13 November Wednesday

സമ്പുഷ്ട കേരളം പദ്ധതി: പരിശീലനം ദുരിതമായെന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
കൽപ്പറ്റ
സമ്പുഷ്ട കേരളം  പദ്ധതിയുടെ ഭാഗമായിട്ടുള്ള കോമൺ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ (കാസ് )  മൊബൈൽ അപ്ലിക്കേഷൻ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്ന അങ്കണവാടി വർക്കർമാർക്ക്‌   യാത്രപ്പടിയും ഭക്ഷണവും നൽകാത്ത നടപടി  പ്രതിഷേധാർഹമാണെന്ന്‌ അങ്കണവാടി വർക്കേഴ്‌സ്‌ ആന്റ്‌ ഹെൽപേഴ്‌സ്‌ അസോസിയേഷൻ കുറ്റപ്പെടുത്തി. അങ്കണവാടി പ്രവർത്തനങ്ങൾ പൂർണമായും സ്‌മാർട്‌ ഫോൺ വഴി ചെയ്യുന്നതിന്‌ നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത ജീവനക്കാരോട്‌ തികച്ചും വിവേചനപരമായാണ്‌ അധികൃതർ  പെരുമാറിയത്‌.  പലയിടങ്ങളിലും  ഹാൾ  വാടകവരെ ജീവനക്കാരിൽ നിന്നും ഈടാക്കി.  ബുധനാഴ്‌ച പൊഴുതന പഞ്ചായത്ത്‌ ഹാളിലായിരുന്നു  വൈത്തിരി പ്രോജക്ട്‌ പരിശീലനം നടത്താൻ തീരുമാനിച്ചത്‌. മുപ്പൈനാട്‌, മേപ്പാടി,വൈത്തിരി, പൊഴുതന, തരിയോട്‌ പഞ്ചായത്തുകളിൽ നിന്നായി 132 പേരാണ്‌ ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടത്‌.  എന്നാൽ വളരെ ചെറിയ ഹാളായതിനാൽ വൈത്തിരി സർവീസ്‌ സഹകരണബാങ്ക്‌ ഓഡിറ്റോറിയത്തിലേക്ക്‌  പരിശീലനം മാറ്റേണ്ടി വന്നു.
 ഈ ഹാളിന്റെ വാടകയായ 2000 രൂപ  ജീവനക്കാരോട്‌  കൊടുക്കാനായിരുന്നു ഐസിഡിഎസ്‌ അധികൃതരുടെ നിർദേശം. തുച്‌ഛ വേതനത്തിൽ ജോലിയെടുക്കുന്ന അങ്കണവാടി ജീവനക്കാരോടുള്ള   ഏറ്റവും വലിയ നീതികേടാണിത്‌. 
 കാലത്ത്‌ ഒമ്പത്‌ മുതൽ വൈകീട്ട്‌ അഞ്ച്‌ വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന ജീവനക്കാർ  ചായക്കും ഭക്ഷണത്തിനുള്ള പണവും പിരിച്ചെടുക്കുകയായിരുന്നു. സംസ്ഥാനതല പരിശീലനത്തിൽ പങ്കെടുത്തവർക്ക്‌ നൽകിയ ആനുകൂല്യങ്ങൾ താഴേ തട്ടിൽ നിഷേധിക്കപ്പെടുന്നത്‌ ശരിയല്ല.    സ്‌മാർട്‌ ഫോൺ വഴി സർവേ നടത്താനാണ്‌ പരിശീലനം. 20 ദിവസം കൊണ്ട്‌ സർവേ നടപടികൾ പൂർത്തിയാക്കണം. 400 മുതൽ 2000 വരെ വീടുകളിൽ ഒരു വർക്കർ  കയറി ഇറങ്ങണം. പ്രായമായ ജീവനക്കാർക്ക്‌ ഇത്‌ ഏറെ പ്രയാസം ഉണ്ടാക്കുന്നതായും അസോസിയേഷൻ കുറ്റപ്പെടുത്തി.
 
പ്രധാന വാർത്തകൾ
 Top