26 February Wednesday

സത്യം തെളിഞ്ഞതിൽ സന്തോഷം

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020
 
ബത്തേരി
മകളുടെ വയസറിയിക്കൽ കല്യാണത്തിന‌് പോയി വന്നശേഷം രാത്രി വീട്ടിൽ വന്ന‌് കിടന്ന മണി തങ്കപ്പൻ ചേട്ടന്റെ വീട്ടിൽ പശുവിനെ കറക്കണമെന്നും അതിനു ശേഷം പുല്ലരിയണമെന്നും പറഞ്ഞാണ‌് പുലർച്ചെ എഴുന്നേറ്റ‌് പോയത‌്. പത്ത‌ുമണിയോടെ തങ്കപ്പൻ ചേട്ടൻ കോളനിയിലെത്തി മണി തൂങ്ങിമരിച്ചതായി അറിയിച്ചപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. സ്ഥലത്ത്‌ എത്തിയപ്പോൾ കവുങ്ങിൻ തോട്ടത്തിൽ കിടന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ ഫ്യൂറഡാന്റെ അംശവും സമീപം അതിന്റെ കുപ്പിയുമുണ്ടായിരുന്നു. എന്നാൽ ഭയം കാരണം ആരോടും ഒന്നും പറഞ്ഞില്ല. 2016 ഏപ്രിൽ നാലിന‌് കേണിച്ചിറ വില്ലേജ‌് ഓഫീസിന‌് സമീപം പത്തിക്കവലയിലെ വെങ്ങലൻകുന്ന‌് തൊടിയിൽ തങ്കപ്പന്റെ വീട്ടുവളപ്പിൽ കൊല്ലപ്പെട്ട ഗോത്രവർഗക്കാരനായ  മണിയുടെ മൂത്ത സഹോദരൻ അതിരാറ്റ‌്പാടി പണിയ കോളനിയിലെ കുട്ടനും ഭാര്യ ലീലയും അനുജൻ ചന്ദ്രനും ഒരേ സ്വരത്തിൽ പറഞ്ഞത‌് സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രതികൾക്ക‌് തക്കതായ ശിക്ഷ ലഭിക്കണമെന്നുമാണ‌്. മദ്യപിക്കുന്ന സ്വഭാവമുണ്ടെങ്കിലും ആരോടും മണി വഴക്കുണ്ടാക്കാറില്ല. കഴിഞ്ഞ പത്ത്‌ കൊല്ലമായി ഭൂവുടമയും പടക്ക വ്യാപാരിയുമായ തങ്കപ്പന്റെ  വീട്ടിലെ കാർഷിക ജോലികൾ ചെയ‌്ത‌് അവിടെ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. വല്ലപ്പോഴും ഇരുനൂറോ മുന്നൂറോ രൂപ മാത്രമാണ‌് കൂലിയായി  നൽകിയത‌്. എന്നാൽ മിക്ക ദിവസങ്ങളിലും മദ്യം നൽകുമായിരുന്നു. നാല‌് കൊല്ലമായി ഭാര്യ തങ്കയുമായി അകന്നു കഴിയുന്ന മണിക്ക‌് മൂന്ന‌് പെൺമക്കളും രണ്ട‌് ആൺമക്കളുമാണ‌് ഇവർ അരിമുള കോളനിയിലാണ‌് താമസം. രണ്ടോ മൂന്നോ ആഴ‌്ച കൂടുമ്പോൾ മാത്രം സ്വന്തം വീട്ടിൽ രാത്രി എത്തുന്ന ഇയാൾ പുലർച്ചെ തന്നെ കാർഷിക ജോലികൾ ചെയ്യാനുണ്ടെന്ന‌് പറഞ്ഞ‌് തിരിച്ചു പോവും. മരണം നടന്നതിന്റെ പിറ്റെ ദിവസം മാത്രമാണ‌് മൃതദേഹം മെഡിക്കൽ കോളേജിൽ നിന്നും പോസ‌്റ്റുമോർട്ടം കഴിഞ്ഞ‌് കോളനിയിൽ എത്തിച്ച‌് സംസ‌്കരിച്ചത‌്. പുലകുളി അടിയന്തരത്തിന‌് സഹായം ചോദിച്ച‌് തങ്കപ്പന്റെ വീട്ടിൽ എത്തിയ 
ചന്ദ്രന‌് 500 രൂപയും ഇയാൾ നൽകി. തോട്ടത്തിലെ ജോലികൾ അധികവും ചെയ്യിച്ചത‌് മണിയെക്കൊണ്ടും നായ‌്ക്ക കോളനിയിലെ കുഞ്ഞിരാമനെക്കൊണ്ടുമാണ‌്. കൊയ‌്ത്തിനും വാരലിനും മാത്രമാണ‌് കോളനിക്കാരെ വിളിക്കുന്നത‌്. മണി മരിച്ച‌് ഒരു മാസം പോലും തികയുന്നതിനിടെയാണ‌് പിന്നീട‌് ജോലിക്ക‌് വന്ന മറ്റൊരാൾ മിഷ്യൻ പുരയിൽ തൂങ്ങിമരിച്ചത‌്. തങ്കപ്പനും മകനും അർഹമായ ശിക്ഷ നൽകുന്നതിനൊപ്പം മണിയുടെ കുടുംബത്തിന‌് സാമ്പത്തിക സഹായം കൊടുപ്പിക്കണമെന്നും ഇവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top