മാനന്തവാടി
മാനന്തവാടി, കൽപ്പറ്റ നഗരസഭകളിലും തരിയോട് പഞ്ചായത്തിലും തദ്ദേശവകുപ്പിന്റെ വിജിലൻസ് വിഭാഗം പരിശോധന നടത്തി. തിങ്കൾ രാവിലെ 10 മുതൽ രാത്രി ഏഴരവരെ പരിശോധന നീണ്ടു. ചൊവ്വാഴ്ചയും തുടരും. സേവനങ്ങൾ സുതാര്യമാക്കുന്നതിനായി തദ്ദേശവകുപ്പ് വിജിലൻസ് വിഭാഗം സംസ്ഥാനമാകെ നടത്തിയ പരിശോധനയുടെ ഭാഗമായാണ് വിജിലൻസ് സംഘമെത്തിയത്.
വിവിധ പദ്ധതികളിലെ ഫയലുകൾ പരിശോധിച്ചു. കണ്ടെത്തിയ ക്രമക്കേടിൽ വിശദീകരണം ആവശ്യപ്പെട്ടു. ബിൽഡിങ് പെർമിറ്റ് , ലൈസൻസുകൾ, ഹരിതകർമസേനയുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവയെല്ലാം പ്രത്യേകം പരിശോധനക്ക് വിധേയമാക്കി. മാനന്തവാടി നഗരസഭയിൽ ഈമാസം രണ്ടാമത്തെ പരിശോധനയാണ് വിജിലൻസ് നടത്തിയത്. ലാപ്‌ടോപ്പ്, തയ്യൽ മെഷീൻ വിതരണ പദ്ധതികളിലെ അഴിമതിയെ തുടർന്നുള്ള പരാതികളിൽ കഴിഞ്ഞ ഏഴിനും പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെയും കൗൺസിലർമാരുടെയും മൊഴിയുമെടുത്തിരുന്നു. ഇതിന്റെ തുടർനടപടി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും വിജിലൻസ് സംഘമെത്തിയത്. 25 ലക്ഷത്തിലധികം രൂപയുടെ അഴിമതിയാണ് ലാപ്‌ടോപ്പ് വിതരണത്തിൽ ഉയർന്നത്. വിപണിവിലയേക്കാൾ ഇരട്ടി തുകയ്‌ക്കാണ് ലാപ് ടോപ്പുകൾ വാങ്ങിയത്. പദ്ധതിയിൽ പ്രഥമദൃഷ്ട്യ അഴിമതി വ്യക്തമായിരുന്നു.
വിജിലൻസ് ഓഫീസർമാരായ വി എം അബ്ദുള്ള, പ്രദീപൻ തെക്കേക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് മാനന്തവാടിയിൽ പരിശോധന നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..