25 February Thursday

കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളിയുടെ മരണം കുടുംബത്തിന്‌ 11 ലക്ഷം നൽകും

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

 

മേപ്പാടി
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചെമ്പ്ര ഫാത്തിമാഫാംസ്‌ തൊഴിലാളി പാർവതിയുടെ കുടുംബത്തിന്‌ 11‌ ലക്ഷം രൂപയും ആശ്രിതന്‌ ജോലിയും നൽകും.  പ്രദേശത്ത്‌ കാട്ടാനശല്യം കുറക്കുന്നതിന്‌ കൂടുതൽ നടപടി സ്വീകരിക്കാനും നാട്ടുകാരുമായി വനം–-റവന്യു അധികൃതർ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം . ഈ ആവശ്യങ്ങളുന്നയിച്ച്‌  ‌ പ്രദേശവാസികൾ കുന്നമ്പറ്റയിൽ റോഡ്‌ ഉപരോധിച്ചിരുന്നു.
ഡിസംബർ 30നായിരുന്നു പാർവതി അടങ്ങുന്ന തൊഴിലാളികൾക്ക്‌ നേരെ കാട്ടാനയുടെ അക്രമമുണ്ടായത്‌. ജോലി കഴിഞ്ഞ്‌ മടങ്ങുമ്പോൾ കൂട്ടമുണ്ട എസ്‌റ്റേറ്റ്‌ വഴിയിലായിരുന്നു സംഭവം. കാട്ടാനയെ കണ്ട്‌ മറ്റുള്ളവർ ചിതറിയോടിയെങ്കിലും  തുമ്പികൈകൊണ്ടുള്ള അടിയേറ്റ്‌ പാർവതി നിലത്തുവീണു.  തൊഴിലാളികൾ ബഹളം വെച്ചതോടെ ‌ കാട്ടാന പിന്മാറി. സാരമായി പരിക്കേറ്റ്‌ പാർവതിയെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  അവിടെ ചികിത്സയിലായിരുന്നു. 
ഈ പ്രദേശത്ത്‌ കാട്ടാന ശല്യം രൂക്ഷമാണ്‌. മിക്ക ദിവസങ്ങളിലും കാട്ടാനകൂട്ടം കൃഷിയിടങ്ങളിലെത്തും.   സമീപത്തെ ചില എസ്‌റ്റേറ്റകൾ കാട്‌ മൂടിക്കിടക്കുന്ന  അവസ്ഥയിലാണ്‌. ഇവിടങ്ങളിലാണ്‌ കാട്ടാനകൾ തമ്പടിക്കുന്നത്‌.  ഈ കാട്‌ വെട്ടിമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തഹസിൽദാർ കെ  ഹാരിസ്‌, മേപ്പാടി റെയിഞ്ച്‌ ഓഫീസർ എം കെ സമീർ തുടങ്ങിയവർ സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു. വനംവകുപ്പ്‌ പത്ത്‌ ലക്ഷം രൂപയും ഇൻഷൂറൻസ്‌ തുക ഒരു ലക്ഷവും കുടുംബത്തിന്‌ നൽകും. പാർവതിയുടെ മകന്‌ വനംവകുപ്പിൽ വാച്ചർജോലി നൽകാമെന്നും ചർച്ചയിൽ ഉറപ്പ്‌ നൽകി. കൂടുതൽ സഹായം ലഭിക്കാനുള്ള സാധ്യത ആരായും. വനാതിർത്തികളിൽ  ക്രാഷ്‌ ഫെൻസിങ്‌ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. ഇതിന്‌ പുറമെ സി കെ ശശീന്ദ്രൻ എംഎൽഎയുടെ ഫണ്ടിൽനിന്നും 30 കോടി  രൂപകൂടി ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top