30 May Saturday

3938 പേർക്ക്‌ കുത്തിവയ്‌പ്പെടുത്തു കുരങ്ങുപനി നിയന്ത്രണ വിധേയം

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
മാനന്തവാടി
ശക്തമായ പ്രതിരോധം തീർത്ത്‌ കുരങ്ങുപനി നിയന്ത്രണ വിധേയമാക്കി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച്‌ ഒരാൾ മരിക്കുകയും 14 പേർക്ക്‌ പനി സ്ഥിരീകരിക്കുകയും ചെയ്‌തതോടെയാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്‌. ഇതുവരെ അയച്ച എല്ലാ സാമ്പിളുകളുടെയും പരിശോധനാ ഫലം  നെഗറ്റീവാണ്‌.   തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, അപ്പപ്പാറ എന്നിവിടങ്ങളിലാണ്‌ രോഗം പടർന്നത്‌.  വനമേഖലകളിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്‌തിരുന്നു. പനി നിയന്ത്രണ വിധേയമായതോടെ  വനാതിർത്തി ഗ്രാമങ്ങളിലെ ആശങ്കയകന്നു. 
രോഗബാധ റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ ഊർജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ്‌ ആരോഗ്യ വകുപ്പ്‌ നടത്തിയത്‌. 
മാർച്ച് 10 മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭവന സന്ദർശനവും, പഞ്ചായത്തിലുടനീളം മെഡിക്കൽ ക്യാമ്പുകളും നടത്തി.
ഫീവർ സർവേ ശക്തിപ്പെടുത്തി സംശയാസ്പദമായ കേസുകൾ ജില്ലാ–-താലൂക്ക് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി റഫർ ചെയ്ത് കൃത്യതയോടെയുള്ള ചികിത്സ നൽകി. 
 ഡിവിസി യൂണിറ്റ് വഴി കുരങ്ങുമരണം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ ചെള്ളുകൾ ശേഖരിച്ച് ലാബിൽ അയച്ചു. കുരങ്ങുകളുടെ മരണം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിൽ  50 മീറ്റർ ചുറ്റളവിൽ  ചെള്ള്‌ നശീകരണത്തിനായി ഡസ്‌റ്റിങ്‌ നടത്തി. വാക്‌സിനേഷൻ ശക്തിപ്പെടുത്തി.   ആദിവാസി ജനതയുടെ സ്വന്തം ഭാഷയിൽ വീഡിയോ നിർമ്മിച്ച് അത് ഉപയോഗിച്ചുള്ള ബോധവൽക്കരണ പരിപാടികളും നടത്തി.  ആശാ പ്രവർത്തകർ, സ്റ്റാഫ് നേഴ്‌സ്, മെഡിക്കൽ ഓഫീസർമാർ എന്നിവർക്കും  പ്രൈവറ്റ് ഡോക്ടർമാർക്കും കുരങ്ങ് പനി പ്രതിരോധത്തെ കുറിച്ച്‌ പരിശീലനം നൽകി. നൈറ്റ് ക്യാമ്പുകളും പ്രാദേശിക ക്യാമ്പുകളും സംഘടിപ്പിച്ചു. 10 ദിവസം കൊണ്ട് 3938 പേർക്കാണ്‌ കുത്തിവയ്‌പ്പെടുത്തത്‌. വ്യാഴാഴ്ച അപ്പപ്പാറ, ബേഗൂർ,ആർത്താറ്റ് കോളനി ,മുള്ളൻകൊല്ലി അങ്കണവാടി അമ്മാനി കോളനി, തൃശ്ശിലേരി എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തിയത്.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top