30 May Saturday
വയനാട്‌ മെഡിക്കൽ കോളേജ്‌

ഡിപിആർ തയ്യാറാക്കാൻ വിദഗ്‌ധസംഘമെത്തി

സ്വന്തം ലേഖകൻUpdated: Thursday Mar 19, 2020
 
കൽപ്പറ്റ
ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിന്‌ ഡിപിആർ തയ്യാറാക്കുന്നതിന്‌ വിദഗ്‌ധസംഘം ചുണ്ടേലിലെ നിർദിഷ്ട മെഡിക്കൽ കോളേജ്‌ ഭൂമിയിൽ പരിശോധന നടത്തി. പദ്ധതിയുടെ എസ്‌പിവി(സ്‌പെഷ്യൽ പർപ്പസ്‌ വെഹിക്കൾ) വാപ്‌ക്കോസിന്റെ ഉന്നത അധികൃതരും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്ലാനിങ് ഒാഫീസറുമടങ്ങുന്ന സംഘമാണ്‌ പരിശോധനക്കെത്തിയത്‌. ഏപ്രിൽ ആദ്യത്തോടെ ഡിപിആർ(ഡീറ്റെയിൽഡ്‌ പ്രോജക്ട്‌ റിപ്പോർട്ട്‌) തയ്യാറാക്കി നൽകാനാണ്‌ വാപ്‌ക്കോസിന്‌ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള നിർദേശം. 
ടീം ലീഡർ കെ എ അബ്ദുൾലത്തീഫിന്റെയും  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്ലാനിങ് ഒാഫീസർ പി വി കുഞ്ഞിമുഹമ്മദിന്റെയും നേതൃത്വത്തിലുള്ള സംഘം ബുധനാഴ്‌ച്ച രാവിലെ 9.30ഓടെയാണ്‌ ചുണ്ടേലിലെ ഭൂമിയിൽ എത്തിയത്‌.  സി കെ ശശീന്ദ്രൻ എംഎൽഎയും കലക്ടർ ഡോ. അദീല അബ്ദുള്ളയും ഒപ്പമുണ്ടായിരുന്നു. സംഘത്തിനോട്‌ ഭൂമിസംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്‌തു.  പകൽരണ്ടുവരെ സ്ഥലം നടന്നുകണ്ടു. പരിസ്ഥിതി സൗഹൃദ നിർമാണത്തിനുള്ള പ്രൊജക്ട്‌ റിപ്പോർട്ടാണ്‌ തയ്യാറാക്കുക. കല്ലും മണലും പരമാവധി കുറച്ച്‌ സ്‌റ്റീൽ ഉപേേയാഗിച്ചുള്ള നിർമാണത്തിനായിരിക്കും മുൻഗണന. മരങ്ങളും പരമാവധി നിലനിർത്തും. ഡിപിആർ തയ്യാറാക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാത പഠനവും നടത്തും. കോഴിക്കോട്‌ എൻഐടി ആണ്‌ പാരിസ്ഥിതക പഠനവും മണ്ണ്‌ പരിശോധനയും നടത്തുന്നത്‌. ഭൂമി ഏറ്റെടുക്കുന്നതിന്റെ അവശേഷിക്കുന്ന നടപടികൾ സർക്കാർ ഉടൻ പൂർത്തിയാക്കും. 
ദേശീയപാതയോട്‌ ചേർന്ന്‌ ചേലോട്‌ എസ്‌റ്റേറ്റിലെ 56 ഏക്കറാണ്‌ മെഡിക്കൽ കോളേജിനായി കണ്ടെത്തിയത്‌. നാല്‌ വശത്തുനിന്നും ഇവിടേക്ക്‌ റോഡുണ്ട്‌.  മെയിൽ മെഡിക്കൽ കോളേജ്‌ നിർമാണം ആരംഭിക്കാനാണ്‌ സർക്കാർ നീക്കം.  12.90 കോടി  പ്രാഥമിക നിർമാണ പ്രവൃത്തികൾക്കായി നേരത്തേ വകയിരുത്തിയിട്ടുണ്ട്‌. 
 വാപ്‌കോസ്‌ സീനിയർ എൻജിനിയർ സി കെ ലബീബ്‌, ചീഫ്‌ ആർക്കിടെക്ട്‌ രവികുമാർ,  പ്രൊജക്ട്‌ പ്രൊമോഷൻ ഓഫീസർ രഘുനന്ദൻ കണ്ണിയത്ത്‌, എൻജിനിയർ കെ പി പ്രശാന്ത്‌, സൈറ്റ്‌ എൻജിനിയർ അമൽകൃഷ്‌ണ, ലാൻഡ്‌ സ്‌കേപ്പ്‌ എൻജിനിയർ ആതിര അജിത്ത്‌, അർബൻ ഡിസൈനർ ഷൈൻ അലക്‌സ്‌ മാണി എന്നിവരും സ്ഥലപരിശോധനക്കുണ്ടായിരുന്നു. ആരോഗ്യകേരളം ഡിപിഎം ഡോ. ബി അഭിലാഷ്‌, വൈത്തിരി തഹസിൽദാർ ഹാരിസ്‌, എം ജനാർദനൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top