20 June Thursday

കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റി: ആറാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കല്‍പ്പറ്റ > വയനാട് ജില്ലയിലെ ചലച്ചിത്ര കൂട്ടായ്മയായ കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റി(കെഎഫ്എഫ്) ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 3,4(ഞായര്‍,തിങ്കള്‍) ദിവസങ്ങളില്‍ കല്‍പ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ് ജൂബിലി ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്.

ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്  കെഎഫ്എഫിന്റെ  ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നിന് അവസാനിക്കും.

കലാമൂല്യവും സാമൂഹ്യ പ്രസക്തിയുമുള്ള സിനിമകള്‍ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് കെഎഫ്എഫിന്റെ രാഷ്‌ട്രീയ ലക്ഷ്യം. കെഎഫ്എഫ് നിര്‍മ്മാണത്തില്‍ പങ്കാളിയായി കനോപ്പി ബ്ലാക്ക് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച 'ദി സ്ലേവ് ജെനസിസ്' എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ വര്‍ഷത്തെ(2018) മികച്ച ആന്ത്രോപ്പോളജിക്കല്‍ ഡോക്യുമെന്റിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

'മനുഷ്യന്‍, പ്രക്യതി' എന്ന പ്രമേയത്തെ കേന്ദ്രമാക്കിയാണ് ആറാമത് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. നാലു അന്താരാഷ്ട്ര ചലചിത്രങ്ങള്‍ ഉള്‍പ്പെടെ ഫെസ്റ്റിവലിന്റെ ഭാഗമായി 10 സിനിമ/ഡോക്യുമെന്ററി എന്നിവ പ്രദര്‍ശിപ്പിക്കും. രണ്ട് സംഗീത പരിപാടികളും രണ്ട് പാനല്‍ ഡിസ്‌ക്കഷന്‍, മൃണാള്‍ സെന്‍-ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം എന്നിവയുമുള്‍പ്പെടെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് 3ന് രാവിലെ 9 മണി മുതല്‍ സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് 'പരിസ്ഥിതി, ആരോഗ്യം' എന്ന വിഷയത്തില്‍ ഡോ.അനില്‍ സക്കറിയ (ഡിപ്പ. അനിമല്‍ ഹസ്ബന്‍ഡറി), ഡോ.ജി.ആര്‍.സന്തോഷ്‌കുമാര്‍ (യൂണിസെഫ് കണ്‍സല്‍ട്ടന്റ്) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകിട്ട് നടക്കുന്ന സമ്മേളനത്തില്‍ എം.ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് അസി.പ്രഫസറും എഴുത്തുകാരനുമായ ഡോ. അജു.കെ നാരായണന്‍ ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് 'സിനിമ നമ്മോട് ചെയ്യുന്നത്' എന്ന വിഷയം അവതരിപ്പിച്ച് ഡോ. അജു.കെ നാരായണന്‍ സംസാരിക്കും. ആറാമത് അന്താരാഷ്ട്ര ചലചിത്രമേളയോട് അനുബന്ധിച്ച് കെ.എഫ്.എഫ് പുറത്തിറക്കുന്ന ഫെസ്റ്റിവല്‍ മാഗസിന്‍ ലീല സന്തോഷ് പ്രകാശനം ചെയ്യും. ആദ്യദിനം വൈകിട്ട് വിനു കിടച്ചുളന്‍ അവതരിപ്പിക്കുന്ന 'ഗോത്രം,പാട്ട്,പ്രകൃതി'എന്ന സെഷനില്‍ പണിയരുടെ പേനപ്പാട്ടിന്റ സംഗീത അവതരണവും 'ജാമിംഗ് വിത്ത് ഗിത്താര്‍' എന്ന സെഷനില്‍ ശേഖര്‍ സുധീര്‍ന്റെ മ്യൂസിക് പ്രോഗ്രോമും ഉണ്ടാകും.

ചലച്ചിത്രമേളയുടെ രണ്ടാംദിനം ദേശീയ അവാര്‍ഡ് നേടിയ അനീസ് കെ.മാപ്പിളയുടെ 'ദി സ്ലേവ് ജെനസിസ്' ന്റെ കല്‍പ്പറ്റയിലെ ആദ്യ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് 'പരിസ്ഥിതിയും മനുഷ്യനും' എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ടി.ടി അനിലേഷ് (അസി.പ്രൊഫസര്‍, ബ്രണ്ണന്‍ കോളേജ് തലശ്ശേരി), പി.കെ കരിയേട്ടന്‍ (നാടുഗദ്ദിക കലാകാരന്‍), ശ്രീജിത്ത് ശിവരാമന്‍ (ഇടതു ചിന്തകന്‍), ഡോ. സുമ ( (പരിസ്ഥിതി ഗവേഷക),രതീഷ് പാണമ്പറ്റ(ഭൂമിശാസ്ത്ര ഗവേഷകന്‍) എന്നിവര്‍ പങ്കെടുക്കും. ഷഫീഖ് സല്‍മാന്‍ പരിപാടിയുടെ മോഡറേറ്റര്‍ ആവും. തുടര്‍ന്ന് മൃണാള്‍സെന്‍, ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം നടക്കും. ഒ.കെ ജോണി(എഴുത്തുകാരന്‍,ചലച്ചിത്ര നിരൂപകന്‍) അനുസ്മരണ പ്രഭാഷണം നടത്തും. മാര്‍ച്ച് നാലിനു രാത്രി ഒന്‍പതുമണിയോടെ കെ.എഫ്.എഫിന്റെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങും.


പ്രധാന വാർത്തകൾ
 Top