17 August Saturday

എകെഎസ് കലാജാഥ പര്യടനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
മാനന്തവാടി
എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ‌് പ്രചരണാർഥം എകെഎസ‌് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലാജാഥ പര്യടനം തുടരുന്നു.   12ന‌് തുടങ്ങിയ ജാഥ 20ന‌് സമാപിക്കും. ആനുകാലിക വിഷയങ്ങൾ ആസ‌്പദമാക്കി ആദിവാസി ഭാഷയിലുള്ള കലാജാഥ കോളനികളിൽ കലാപരിപാടികൾ അവതരിപ്പിച്ച‌് മുന്നേറുകയാണ‌്.  മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പുമെല്ലാം  തുറന്നുകാട്ടുന്നു. കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നയാൾ ഹെലികോപ്ടറിൽ വന്ന് പോകുന്നുവെന്നതിനപ്പുറത്ത‌് ആദിവാസി സമൂഹം മറ്റൊരു പ്രത്യേകതയും കാണുന്നില്ലെന്നും പശുവിന്റെ പേരിൽ ആളുകളെ കൊല്ലുകയും ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുകയുംചെയ്യുന്ന ഭരണം മാറേണ്ടത‌് അനിവാര്യമാണെന്നും സംഗീത ശിൽപ്പത്തിൽ  പറഞ്ഞുവക്കുന്നു.
കൂലിപ്പണിയെടുത്ത് കിട്ടിയ പണം  ബാങ്കിൽനിന്നും  പലവിധത്തിൽ നഷ്ടപ്പെട്ട് പോകുമ്പോഴുണ്ടാകുന്ന ആദിവാസികളുടെ നിസഹായതയും തുറന്ന് കാണിക്കുന്നു. തെരഞ്ഞെടുപ്പ‌് കാലത്ത‌് മാത്രം പുഞ്ചിരി തൂകി കൈയ്യിൽ  മദ്യവുമായി വരുന്ന കള്ളക്കൂട്ടങ്ങളെ  തിരിച്ചറിയണമെന്നും പ്രളയത്തിലും ദുരന്തത്തിലും കൈവിടാതെ സംരക്ഷിച്ച ഇടത്പക്ഷത്തോടൊപ്പം നിൽക്കണമെന്നും പറഞ്ഞാണ‌് സംഗീതശിൽപ്പം അവസാനിക്കുന്നത‌്.   
നേര‌് നാടക വേദിയുടെ ആഭിമുഖ്യത്തിലാണ‌് അവതരണം. കെ ബാലന്റേതാണ‌് രചന.   വയനാട് പാർലമെന്റ‌് മണ്ഡലത്തിലെ  ഏഴ് നിയോജക മണ്ഡലങ്ങളിലൂടെയും കലാജാഥ പര്യടനം നടത്തും. പാരമ്പര്യ ആദിവാസി ഗീതങ്ങളും നാടൻ പാട്ടുകളുമെല്ലാം അടങ്ങിയ കലാജാഥ  കോളനികളിൽ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട‌്.  കഴിഞ്ഞ ദിവസം ചെതലയം, പൂവഞ്ചി, മൂലങ്കാവ‌് തേലമ്പറ്റ, നൂൽപ്പുഴ കോളൂർ, ചുള്ളിയോട‌് അമ്പലക്കുന്ന‌്, അമ്പലവയൽ അടിവാരം കോളനികളിൽ പര്യടനം നടത്തി.
 
പ്രധാന വാർത്തകൾ
 Top