19 May Thursday
ഒമിക്രോണ്‍: ജാഗ്രത വേണം-

രോഗ ലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ കഴിയണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
 
കൽപ്പറ്റ
ജില്ലയിൽ ഒമിക്രോൺ ഉൾപ്പെടെ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ  അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. കെ സക്കീന ആവശ്യപ്പെട്ടു. ജില്ലയിൽ ഒമിക്രോൺ കേസുകൾ അഞ്ചായി. പ്രതിദിന കോവിഡ് കേസുകൾ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. ആൾക്കൂട്ടങ്ങൾ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കണം. പനിയും മറ്റ് രോഗലക്ഷണങ്ങളുമുള്ളവർ മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗമുള്ളവർ മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും ഡി എം ഒ വ്യക്തമാക്കി.
 
ഒമിക്രോണിന് ചെറിയ ഇൻകുബേഷൻ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങളില്ലാതെയും ഒമിക്രോൺ വൻതോതിൽ പടരാം. അതിനാൽ എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോൺ വ്യാപിക്കാൻ സാധ്യതയുണ്ട്. നിശ്ശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം.
കോവിഡ് കേസുകൾ കൂടുകയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാൽ വാക്സിനെടുക്കാനുള്ളവർ എത്രയും വേഗം വാക്സിൻ എടുക്കേണ്ടതാണ്. ആരിൽ നിന്നും ആരിലേക്കും ഒമിക്രോൺ ഉൾപ്പെടെയുള്ള കോവിഡ് വരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകൾ ഉണ്ടായാൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവർത്തകർക്കും ഒരുമിച്ച് രോഗം വരാതിരിക്കാൻ കരുതൽ വേണം. നമ്മുടെ ആരോഗ്യ സംവിധാനത്തിനപ്പുറത്തേക്ക് കോവിഡ് കേസുകൾ പോകാതിരിക്കാൻ എല്ലാവരും പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
 
അനുബന്ധ രോഗങ്ങളുള്ളവർ ജില്ലയിൽ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ രോഗ നിയന്ത്രണം ഉറപ്പ് വരുത്തണം. പ്രായമായവർക്കും ഗുരുതര രോഗമുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും കോവിഡ് ബാധിച്ചാൽ ഗുരുതരമാകും. അതിനാൽ കഴിവതും യാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദർശനം പരമാവധി കുറച്ച് ഇ-സഞ്ജീവനി സേവനങ്ങൾ പ്രയോജനപ്പെടുത്തുക. ഒരിക്കൽ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്സിൻ എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കൽ വന്നവർക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിങ്‌ മാളുകളിലും പോകുന്നവർ കൃത്യമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ജില്ലയിൽ നിലനിൽക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നൽകണമെന്നും ഡി എം ഒ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top