18 November Monday

വയനാടൻ ക്ഷീരമേഖലയും കിതയ്‌ക്കും

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2019
കൽപ്പറ്റ
വയനാടൻ കാഷിക മേഖലയുടെ നട്ടെല്ല്‌ ഒടിഞ്ഞപ്പോഴും കർഷകർ പിടിച്ചുനിന്ന ക്ഷീരമേഖ ആർസിഇപി കരാറിന്റെ കരിനിഴലിൽ.   കാലവർഷക്കെടുതിയും കാലതീറ്റവില  വർധനയുമെല്ലാം തളർത്തിയ ക്ഷീരമേഖലക്ക്‌ കനത്ത തിരിച്ചടിയായി ആർസിഇപി  (മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ).  കൃഷി പാടെ നശിച്ച ജില്ലയിലെ കർഷകരുടെ  അതിജീവനപാതയും  അടയുമെന്നാണ്‌ ആശങ്ക. സംസ്ഥാനത്ത്‌ പാൽ ഉൽപ്പാദനത്തിൽ പാലക്കാടിന്‌ തൊട്ടുപിന്നിൽ വയനാട്‌ രണ്ടാംസ്ഥാനത്താണ്‌.  കാൽലഷത്തോളം ക്ഷീര കർഷകരുണ്ട്‌. 56 ക്ഷീരസംഘങ്ങളും ജില്ലയിലുണ്ട്‌.   പ്രതിദിനം 2,35,000 ലിറ്ററാണ്‌ പാൽ  ഉൽപ്പാദനം. ആർസിഇപി കരാർ പ്രകാരം  വ്യാപാരി പങ്കാളി രാജ്യമായ ആസ്‌ട്രേലിയയും ന്യുസിലാൻഡും  പാലിന്റെയും പാലുൽപ്പന്നങ്ങളുടേയും കയറ്റുമതിക്കാരാണ്‌. മികച്ച സാങ്കേതി വിദ്യയും അവർക്കുണ്ട്‌.  കരാറിന്റെ ഭാഗമായി ഇറക്കുമതി തീരുവ ഇല്ലാതായാൽ അവരുടെ ഉൽപ്പന്നങ്ങൾ  ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യും. ഇത്‌  ഇന്ത്യയിൽ  ഉൽപ്പാദിപ്പിക്കുന്ന പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വില ഇടിയും.   കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലയാവും വയനാട്‌.  വയനാട്ടിൽ കാർഷിക മേഖലയിലെ   പ്രതിസന്ധി    ക്ഷീര മേഖലയിലുടെയാണ്‌ കർഷകർ  അതിജീവിച്ചത്‌.  ജില്ലയിൽ പാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്‌ ‘വയനാട‌് പാക്കേ‌ജ‌്’ തന്നെ ആവിഷ‌്കരിച്ച്‌ നടപ്പാക്കുന്നതിനിടെയാണ്‌  ആർസിഇപി കരാർ എത്തുന്നത്‌. 
കാലത്തീറ്റവിലയിൽ 
വൻ വർധന
പാൽ വില വർധനവിന്റെ ഗുണമൊന്നും കർഷകർക്ക്‌ ലഭിക്കുന്നില്ലെന്ന്‌ ക്ഷീരകർഷകർ പറയുന്നു.  പ്രധാന കാരണം കാലതീറ്റവിലയിലുണ്ടായ വർധനവാണ്‌. അഞ്ച്‌ മാസം മുമ്പുവരെ  ചാക്കിന്‌ ആയിരം രൂപ വിലയുണ്ടായിരുന്ന കാലിതീറ്റയുടെ വില ആയിരത്തി നാനൂറിലെത്തി . കിലോക്ക്‌ 36രൂപ ഉണ്ടായിരുന്ന പിണ്ണാക്കിന്റെ വില 47 രൂപയായി. ചോളപ്പൊടിയുടെ വില 20 രൂപയിൽനിന്നും 33 രൂപയായും ഉയർന്നു. തീറ്റപ്പുല്ലിനും ക്ഷാമമാണ്‌. കാലിതീറ്റക്ക്‌ 50 ശതമാനം സബ്‌സിഡി വേണമെന്നാണ്‌ കർഷകരുടെ ആവശ്യം.  
പ്രതിസന്ധി വരുന്നത്‌ പ്രളയ തകർച്ചക്ക്‌ പിന്നാലെ
തുടർച്ചയായുണ്ടായ കാലവർഷക്കെടുതികൾ ജില്ലയിലെ കാർഷികമേഖലയെ ഒന്നടങ്കം തകർത്തിരുന്നു. കഴിഞ്ഞ കാലവർഷത്തിൽ മാത്രം അഞ്ച്‌ കോടിയലധികം രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 42 കറവപശുക്കൾ ചത്തു.    61 കുടാരികളും ചത്തു.  129 തൊഴുത്തുകൾ പൂർണമായും 537 എണ്ണം ഭാഗികമായും തകർന്നു.   485.5 ഹെക്ടർ പുൽകൃഷി നശിച്ചു. 2018ലെ പ്രളയത്തിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തു. ഈ പരാധീനതകൾക്കിടയിലാണ്‌ പുതിയ  പ്രതിസന്ധി കടന്നുവരുന്നത്‌.
പ്രധാന വാർത്തകൾ
 Top