23 January Wednesday

ഒരുമയോടെ അവർ ക്യാമ്പുകളിൽ; പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥരും

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
കൽപ്പറ്റ
കനത്ത മഴ അനാഥമാക്കിയ ഒരു കൂട്ടം മനുഷ്യരുണ്ടിവിടെ. ദുരിതപെയ്ത്തിൽ മലവെള്ളം ഒഴുക്കിക്കളഞ്ഞ ചെറുതും വലുതുമായ സ്വപ്നത്തിന് ഉടമകൾ. അവരിന്ന് ഒരുമയോടെ ദുരിതത്തിന്റെ ഓർമകളെ മറന്ന് പുതിയൊരു ജീവിതത്തിനായി നൂൽനൂൽക്കുകയാണ്. അവർക്കു സാന്ത്വനമാവാൻ സർക്കാർ സംവിധാനവും നല്ലവരായ ഒരുപിടി മനുഷ്യരും ഉദ്യോഗസ്ഥരും രാപ്പകലില്ലാതെ മെയ്യ് മറന്നു പ്രവർത്തിക്കുകയാണ്. ക്യാമ്പുകളുടെ ചുമതല വഹിക്കുന്നത് വില്ലേജ് ഓഫിസർമാരും തഹസിൽദാർമാരും ഡെപ്യൂട്ടി തഹസിൽദാർമാരുമടങ്ങിയ റവന്യൂ ഉദ്യോഗസ്ഥരാണ്. അവരാണ് ദൗത്യത്തിന്റെ ആദ്യ കണ്ണികൾ. ക്യാമ്പുകളുടെ വിവിധ ആവശ്യങ്ങൾ അപ്പപ്പോൾ വില്ലേജ് ഓഫിസർമാർ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ട്. അതാതു ക്യാമ്പിന്റെ ചുമതലയുള്ള വില്ലേജ് ഓഫിസർ മുഖേന ക്യാമ്പിലേക്കുള്ള സാധനങ്ങൾ കലക്ടറേറ്റിലെ സംഭരണശാലയിൽ നിന്നും ശേഖരിക്കുകയും ചെയ്യുന്നു. 
     എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലെത്തിയവരെ എല്ലാ ആത്മവിശ്വാസത്തോടു കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമവും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അതിനായി ക്യാമ്പുകളിൽ മുതിർന്നവർക്കായി കൗൺസിലിംഗ് ക്ലാസുകളും കുട്ടികൾക്കായി റിഫ്രഷ്മെന്റ് പരിപാടികളും നടത്തുന്നു. കൗൺസിലിംഗ് ക്ലാസുകൾ നയിക്കുന്നത് എസ്എസ്എയുടെ നേതൃത്വത്തിൽ അഡോൾസൻസ് കൗൺസലിംഗിൽ പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകരുടെ സംഘമാണ്. കലക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ റിലാക്സേഷൻ കൗൺസലിംഗ് ഫോർ ചിൽഡ്രൻ എന്ന പേരിൽ റിഫ്രഷ്മെന്റ് പരിപാടി തുടങ്ങിയത്. കഥകളിലൂടെയും കളിയിലൂടെയും കുട്ടികളെ റിഫ്രഷ്മെന്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വെള്ളിയാഴ്ച മാത്രം 85 ഓളം പേരടങ്ങുന്ന വിവിധ സംഘങ്ങൾ നിരവധി ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പുകളിൽ നിന്നും നല്ല ഫലങ്ങളാണ് വരുന്നതെന്നും കുട്ടികൾ തമ്മിൽ നല്ല ബന്ധമുണ്ടാക്കാൻ കഴിയുന്നുണ്ടെന്നും വളണ്ടിയർമാർ സാക്ഷ്യപ്പെടുത്തുന്നു. അവധികളും ആഘോഷങ്ങളുമെല്ലാം മാറ്റിവച്ച് അശാന്ത പരിശ്രമത്തോടെ ഉദ്യോഗസ്ഥരും ഉഷറായതോടെ ക്യാമ്പുകളും ഉണർന്നു. ക്യാമ്പിലുള്ളവരുടെ ആവശ്യങ്ങളും പരാതികളും ആവുംവിധം പരിഹരിച്ച് രണ്ടറ്റവും കൂട്ടിമുട്ടിക്കാനും അവർക്കായി. പ്രയാസങ്ങളൊക്കെ മനസിലാക്കി സഹകരിക്കുന്നവരെയും ക്യാമ്പിൽ കണ്ടു. ഭക്ഷണം പാകം ചെയ്യുന്നതിനടക്കം അവരുണ്ട്. 
