25 July Sunday

നൂറുദിനം: ലൈഫിൽ 500ലധികം വീടുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021
കൽപ്പറ്റ ‌
എൽഡിഎഫ്‌  സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ലൈഫിൽ ജില്ലയിൽ സെപ്‌തംബറിനകം പൂർത്തിയാവുക അഞ്ഞൂറിലധികം വീടുകൾ. ആദിവാസികളുടേതുൾപ്പടെയുള്ള വീടുകൾ വിവിധ പഞ്ചായത്തുകളിലായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്‌. മേൽക്കൂരവരെയെത്തിയതും ലിൻഡൽ പൊക്കത്തിലെത്തിയതുമായ വീടുകളാണ്‌ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിക്കുക. ലോക്‌ഡൗണും നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവും ലൈഫ്‌ ഉൾപ്പെടെയുള്ള ജില്ലയിലെ  നിർമാണത്തിന്‌ തടസ്സമായിരുന്നു. എന്നാൽ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി  സാങ്കേതികതടസ്സങ്ങൾ മറികടന്ന്‌ ഭവനങ്ങൾ നിർമിക്കുമെന്ന്‌ അധികൃതർ പറഞ്ഞു. 
    ജില്ലയിൽ ലൈഫ്‌ ഭവനപദ്ധതിയിലൂടെ ജീവിതം കെട്ടിപ്പടുത്തത്‌ ആയിരങ്ങളാണ്‌.  ജില്ലയിലെ പാവപ്പെട്ടവർക്കായി  17,721 ഭവനങ്ങളാണ്‌ ഇതിനകം ഉയർന്നത്‌.  സംസ്ഥാന സർക്കാരിന്റെ കരുതലിൽ ലഭിച്ച വീടിന്റെ ആശ്വാസത്തണലിലാണ്‌ ആയിരങ്ങളുടെ ‘ലൈഫ്‌'. 
   ജില്ലയിൽ ആദിവാസി കോളനികളിൽ മാത്രം ഏഴായിരത്തിലധികം വീടുകൾ  ഇതിനകം പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 8440 വീടുകളും രണ്ടാം ഘട്ടത്തിൽ 3528 വീടുകളും മൂന്നാം ഘട്ടത്തിൽ 178 വീടുകളും പൂർത്തിയായി. കൂടാതെ വിവിധ ഘട്ടങ്ങളിലായി പിഎംവൈ അർബൻ, റൂറൽ വിഭാഗങ്ങളിലായി 3366 വീടുകൾ പൂർത്തിയാക്കി. എസ്‌സി വകുപ്പിന്‌ കീഴിൽ മാത്രം 1073 വീടും എസ്‌ടി വകുപ്പിന്‌ കീഴിൽ 918 വീടും പൂർത്തിയാക്കി. 
    പൂതാടിയിൽ പഞ്ചായത്തിലെ 43.19 സെന്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാർപ്പിട യൂണിറ്റുകൾ നിർമാണത്തിലേക്ക്‌ കടക്കുകയാണ്‌.  6.62 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം. 
ഓരോ ഫ്ലാറ്റിലും രണ്ട് ബെഡ്റൂമുകൾ, ഹാൾ, അടുക്കള, ടോയ്‌ലറ്റ്, ബാൽക്കണി എന്നിവ ഒരുക്കും.  6.62 കോടി രൂപയാണ് പ്രവൃത്തിയുടെ അടങ്കൽ തുക. നൂറുദിന പദ്ധതിയിലല്ലെങ്കിലും കോവിഡ്‌ രണ്ടാം തരംഗത്തെ തുടർന്ന്‌ തടസ്സം നേരിട്ട പദ്ധതിയും  ഉടൻ പൂർത്തിയാക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top