17 September Tuesday

തെരഞ്ഞെടുപ്പ‌് ഫണ്ട‌് വീതംവയ‌്പ്പ‌്; വയനാട‌് കോൺഗ്രസിൽ വീണ്ടും കലാപം

സ്വന്തം ലേഖികUpdated: Saturday May 18, 2019
കൽപ്പറ്റ> വയനാട‌്  ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച‌്  രൂക്ഷമായ കോൺഗ്രസിലെ കലാപം തെരഞ്ഞെടുപ്പിന‌് ശേഷം കൂടുതൽ ശക്തമാകുന്നു. രാഹുലിന്റെ സ‌്ഥാനാർത്ഥിത്വത്തോടെ തൽക്കാലം പത്തി മടക്കിയ ഗ്രൂപ്പ‌് വൈരവും പോരും പൂർവാധികം ശക്തിയോടെ മടങ്ങി. തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിനായി ഒഴുക്കിയ  കോടികൾ വീതം വെച്ചത‌് സംബന്ധിച്ച തർക്കങ്ങളും നേരത്തെ തന്നെ ഉണ്ടായിരുന്ന ഗ്രൂപ്പ‌് വൈരങ്ങളുമാണ‌്  ഇപ്പോൾ കോൺഗ്രസിനെ കലാപകലുഷിതമാക്കുന്നത‌്.
 
തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌്   ഓരോ ബുത്ത‌് കമ്മറ്റിക്കും 27000 രൂപ വീതമാണ‌് നൽകിയത‌്. കൂടാതെ ആദിവാസി ജനസംഖ്യ കൂടുതലുള്ള ബൂത്തുകൾക്ക‌് 15000 രൂപ വേറെയും നൽകി. എന്നാൽ ഈ പണം വീതം വെച്ചെടുത്തതല്ലാതെ പലയിടങ്ങളിലും പ്രവർത്തനം നടത്തിയില്ല.  തെരഞ്ഞെടുപ്പ‌് കമ്മറ്റികൾ നിഷ‌്ക്രിയമായിരുന്നു.ബോർഡുകളും മറ്റും കേന്ദ്ര തെരഞ്ഞെടുപ്പ‌് കമ്മറ്റി ഓഫീസിൽനിന്നാണ‌് എത്തിച്ചത‌്.    ബോർഡുകളും പോസ‌്റ്ററുകളും എത്താത്ത ഇടങ്ങൾ പോലുമുണ്ടായി. പണം  വാങ്ങിയിട്ടും  പലരും പ്രവർത്തിച്ചില്ല.  മുഖ്യധാര മാധ്യമങ്ങളാണ‌് രാഹുലിനായി കൊണ്ട‌് പിടിച്ച‌് പ്രചാരണം നടത്തിയത‌്.
 
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ എന്ന തരത്തിൽ രാഹുലിന്റെ മൈലേജും നെഹ‌്റു കുടുംബത്തോടുള്ള ആരാധനയും  മാധ്യമങ്ങൾ കൊണ്ടാടിയതാണ‌് തെരഞ്ഞെടുപ്പിൽ   സഹായകരമായതെന്ന‌് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.    ഫണ്ട‌് തട്ടിയെടുക്കാൻ ഉത്സാഹം കാണിച്ച നേതാക്കൾ പ്രചാരണത്തിന‌് വേണ്ടത്ര ശുഷ‌്കാന്തി കാണിച്ചില്ല.   നടക്കാത്ത കുടുംബയോഗങ്ങളുടെ പേരിൽ പോലും പണം തട്ടിയെടുത്തു.   ആരോപണവിധേയരുടെ കൈയിൽ നിന്നും പണം പിരിക്കരുതെന്ന നിർദേശം മറികടന്ന‌് ഇത്തരക്കാരുടെ കൈയിൽ നിന്നും പണം പിരിച്ചു.കേന്ദ്ര സംസ്ഥാന   നേതാക്കൾ പലരും പല തവണ വന്ന‌് പോയെങ്കിലും പ്രവർത്തനങ്ങൾക്ക‌് ഏകോപനമുണ്ടായില്ല.
 
