30 November Monday

ക്രമക്കേടും അഴിമതിയും പള്ളിക്കുന്ന് ക്ഷീരസംഘം പിരിച്ചുവിടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

  

കൽപ്പറ്റ
സാമ്പത്തിക ക്രമക്കേടും അഴിമതിയും തെളിഞ്ഞ പള്ളിക്കുന്ന് ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി പിരിച്ചുവിടുന്നതിന് മുന്നോടിയായി ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഭരണസമിതിക്ക് നോട്ടീസ് നൽകി. സഹകരണ നിയമം വകുപ്പ്(32)(1) പ്രകാരമാണ് ഭരണസമിതി പിരിച്ചുവിടുന്ന നടപടികളിലേക്ക് വകുപ്പ് കടന്നത്. അതിന്‌  മുമ്പ് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. ദീർഘകാലമായി യുഡിഎഫ് ഭരിക്കുന്ന സംഘത്തിന്റെ പ്രസിഡന്റ് മുതിർന്ന കോൺഗ്രസ് നേതാവ് ഒ വി അപ്പച്ചനാണ്.
ഭരണസമിതികൾ ക്രമക്കേട് നടത്തി സംഘത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഭംഗം വരുത്തിയെന്ന് നോട്ടിൽ പറയുന്നു. 2012–-13 വർഷം മുതൽ ഇതുവരെയുള്ള ഭരണസമിതികൾ നടത്തിയ അഴിമതികൾ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. സഹകരണ നിയമം, വകുപ്പ്, ചട്ടങ്ങൾ, എന്നിവ വിസ്മരിച്ച് സ്വാർഥ ലാഭത്തിനുവേണ്ടിയാണ് ഭരണസമിതികൾ പ്രവർത്തിച്ചത്. മുൻഭരണസമിതികളുടെ നിയമവിരുദ്ധ നടപടികളും അഴിമതികളും നിലവിലെ ഭരണസമിതി ക്രമപ്പെടുത്തി നൽകുകയും കൂടുതൽ ക്രമക്കേടുകൾ നടത്തിയെന്നും നോട്ടീസ് വ്യക്തമാക്കുന്നു. നിലവിലെ ഭരണസമിതി തുടർന്നാൽ പൊതുപണം ദുരുപയോഗം ചെയ്ത് സംഘത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കും. കണക്കുകളും രേഖകളും തിരുത്തുകയും നശിപ്പിക്കുകയും ചെയ്യും. നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഭരണസമിതി നടത്തുന്നത്.
കെട്ടിട നിർമാണം, സ്ഥലം വാങ്ങൽ, സ്വാശ്രയസംഘം രൂപീകരണം, പ്ലാന്റ് ആൻഡ് മെഷിനറി സ്ഥാപിക്കൽ, വാഹനം വാങ്ങൽ, കെട്ടിടനിർമാണത്തിന് വായ്പ എടുക്കൽ തുടങ്ങിയവയിലൂടെ ഭീമമായ നഷ്ടം വരുത്തി. ക്ഷീരവികസന വകുപ്പിന്റെ ധനസഹായത്തോടെയുള്ള പ്ലാന്റും മെഷിനറിയും വകുപ്പിന്റെ അനുമതി ഇല്ലാതെ ലീസിന് നൽകിയെന്നും നോട്ടീസിൽ പറയുന്നു. 30നകം നോട്ടീസിന് വിശദീകരണമുണ്ടെങ്കിൽ നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞദിവസം രാജിവച്ച സംഘം ഡയറക്ടർ ബിജു സെബാസ്റ്റ്യന്റെയും മറ്റൊരു ഡയറക്ടറായ പി പി റെനഷിന്റെയും വിയോജിപ്പോടെയാണ് ക്രമക്കേടുകളെല്ലാമെന്നും നോട്ടീസ് വിശദീകരിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top