12 December Thursday

ചന്ദ്രയാൻ പുനരാവിഷ്‌കരിച്ച്‌ ലിറ്റിൽ കൈറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
കൽപ്പറ്റ
ചന്ദ്രയാൻ ദൗത്യത്തിന്റെ ഉള്ളറകളിലുടെ സഞ്ചരിക്കുന്ന          പ്രോഗ്രാമിങ്ങുമായി ലിറ്റിൽ കൈറ്റ്‌ ഉപജില്ലാ ക്യാമ്പുകൾക്ക്‌ തുടക്കം.  വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഗെയിമുകൾ  തയ്യാറാക്കിയാണ്‌ ക്യാമ്പുകൾ പുരോഗമിക്കുന്നത്‌.  ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ഘട്ടങ്ങൾ, ക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൽ, സോഫ്റ്റ്‍ലാൻഡിങ്‌, അപ്രതീക്ഷിത തിരിച്ചടി എന്നിവയെല്ലാം വിശകലനം ചെയ്യുന്നരീതിയിലാണ്‌  കംപ്യൂട്ടർ ഗെയിമും, വിഷ്വൽ പ്രോഗ്രാമിങ്ങും കുട്ടികൾ തയ്യാറാക്കുന്നത്‌.   ഇതോടൊപ്പം ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകളും  തയ്യാറാക്കുന്നുണ്ട്‌.  ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്‌സ് സോഫ്റ്റ്‌വെയറായ ‘ആപ്പ് ഇൻവെന്റർ' ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, ടോർച്ച് ആപ്പ് എന്നിവയുടെ നിർമാണം,  ത്രീഡി അനിമേഷൻ സോഫ്റ്റ്‍‌‌വെയറായ ബ്ലെൻഡർ, ടുഡി അനിമേഷൻ സോഫ്റ്റ്‍‌‌വെയറായ ടുപിട്യൂബ് ഡെസ്‌ക്‌ എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമാണവും  ദ്വിദിന പരിശീലന ക്യാമ്പിൽ നടക്കും.  പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗപ്പെടുത്തിയാണ് പരിശീലനവും പ്രവർത്തനങ്ങളും. വൈത്തിരി ഉപജില്ലാ ക്യാമ്പ്‌ എസ്‌കെഎംജെ എച്ച്‌എസ്‌എസ്‌ കൽപ്പറ്റയിലും ബത്തേരി ഉപജില്ലാ ക്യാമ്പ്‌ പുൽപ്പള്ളി വിജയഹയർസെക്കൻഡറിയിലും മാനന്തവാടി ഉപജില്ലാ ക്യാമ്പ്‌ ഫാ. ജികെഎംഎച്ച്‌എസ്‌എസിലുമാണ്‌ നടക്കുന്നത്‌. സ്കൂൾതല ക്യാമ്പിൽനിന്ന് തെരഞ്ഞെടുത്ത 600 കുട്ടികളാണ്‌  ഉപജില്ലാ ക്യാമ്പിൽ പങ്കാളികളാകുന്നത്‌.   ഒരു യൂണിറ്റിൽനിന്ന് പ്രോഗ്രാമിങ്ങിനും അനിമേഷനും നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഓരോ ക്യാമ്പിലും ആദ്യബാച്ചിൽ 50 കുട്ടികൾ വീതമാണുള്ളത്‌.  22നും ഡിസംബർ ഏഴിനും  ബാക്കിയുള്ള കുട്ടികൾക്കായി   ക്യാമ്പ്‌ ഒരുക്കും. എസ്‌കെഎംജെ സ്‌കൂളിൽ നടന്ന ക്യാമ്പിന്‌ അധ്യാപകരായ കെ കെ സുരേഷ്‌, സി ഹസീന, ടി സുധ, എൻ ടി രാജീവൻ, സനൽകുമാർ എന്നിവർ നേതൃത്വം നൽകി. കൈറ്റ്‌ ജില്ലാ കോ–-ഓർഡിനേറ്റർ വി ജെ തോമസ്‌ സംസാരിച്ചു. ജില്ലയിൽ 76 സ്‍കൂളുകളിൽ  ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുണ്ട്‌.  2178 അംഗങ്ങളാണുള്ളത്. 
 
പ്രധാന വാർത്തകൾ
 Top