27 May Wednesday

- ജില്ലയിൽ അഞ്ച്‌ കെയർ സെന്ററുകൾ പഴുതടച്ച്‌ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 

കൽപ്പറ്റ
കോവിഡ്‌–-19 ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ അഞ്ച്‌ കോവിഡ്‌–-19 കെയർ സെന്ററുകൾ ആരംഭിക്കും. നിലവിലുള്ള ആശുപത്രി സംവിധാനങ്ങൾക്ക്‌ പുറമെയാണ്‌ പുതിയ സെന്ററുകൾ. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കർലാട് തടാകം, പ്രിയദർശിനി എസ്റ്റേറ്റ്, ഡിടിപിസിയുടെ തിരുനെല്ലി, മീനങ്ങാടി ഹോസ്‌റ്റൽ സെന്ററുകൾ എന്നിവിടങ്ങളിലാണ് സെന്ററുകൾ  സജ്ജീകരിക്കുക. 
ഒറ്റപ്പെട്ട്‌ പോവുന്ന  വിദേശികൾക്ക്‌ താമസിക്കാനും നിരീക്ഷണത്തിൽ കഴിയാനും സൗകര്യമൊരുക്കുമെന്ന്‌ കലക്ടർ പറഞ്ഞു.   രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ആയുർവേദം, യുനാനി, ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ചികിത്സ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമായിരിക്കും. 
അതിഥി തൊഴിലാളികൾ താമസിക്കുന്ന 35 ക്യാമ്പുകളിലായി 608 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. തൊഴിലാളി നേതാക്കളെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച്‌ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്‌. ജനമൈത്രി പൊലീസും ആരോഗ്യ വകുപ്പിന്റെ പാലിയേറ്റീവ് വളണ്ടിയർമാരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സന്ദർശിക്കുന്നുണ്ട്. അതിർത്തിയിൽ ബുധനാഴ്‌ച 2084 വാഹനങ്ങൾ പരിശോധിച്ചു. 
വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്‌ നടപടികൾ ശക്തമാക്കും. അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാരെ ആരോഗ്യ വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായി വിന്യസിക്കും. 
ആരാധന: പരമാവധി 20 പേർ
കൽപ്പറ്റ
ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 ആയി ചുരുക്കാൻ  മത സമുദായ സംഘടനാ നേതാക്കൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ അദീല അബ്ദുള്ള പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവർ ഒരുമീറ്റർ അകലം പാലിക്കണം. 
52 പേർ കൂടി നിരീക്ഷണത്തിൽ
കൽപ്പറ്റ
കോവിഡ്‌-19  പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ  52 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം   398 പേരായി. ബുധനാഴ്ച രണ്ട് സാമ്പിളുകൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതുവരെ അയച്ച 26 സാമ്പിളുകളിൽ 13 പേരുടെ ഫലം നെഗറ്റീവ് ആണ്. 13 പേരുടെ ഫലം ലഭിക്കാനുണ്ട്.
പിന്തുണയുമായി                                       മത സംഘടനകളും
കൽപ്പറ്റ
പ്രതിരോധപ്രവർത്തനങ്ങളിൽ സജീവ സഹകരമുണ്ടാവുമെന്ന്‌ മത, സാമുദായിക സംഘടനകളുടെ ഉറപ്പ്‌. ഇക്കാര്യത്തിൽ സർക്കാറിന്റെയും ജില്ലാ അധികൃതരുടെയും   തീരുമാനങ്ങൾക്കും നിർദേശങ്ങൾക്കുമൊപ്പം നിൽക്കും.   മത–-സാമുദായിക സംഘടന നേതാക്കളുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിന്‌  ശേഷമാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം തടയുന്നതിന്  മത, സാമുദായിക സംഘടനകളുടെ കാര്യമായ ഇടപെടൽ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അവശ്യപ്പെട്ടിരുന്നു. 
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻകരുതൽ നടപടികൾ ജാഗ്രതയോടെ നിർവഹിക്കണമെന്ന് ജില്ലാ അധികൃതർക്ക്‌ മുഖ്യമന്ത്രി  നിർദേശം നൽകി. 
ഉത്സവങ്ങൾ,  ഉറൂസുകൾ, പെരുന്നാളുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കിയതായി മത സംഘടനാ നേതാക്കൾ കലക്ടറെ അറിയിച്ചു. വ്യാജപ്രചരണങ്ങൾ നടത്തുന്നവരുടെയും വിവരങ്ങൾ പൊലിസിന്റെ 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന്‌ യോഗത്തിൽ ജില്ലാ പൊലീസ്‌ മേധാവി ആർ ഇളങ്കോ അറിയിച്ചു.
വള്ളിയൂർക്കാവ് ഭാരവാഹികൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം
കൽപ്പറ്റ
ജില്ലയുടെ  ദേശീയ ഉത്സവമായ വള്ളിയൂർക്കാവ് ആറാട്ടുത്സവം ചടങ്ങുകൾ മാത്രമായി നിജപ്പെടുത്തിയ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.  കോവിഡ്‌ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സമുദായിക സംഘടനകളുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ക്ഷേത്ര ഭരണസമിതിയെയും ആഘോഷകമ്മിറ്റിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചത്‌. വർഷങ്ങളായി മുടക്കമില്ലാതെ നടന്നുവരുന്നതാണ് വള്ളിയൂർക്കാവ് മഹോത്സവം.  ഇതിനെ കൈയ്യടിച്ച് അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന് തന്നെ  മാതൃകയാണ്‌ ഈ നടപടി–- മുഖ്യമന്ത്രി പറഞ്ഞു.  ജാതി മത ഭേദമന്യേ ഏവരും പങ്കെടുക്കുന്ന 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് വള്ളിയൂർക്കാവിലേത്. മറ്റു ജില്ലകളിൽനിന്നും  ഉത്സവത്തിന് നിരവധിയാളുകൾ എത്താറുണ്ട്. 
 
പ്രധാന വാർത്തകൾ
 Top