20 November Wednesday
22ന്‌ മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും

‘ജീവനം’ പദ്ധതിക്ക്‌ 19ന്‌ തുടക്കമാവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കൽപ്പറ്റ
ജില്ലയിലെ വൃക്കരോഗികളെ സഹായിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ‘ജീവനം’ പദ്ധതിയുടെ ഉദ്‌ഘാടനം 22ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ശൈലജ നിർവഹിക്കും. ഡയാലിസിസ് രോഗികൾക്ക് മാസത്തിൽ 3000 രൂപ നൽകുന്ന ഈ  പദ്ധതിക്ക് തുടക്കമായതായി ജില്ലാപഞ്ചയാത്ത് പ്രസിഡന്റ് കെ ബി നസീമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 392 രോഗികൾക്ക് 19ന് തുക അവരവരുടെ അകൗണ്ടിലേക്ക്‌ കൈമാറും. ഒരുകോടി 63 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. 70 ലക്ഷം പൊതുജനങ്ങളിൽ നിന്നാണ് സമാഹരിക്കുന്നത്.  52 ലക്ഷം രൂപ വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നുമൊക്കെയായി ലഭിച്ചു.  പ്രവാസികൾ മുതൽ സ്കൂൾ വിദ്യാർഥികൾ വരെ പദ്ധതിയുമായി സഹകരിച്ചിട്ടുണ്ട്. ദമാം കെ എം സി സി 5 ലക്ഷം രൂപ പദ്ധതിയിലേക്ക് അടുത്ത ദിവസം നൽകും. ജില്ലാ പഞ്ചായത്ത് 2019–--20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കുന്നത്. 
ഒരുമാസം 12 ലക്ഷം രൂപയാണ് പദ്ധതിയിലേക്ക് ആവശ്യം. ഡയാലിസിസ് ചെയ്തുവരുന്നതായി മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കുന്ന ആർക്കും പദ്ധതിയിൽ അംഗമാകാം.  ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ പ്രഭാകരൻ, ഡിഎംഒ ആർ രേണുക, വിദ്യാഭ്യാസ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എ ദേവകി, ജില്ലാ പഞ്ചായത്തംഗം കെ മിനി എന്നിവരും പങ്കെടുത്തു.
 
ഫണ്ട് സമാഹരിച്ച് 
നൽകിയവരെ 
ആദരിക്കും
കൽപ്പറ്റ
ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജീവനം പദ്ധതിയിലേക്ക് ഒക്ടോബർ 20 വരെ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ച് നൽകുന്നവരെ ആദരിക്കും.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവരെ 22 ന് കൽപ്പറ്റയിൽ  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ നടക്കുന്ന   ജീവനം പദ്ധതിയുടെ ഉദ്ഘാടന  ചടങ്ങിലാണ്‌ ആദരിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top