മൂന്ന‌്മണ്ഡലം കമ്മറ്റികൾക്കെതിരെയും ആക്ഷേപം ഉണ്ടെങ്കിലും   കൽപ്പറ്റ മണ്ഡലം കമ്മറ്റിക്കെതിരെയാണ‌് കൂടുതൽ പരാതികൾ.  കെപിസിസി മെമ്പറും  ഐഎൻടിയുസി ജില്ല നേതാവുമായ  തെരഞ്ഞെടുപ്പ‌് കമ്മറ്റി ഭാരവാഹിക്കെതിരെ മണ്ഡലത്തിൽ വൻ പടയൊരുക്കമാണ‌് നടക്കുന്നത‌്.   ഇവിടെ കോളേജധ്യാപകസംഘടനയുടെ ജില്ലാ നേതാവിനായിരുന്നു തെരഞ്ഞെടുപ്പ‌് കമ്മറ്റി ഓഫീസിന്റെ ചുമതല. എന്നാൽ നേതൃത്വവുമായുള്ള തർക്കം രൂക്ഷമായതോടെ  പ്രതിഷേധിച്ച‌് ഇദ്ദേഹം സ്ഥലം വിട്ടു.   നിരീക്ഷകരുടെ റിപോർട‌് പ്രകാരം കേന്ദ്ര നിരീക്ഷകൻ നാച്ചിയപ്പ പലയിടങ്ങളിലും   നേരിട്ട‌് യോഗം വിളിച്ചത‌് സംബന്ധിച്ചും   മണ്ഡലം ഭാരവാഹിയുമായി   വാക്ക‌് തർക്കമുണ്ടായി.
 
ബത്തേരിയി ൽ മുൻ ഡിസിസി പ്രസിഡണ്ട‌് കൂടിയായ നേതാവും നിഷ‌്ക്രിയനായിരുന്നു. കെ സി വേണുഗോപാലിനോട‌് അടുപ്പമുള്ള ഒരു  ഡിസിസി സെക്രട്ടറിയാണ‌് ഇവിടെ കാര്യങ്ങൾ നിയന്ത്രിച്ചത‌് . ഏറെ സാമ്പത്തിക ക്രമക്കേടുകൾക്കും ആരോപണവിധേയനായ ഈ നേതാവിനെതിരെ തെരഞ്ഞെടുപ്പ‌്ഫണ്ട‌് വിനിയോഗം സംബന്ധിച്ചും പരാതികളുണ്ട‌്.  
പല സ്ഥലങ്ങളിലും തർക്കം പരിഹരിക്കാനായി രണ്ട‌് കമ്മറ്റികൾ വരെ ഉണ്ടായി. മാനന്തവാടി നിയേജക മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മറ്റിക്ക‌് രണ്ട‌് ജനറൽ കൺവീനർമാരാണ‌് ഉണ്ടായിരുന്നത‌്. ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഡിസിസി പ്രസിഡണ്ട‌് പരാജയമായിരുന്നു എന്നാണ‌് ആക്ഷേപം. പ്രാദേശിക തർക്കങ്ങളിൽ ഒരു വിഭാഗത്തിന്റെ വക്താവായി ഇദ്ദേഹം പ്രവർത്തിച്ചെന്നും ആക്ഷേപമുണ്ട‌്.
 
രാഹുലിന്റെയും പ്രിയങ്കയുടേയും സന്ദർശനവേളയിൽ പ്രവർത്തകർക്കും നേതാക്കൾക്കും പാസ‌് അനുവദിച്ചത‌് സംബന്ധിച്ചും പരാതി രൂക്ഷമാണ‌്. അർഹരായ പലർക്കും പാസ‌് അനുവദിച്ചപ്പോൾ മുതിർന്ന പ്രവർത്തകരെ തഴഞ്ഞതായാണ‌് പരാതി. 
 തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച‌് ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ‌് സിദ്ദിഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത‌്. അതിൽ പ്രതിഷേധിച്ച ഐ വിഭാഗം തുടക്കം മുതൽ തന്നെ വിട്ട‌് നിന്നു. മത സംഘടനാ ആസ്ഥാനങ്ങളിൽ സിദ്ദിഖ‌് സന്ദർശിച്ചത‌്പോലും ഏകപക്ഷീയമായാണെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്ന‌് രാഹുൽ സ‌്ഥാനാർത്ഥിയായി വന്നതോടെ സിദ്ദിഖിനെ പ്രചാരണ രംഗത്ത‌് നിന്ന‌് മാറ്റി നിർത്തിയതായി എതിർവിഭാഗം ആക്ഷേപിക്കുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ‌് മുമ്പിൽ കണ്ടാണ‌് പല നേതാക്കളും ചരട‌് വലി തുടങ്ങി കഴിഞ്ഞു. കോൺഗ്രസിലെ ദുഷ‌്പ്രവണതകൾക്കെതിരെ    ലീഗ‌് പ്രവർത്തകർക്കിടയിലും മുറുമുറുപ്പുണ്ട‌്.
പ്രധാന വാർത്തകൾ
 Top