22 February Friday
വെള്ളമുണ്ട ഇരട്ടക്കൊലപാതകം

വെല്ലുവിളികൾക്കൊടുവിൽ പൊലീസിന് പൊൻതൂവൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018
മാനന്തവാടി
വെല്ലുവിളി നിറഞ്ഞ അന്വേഷണത്തിനൊടുവിൽ ജില്ലയ്ക്കാകെ അഭിമാനമായി വെള്ളമുണ്ട കൊലപാതകകേസ് അന്വേഷണ ടീമും ജില്ലാ പൊലീസും. അത്യന്തം ദുരൂഹതയും അഭ്യൂഹങ്ങളും അപവാദപ്രചരണങ്ങളും നേരിട്ടിട്ടും മനോവിര്യം തകരാതെ പൊലീസ് നടത്തിയ സമർഥമായ കരുനീക്കങ്ങളാണ് പ്രതിയെ വലയിലാക്കിയത്. 
ജൂലൈ ആറിനാണ് വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയിൽ ഉമ്മറും ഭാര്യ ഫാത്തിമയുംകൊല്ലപ്പെടുന്നത്. രാവിലെ എട്ടരയോടെയാണ് തലയ്ക്കും കഴുത്തിനും വെട്ടേറ്റനിലയിൽ കിടപ്പുമുറിയിലെ കട്ടിലിന് മുകളിൽ ഇരുവരുടെയും മൃതദേഹം കണ്ടത്. കൊലപാതകം നടന്ന് ദിവസങ്ങൾ പിന്നിട്ടതോടെ കൊലപാതകത്തിലെ ദൂരുഹതകളും ഏറി. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതിരുന്നതാണ് പൊലിസിന് ആദ്യ വെല്ലുവിളിയായത്. കൊലപാതകം ലക്ഷ്യവും വ്യക്തമായില്ല. പ്രാഥമിക നിഗമനം മോഷണമായരുന്നെങ്കിലും വൻ സാമ്പത്തികശേഷി കൊല്ലപ്പെട്ടവർക്കില്ലാതിരുന്നതും മൃതദേഹത്തിലെ ചില ആഭരണങ്ങൾ നഷ്പ്പെടാതിരുന്നതും പല അഭ്യൂഹങ്ങളും പരത്തി. തീവ്രവാദബന്ധമാണ് കൊലയ്ക്ക് പിന്നിലെന്നും അന്യസംസ്ഥാന തൊഴിലാളികളാണ് കൊലനടത്തിയതെന്നും അഭ്യൂഹമുയർന്നു. ദിവസങ്ങൾ പിന്നിട്ടതോടെ 'പൊലിസ് ഇരുട്ടിൽ തപ്പുക'യാണെന്നും 'അന്വേഷണം എങ്ങുമെത്തയില്ല' എന്നിങ്ങനെ കേസിൽ അന്വേഷണസംഘത്തിന്റെ മനോവീര്യം തകർക്കുന്ന രീതിയിലുള്ള  പ്രചരണവും ശക്തിപ്പെട്ടു. എന്നാൽ ഇത്തരം ചതിക്കുഴികളിലൊന്നും പെടാതെ വെല്ലുവിളി ഏറ്റെടുത്ത് പൊലിസ് പ്രതിയിലേക്ക് പതിയെ അടുക്കുകയായിരുന്നു.
അതി വിപുലമായരീതിയിലാണ് പൊലിസ് അന്വേഷണം പുരോഗമിച്ചത്.  രാഷ്ട്രീയം, കൊല്ലപ്പെട്ടവരുടെ മതവിശ്വാസം, തീവ്രവാദം, സാമ്പത്തിക ഇടപാടുകൾ, കുടുംബം, ഇതരസംസ്ഥാനതൊഴിലാളികളുടെ ഇടപെടൽ എന്നിവയെല്ലാം കർശനമായി പരിശോധിച്ചു. കൊലപാതകത്തിന്റെ രീതിയും സമഗ്രമായി വിലയിരുത്തി. പകപോക്കലിന്റെ ഭാഗമായി ആളുമാറി കൊലനടത്തിയതാണോ, തീവ്രവാദസംഘടനകളുടെ പകപോക്കലാണോ എന്നിവയിലെല്ലാം വിദഗ്ധമായി അന്വേഷണം നടത്തി. 
രണ്ട് ലക്ഷത്തിലധികം ഫോൺകോളുകളും എസ്എംഎസ്സുകളും സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മോഷണകേസിൽ ഉൾപ്പെട്ട നൂറുകണക്കിന് പേരെ ചോദ്യംചെയ്യുകയും ഫിംഗർപ്രിന്റ് അടയാളപ്പെടുത്തുകയും  ചെയ്തു. കൂടാതെ തൊഴിലാളികളടക്കം 250ലധികം പേരുടെ ഫിംഗർപ്രിന്റ്, ഫൂട്ട്പ്രിന്റ് എന്നിവ പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ ആർടിഒ ഓഫീസുകളിൽ നിന്നും വിവരം ശേഖരിച്ച് സ്ഥലത്ത് വന്ന്പോയ വാഹനങ്ങളെകുറിച്ച് അന്വേഷണം നടത്തി. സംഭവസ്ഥലത്തും പരിസരത്തുമുള്ള കിണറുകൾ വറ്റിച്ചും പരിസരത്തെ കാടുകൾ വെട്ടിതെളിച്ചും അന്വേഷണം   പുരോഗമിച്ചു. 
ജില്ലാ പൊലിസ് മേധാവിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. മാനന്തവാടി പൊലിസ് ഇൻസ്പെക്ടർ പി കെ മണി, ബത്തേരി പൊലിസ് ഇൻസ്പെക്ടർ എം ഡി സുനിൽ, എസ്ഐ മാരായ മാത്യു, ജിതേഷ്, ബിജു, ആന്റണി എന്നിവരടക്കം 28പേരാണ് സംഘത്തിലുൾപ്പെട്ടത്. 
പ്രധാന വാർത്തകൾ
 Top