18 October Friday
വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം

ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019
മാനന്തവാടി
സ്‌കൂൾ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചത്‌ പുന:പരിശോധിക്കാനുള്ള നടപടിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ  മേൽക്കോടതിയെ സമീപിക്കണം. ഹാജരാക്കിയ അന്നുതന്നെ പ്രതിക്ക്‌ ജാമ്യം ലഭിച്ചിരുന്നു. തിരുനെല്ലി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ്‌ സംഭവം നടന്നത്‌.   ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരാൾക്ക് എളുപ്പത്തിൽ  ജാമ്യം ലഭിക്കുന്നത്  സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ലളിതവൽക്കരിക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുകയും, അർഹമായ നീതി നഷ്ടമാവുകയും ചെയ്യും. സ്കൂൾ വിദ്യാർത്ഥിനിക്ക് സംരക്ഷണം നൽകേണ്ട അധ്യാപകൻ തന്നെ കുട്ടിയെ ചൂഷണം ചെയ്തത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കുറ്റക്കാരനായ അധ്യാപകന്റെ പൂർവചരിത്രവും അന്വേഷിക്കണം. അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതാരായാലും ഡിവൈഎഫ്ഐ പ്രക്ഷോഭവുമായി രംഗത്ത് വരും. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ  റഫീഖ്, എം വി വിജേഷ്, കെ ആർ ജിതിൻ   എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top