറ്റർ നീളത്തിലും, 30 മീറ്റർ വീതിയിലുമാണ‌് നീന്തൽക്കുളം നിർമിക്കുന്നത‌്.  ഫിൽട്ടറേഷൻ പ്ലാൻ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സംവിധാനങ്ങളും നീന്തൽക്കുളത്തോടനുബന്ധിച്ചുണ്ടാകും. മഴവെള്ള സംഭരണിയുൾപ്പെടെയുള്ള സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുങ്ങും. വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുൾപ്പെടെയുള്ള പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കും. 
ജില്ലാ  സ‌്പോർട‌്സ‌് കൗൺസിലും കൽപ്പറ്റ നഗരസഭയും തയ്യാറാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ‌് നിർമാണം.   ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സ്റ്റേഡിയത്തിനായുള്ള  പ്രാരംഭനടപടികൾ ആരംഭിക്കുകയും ഡിപിആർ തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തികൾക്ക് വേഗം കൈവന്നത്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top