03 April Friday
ദേശീയ പാതയിലെ യാത്രാ നിരോധനം

അഭിപ്രായങ്ങളും വിയോജിപ്പും ഐ സി ബാലകൃഷ്‌ണൻ പറഞ്ഞില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

 

കൽപ്പറ്റ
ദേശീയപാത എൻഎച്ച്‌ 766 ഗതാഗത സംരക്ഷണ കർമസമിതിയിൽനിന്നുമുള്ള ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ രാജി ദൗർഭാഗ്യകരമാണെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ കർമസമിതിയിൽനിന്നും രാജിവച്ചത്‌ ദേശീയപാതയിൽ യാത്ര നിരോധിക്കണമെന്ന്‌ പറയുന്നവർക്ക്‌ ശക്തി പകരലാണ്‌.  സുപ്രീം കോടതിയിൽ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം തയ്യാറാക്കുന്നതിനായി അഭിപ്രായങ്ങൾ ആരായുന്നതിന്‌ രണ്ടുതവണ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ വിളിച്ചിരുന്നു.  10നും 11നും വിളിച്ചെങ്കിലും അസൗകര്യങ്ങൾ പറഞ്ഞു.  സി കെ ശശീന്ദ്രൻ എംഎൽഎയുമായി ആലോചിച്ച്‌ ചെയ്‌താൽ മതിയെന്നാണ്‌ പറഞ്ഞത്‌. മറ്റ്‌ വിയോജിപ്പുകളൊന്നും പറഞ്ഞില്ല. സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ 14ന്‌ മുമ്പ്‌ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകന്‌ നൽകണമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചചെയ്‌ത്‌ പരിഹരിക്കാവുന്നതേയുള്ളു. യാത്രാ നിരോധന വിഷയത്തിൽ കേരളത്തിന്റെ  ഇടപെടൽ അത്രയും ആത്മാർത്ഥയോടെയാണ്‌. മേൽപ്പാല നിർദേശം വന്നപ്പോൾ സർവാത്മന പിന്തുണച്ചു. പാത നിർമാണത്തിന്‌ ആവശ്യമായ 250 കോടി ബജറ്റിൽ വകയിരുത്തി. മുഖ്യമന്ത്രി ഡൽഹിയിൽപോയി കേന്ദ്രമന്ത്രിമാരടക്കമുള്ളവരോട്‌ സംസാരിച്ചു.  യാത്രാ നിരോധനം നീക്കാൻ വിവിധ കേന്ദ്രമന്ത്രാലയങ്ങളും കർണാടക സർക്കാരുമാണ്‌ അനുകൂല തീരുമാനമെടുക്കേണ്ടത്‌.  കേരളത്തിന്റെ പ്രതിനിധികളുമായി സംസാരിക്കാൻപോലും  കർണാടക തയ്യാറായിട്ടില്ല. ഇതിൽ ഒന്ന്‌ പ്രതിഷേധിക്കുകപോലും ചെയ്യാതെ  ഐ സി ബാലകൃഷ്‌ണൻ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നത്‌ ഖേദകരമാണ്‌. രാത്രി യാത്രാ നിരോധനത്തിനെതിരെ സംസ്ഥാന നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതാണ്‌. അതിന്റെ സ്‌പിരിട്ടിൽവേണം കാര്യങ്ങൾ കാണാൻ. യോജിച്ച പോരാട്ടമാണ്‌ വേണ്ടത്‌. ഇപ്പോഴും അഭ്യർഥിക്കാനുള്ളത്‌ ഒരുമിച്ച്‌ നിൽക്കണമെന്നാണെന്നും മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top