29 May Friday

നിരീക്ഷണത്തിലും ഈ കുടുംബം ഹാപ്പിയാണ്‌

വി ജെ വർഗീസ‌്Updated: Thursday Mar 19, 2020

 

 
 
കൽപ്പറ്റ
വിവാഹത്തിനായിട്ടായിരുന്നു നിധിൻ റോമിൽനിന്നും  വിമാനം കയറിയത്‌. നാട്ടിലെത്തിയാൽ ചെയ്‌ത്‌ തീർക്കേണ്ട കാര്യങ്ങളായിരുന്നു ആകാശപറക്കലിലും മനസ് നിറയെ. ഏപ്രിൽ 30ലെ കല്യാണത്തിന്‌ ഒരുപാട്‌ ഒരുക്കങ്ങൾ വേണമായിരുന്നു. എട്ടിന്‌ രാത്രി നെടുമ്പാശേരി എയർപോട്ടിൽ ഇറങ്ങി നേരെപോയത്‌ കോവിഡ്‌ നിരീക്ഷണ ഡെസ്‌ക്കിലേക്ക്‌. വിവാഹത്തിരക്കുണ്ടെങ്കിലും മഹാമാരിക്കെതിരെയുള്ള  സർക്കാരിന്റെ പ്രോട്ടോക്കോൾ പാലിക്കണമെന്ന്‌ നിർബന്ധമുണ്ടായിരുന്നു.
ഈ സമയം മകനെ പിതാവ്‌ ബത്തേരി മലങ്കര പാത്തിക്കൽ വർഗീസും അമ്മ ലില്ലിയും വിമാനത്താവളത്തിന്‌ പുറത്ത്‌ കാത്ത്‌ നിൽപ്പുണ്ടായിരുന്നു. കാറിൽ കയറും മുമ്പേ വയനാട്ടിൽനിന്നും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ വിളി നിധിന്റെ ഫോണിലേക്കെത്തി. വീട്ടിലെത്തിയാൽ 14 ദിവസം നിരീക്ഷണത്തിലിരിക്കണമെന്നായിരുന്നു നിർദേശം. ആദ്യമൊന്ന്‌ പകച്ചെങ്കിലും കോവിഡിനെതിരെയുള്ള നാടിന്റെ പേരാട്ടത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. യാത്രയിൽ ഭക്ഷണംകഴിക്കാൻപോലും ഇറങ്ങിയില്ല. ഒമ്പതിന്‌ രാവിലെ വീട്ടിലെത്തുമ്പോൾ മുറ്റത്ത്‌  ഹെൽത്ത്‌ ഇൻസ്‌പെക്ടർ കാത്ത്‌ നിൽക്കുന്നു. നിധിനൊപ്പം യാത്രചെയ്‌ത വർഗീസും ലില്ലിയും നിരീക്ഷണത്തിലിരിക്കമെന്നായി. 
പപ്പയും മമ്മിയും മകനും 10ദിവസമായി വീട്ടിനുള്ളിൽ കഴിയുകയാണ്‌. പലചരക്ക്‌ കച്ചവടം നടത്തുന്ന വർഗീസ്‌ കട അടച്ചിട്ടാണ്‌ രോഗത്തിനെതിരെ പ്രതിരോധം തീർക്കുന്നത്‌. തിരക്കുകൾ ഏറെയുണ്ടെങ്കിലും തങ്ങൾമൂലം നാട്ടിലൊരാൾക്കും ബുദ്ധിമുണ്ടാകരുതെന്ന്‌ ഇവർ ഉറപ്പിച്ചു.
 ‘ഇടക്കിടെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ വിളിച്ച്‌ വിവരങ്ങൾ അന്വേഷിക്കും.  ഒരുചുമപോലും മൂന്നാൾക്കുമില്ല, എന്നാലും അവർ വിളിച്ചുകൊണ്ടിരിക്കും. രോഗത്തിനെതിരെയുള്ള ജാഗ്രത അത്രക്കുണ്ട്‌’. കോവിഡിനെതിരെയുള്ള സർക്കാരിന്റെ പഴുതില്ലാത്ത പ്രതിരോധത്തിന്‌ നിധിൻ നൂറ്‌ മാർക്ക്‌ നൽകുകയാണ്‌.  കുടുംബം ഒന്നാകെ നിരീക്ഷണത്തിൽ കഴിയുമ്പോഴും നാട്ടിലെ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ മനോവിഷമമുണ്ട്‌. നിധിനെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ്‌ പ്രചരിപ്പിച്ചത്‌. ഇത്‌ വിശ്വസിച്ച്‌ നിരവധിപേർ ഫോണിൽ ബന്ധപ്പെട്ടു. വ്യാജപ്രചാരണങ്ങൾ കോവിഡ്‌ പ്രതിരോധം ദുർബലമാക്കുമെന്ന്‌ നിധിൻ പറയുന്നു. റോമിൽ എംബിഎ പഠനം പൂർത്തിയാക്കി ജോലിചെയ്യുമ്പോഴാണ്‌ വിവാഹത്തിനായി നാട്ടിലെത്തിയത്‌. നിശ്ചയിച്ച തിയതിയിൽ ലളിതമായി വിവാഹം നടത്തണമെന്നാണ്‌ തീരുമാനം.  നാല്‌ ദിവസം കഴിഞ്ഞാൽ നിരീക്ഷണ കാലാവധി കഴിയും. എന്നിട്ടേ പുറത്തിറങ്ങുവെന്ന്‌ കുടുംബം ഉറപ്പിച്ച്‌ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top