   ക്യാമ്പിലുള്ളവരുടെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ പ്രദേശിക ജനപ്രതിനിധികളടക്കം ക്യാമ്പിലെത്തുന്നുണ്ട്. പുലർച്ചെ കാപ്പിയോ കട്ടനോ, കൂടെ ചെറുകടിയെന്തെങ്കിലും. രാവിലെ പത്തിനുള്ളിൽ പ്രാതൽ. ഉച്ചയ്ക്കും രാത്രിയും ചോറോ കഞ്ഞിയോ കപ്പയോ പിന്നെ വൈകുന്നേരങ്ങളിൽ ചെറുകടിയും ചായയും ഇത്തരത്തിലാണ് ഓരോ ക്യാമ്പിലേയും ദിനചര്യ. ക്യാമ്പുകളിൽ ശുചിത്വമുറപ്പാക്കാൻ ഹരിത കർമ്മ സേനകളും രംഗത്തുണ്ട്. മിക്ക ക്യാമ്പുകളിലും രാവിലെയും വൈകിട്ടും ഹരിത സേനാംഗങ്ങളെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ക്യാമ്പുകളിൽ അമ്മമ്മാർക്കും കുട്ടികൾക്കും അസുഖമുള്ളവർക്കും പ്രത്യേക ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ സംഘങ്ങളുടെ സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലെത്തുന്നവരുടെ വിവരങ്ങൾ അതാത് ദിവസം രജിസ്റ്റർ ചെയ്താണ് ക്യാമ്പുകളിലേക്കാവശ്യമായ ഭക്ഷണ സാധനങ്ങളടക്കം തയ്യാറാക്കുന്നതും. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്നാണ് സമാനതകളില്ലാത്ത ദുരന്തത്തെ ജില്ലയ്ക്ക് അഭിമുഖികരിക്കേണ്ടി വന്നത്. ഒരോ ദിവസവും, മഴ തോരട്ടെ എന്ന പ്രാർത്ഥനയിലാണ് ക്യാമ്പിലുള്ള ഓരോരുത്തരുടെയും വാക്കുകളിൽ. ക്യാമ്പുകളിൽ നിന്നും മഴമാറി തിരിച്ചു പോകുന്നവരെ ഏറ്റവും അനുയോജ്യമായ രീതിയിൽ പുനരധിവസിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടവും.   
ഇൻഷൂറൻസ് തുക വിതരണം
എൽഐസി നോഡൽ ഓഫീസറെ നിയമിച്ചു
കൽപ്പറ്റ
കാലവർഷക്കെടുതിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ഗുരുതരമായി അംഗവൈകല്യം സംഭവിച്ചവർക്കും ഇൻഷൂറൻസ് തുക വിതരണം ചെയ്യുന്നത് വേഗത്തിലാക്കാൻ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ്  ഇന്ത്യ (എൽഐസി) ജില്ലയിൽ പ്രത്യേകം നോഡൽ ഓഫീസറെ നിയമിച്ചു. കൽപ്പറ്റ ബ്രാഞ്ച് മാനേജർ പി സി ബാബുവിനെയാണ്  ഇതിനായി ചുമതലപ്പെടുത്തിയത്. ഫോൺ.9496220783.
പ്രധാന വാർത്തകൾ
 Top