20 September Friday

അനർഹർ ധനസഹായം തട്ടുന്നത്‌ തടയണം: മന്ത്രി കടന്നപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു

കൽപ്പറ്റ
അർഹരായ  മുഴുവൻപേർക്കും സർക്കാർ സഹായം എത്തിക്കുന്നതിനും അനർഹരായവർ തട്ടിയെടുക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജാഗ്രത പുലർത്തണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  നിർദേശിച്ചു. ക്യാമ്പുകളുടെ നല്ല രീതിയിലുള്ള തുടർ പ്രവർത്തനത്തിന് വകുപ്പുകളുടെയും ജനങ്ങളുടെയും കൂട്ടായ്മ ഉണ്ടാകണം. ജില്ലയിലെ പ്രളയ ദുരന്തം സംബന്ധിച്ച പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സ്ഥലം കണ്ടെത്തിയാൽ നൂറ് ദിവസത്തിനകം വീട് നിർമ്മിച്ചു നൽകുമെന്ന്  ജില്ലാ കലക്ടർ എ ആർ അജയകുമാർ യോഗത്തിൽ അറിയിച്ചു.  നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരിക്കും നിർമാണം.  ജില്ലയിൽ 545 വീടുകൾ തകർന്നുവെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാകുന്നത്.  സുരക്ഷിതമായ വീടുകൾ നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി മുന്നിലുണ്ട്.  ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മുൻകൈ ഉണ്ടാകണം.  കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ച് വാസയോഗ്യമെന്ന് ഉറപ്പുവരുത്തും.  ഭൂമി കണ്ടെത്തുന്നതിന്‌ 19ന് യോഗം ചേരും. പഞ്ചായത്ത്തലത്തിൽ ലഭ്യമാക്കാവുന്ന ഭൂമിയുടെ വിവരം പ്രസിഡന്റുമാർക്ക് യോഗത്തിൽ നിർദ്ദേശിക്കാം. ജില്ലയിൽ 100 വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുമെന്ന് മുൻ എംഎൽഎ എം പി ശ്രേയാംസ്‌കുമാർ യോഗത്തെ അറിയിച്ചു. സ്ഥലം കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെ സഹായമുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 
ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ക്ലാസുകൾ തിങ്കളാഴ്ചയോടെ പുനരാരംഭിക്കും. ക്യാമ്പുകളിൽ നിന്ന് തിരികെ പോകാൻ വീടുകൾ ഇല്ലാത്തവർക്ക് താൽകാലിക താമസ സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തണം.  രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ സാധിക്കുന്ന കെട്ടിടമാണ് കണ്ടെത്തുക. 
സർക്കാർ ധനസഹായം അനുവദിക്കുന്നതിന് അർഹരായവരെ കണ്ടെത്തുന്നതിന് പഞ്ചായത്ത്-വില്ലേജ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തും.  ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ സർക്കാറിലേക്ക് സമർപ്പിക്കും.  അർഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം നേരിട്ട് എത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. 
റോഡുകളുടെ പുനർ നിർമ്മാണത്തിനായി ഒരാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ പൊതുമരാമത്ത്, എൽഎസ്ജിഡി ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി.  യോഗത്തിൽ എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ, പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവിരാമൻ, ജില്ലാ പൊലീസ് മേധാവി ആർ കറപ്പസാമി, എഡിഎം കെ അജീഷ് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top