23 October Wednesday

പെയ്യാൻ മടിച്ച‌് കാലവർഷം; കർഷകർ ആശങ്കയിൽ

സ്വന്തം ലേഖകൻUpdated: Wednesday Jun 19, 2019

പുൽപ്പള്ളി> കാലവർഷം ഒളിച്ചുകളിക്കുമ്പോൾ കർഷകർ  ആശങ്കയിൽ. കഴിഞ്ഞ വർഷം മഹാപ്രളയത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക‌് ഇപ്പോൾ മഴക്കുറവാണ‌് പ്രതിസന്ധി സൃഷ‌്ടിക്കുന്നത‌്. നെൽകർഷകർ മഴക്കായി കാത്തിരിക്കുകയാണ‌്. വിത്തിടാൻ വയലൊരുക്കണമെങ്കിൽ മഴ ലഭിക്കണം. ചിലയിടങ്ങളിൽ ഇതിനകം വിത്തിട്ടെങ്കിലും മഴക്കുറവിൽ പാടം വരളുകയാണ‌്. മറ്റിടങ്ങളിൽനിന്നും വെള്ളം 

തോടുവഴി തിരിച്ചുകൊണ്ടുവന്നാണ‌് വിത്തിട്ടവർ ഞാറ‌് ഉണങ്ങാതെ കാക്കുന്നത‌്. വയനാട്ടിലെ വലിയ പാടശേഖരങ്ങളിൽ ഒന്നായ കൊളവള്ളിയിലെ നെൽവയലുകൾ ഇതുവരെ കൃഷിക്ക‌് സജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തുകൂടി ഒഴുകുന്ന കബനി  ശുഷ‌്ക്കമാണ‌്. 
 
കുരുമുളക്, കാപ്പി, തെങ്ങ് എന്നിവക്കെല്ലാം വളമിടണമെങ്കിൽ ഇപ്പോൾ മഴ ലഭിക്കണം.  ഇടവിളകളായ ചേന, കപ്പ, ഇഞ്ചി എന്നിവക്ക‌് വളം നൽകാനും സാധിക്കുന്നില്ല.  പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ കർഷകർ ഏറെ ആശങ്കയിലാണ‌്.  ഈ മേഖലയിൽ വേനൽ മഴ തരക്കേടില്ലാത്ത ലഭിച്ചതിനാലാണ‌് വരൾച്ചയിൽനിന്നും രക്ഷപ്പെട്ടത‌്.  എങ്കിലും തോടുകൾ നിറയുകയോ ഉറവ പൊട്ടുകയോ ചെയ‌്തിട്ടില്ല.
 
കുറച്ചുവർഷങ്ങളായി വേനൽക്കാലങ്ങളിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ അതിരൂക്ഷമായ വരൾച്ചയാണ‌് അഭിമുഖീകരിച്ചിരുന്നത‌്. കുടിവെള്ളത്തിനും ക്ഷാമമാകും.  മുൻവർഷങ്ങളെ അപേക്ഷിച്ച‌്  ഇത്തവണ വരൾച്ച കുറവായിരുന്നു. ഇതിന്റെ തുടർച്ചയായി കാലവർഷവും നന്നായി ലഭിക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത‌്. എന്നാൽ മഴ മടിച്ചുനിൽക്കുകയാണ‌്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top