23 November Saturday
എട്ടേക്കർ തോട്ടം തരിശായി

പശുവളർത്തലിൽ അഭയംതേടി മാതൃകാ കർഷകൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

ചെറിയമ്പനാട്ട്‌ സെബാസ്‌റ്റ്യൻ തൊഴുത്തിൽ പശുക്കളോടൊപ്പം

 
സ്വന്തം ലേഖിക
പുൽപ്പള്ളി
കുരുമുളകും കാപ്പിയും  സമൃദ്ധമായി  വിളഞ്ഞിരുന്ന മാതൃകാ കൃഷിയിടം ഇന്ന്‌  കാർഷിക പ്രതിസന്ധിയുടെ ദുരന്ത സ്‌മാരകം. മണ്ണിൽ പൊന്ന്‌ വിളയിച്ചതിന്‌ അവാർഡുകൾ വാരികൂട്ടിയ കർഷകൻ  ഉപജീവനം നടത്തുന്നത്‌ പാൽ കറന്ന്‌ വിറ്റ്‌.  മുള്ളൻകൊല്ലി പഞ്ചായത്തിലെ സേവ്യംകൊല്ലി ചെറിയമ്പനാട്ട്‌ സെബാസ്‌റ്റ്യനാണ്‌ കൃഷി നഷ്‌ടമായതോടെ ക്ഷീര മേഖലയിലേക്ക്‌ തിരിഞ്ഞത്‌.   ഇറക്കുമതി നിർലോഭം പരിപോഷിപ്പിച്ച്‌ കാർഷികമേഖലയെ തകർത്ത്‌  തരിപ്പണമാക്കിയ  കേന്ദ്രസർക്കാരിന്റെ തെറ്റായ   സാമ്പത്തിക നയങ്ങളുടെ ഒരു ബലിയാട്‌ മാത്രമാണ്‌ സെബാസ്‌റ്റ്യൻ. ഒരു കാലത്ത്‌ കാർഷിക സമൃദ്ധി ഫലം ചുരത്തി മിനി ദുബായിയായി അറിയപ്പെട്ട  പുൽപ്പള്ളി മുള്ളൻകൊല്ലി  പഞ്ചായത്തിലെ നിരവധി കർഷകർ ദാരിദ്ര്യത്തിന്റെ പടുകുഴിലായപ്പോഴാണ്‌ പശുക്കളെ വളർത്തി ഇദ്ദേഹം  കാർഷിക പ്രതിസന്ധിയെ  അതിജീവിക്കുന്നത്‌.
കേന്ദ്രസർക്കാർ ആസിയാൻ കരാറിൽ ഒപ്പിട്ടതോടെയാണ്‌   പ്രതിസന്ധി ഇത്രയും  രൂക്ഷമായതെന്ന്‌ ഇദ്ദേഹം പറയുന്നു. 2003മുതൽക്കുണ്ടായ വരൾച്ചയും കാലാവസ്ഥ വ്യതിയാനവും തകർച്ചയുടെ ആക്കം വർധിപ്പിച്ചു. മൂവാറ്റ്‌പുഴയിൽ നിന്നാണ്‌ ഇദ്ദേഹത്തിന്റെ കുടുംബം വർഷങ്ങൾക്ക്‌ മുമ്പ്‌ കുടിയേറിയത്‌. തന്റെ ചെറുപ്പകാലത്ത്‌ 100 ക്വിന്റൽ കുരുമുളക്‌ വരെ കിട്ടിയതായി അദ്ദേഹം പറയുന്നു. ഇപ്പോൾ എട്ടേക്കർ വരുന്ന കൃഷിയിടത്തിൽ നിന്ന്‌  വീട്ടാവശ്യത്തിന്‌ പോലും  തികയുന്നില്ല. 
ആസിയാൻ കരാറിൽ ഒപ്പിട്ടതോടെ  ശ്രീലങ്കയിൽ നിന്നും മറ്റും  ഗുണനിലവാരവും  വിലയും  കുറഞ്ഞ കുരുമുളക്‌ യഥേഷ്‌ടം വിപണിയിലെത്തിയതോടെയാണ്‌ ഇന്ത്യൻ കുരുമുളക്‌ കർഷകർക്ക്‌ കഷ്‌ടകാലം തുടങ്ങിയതെന്ന്‌ അദ്ദേഹം പറയുന്നു.  ഉൽപ്പാദന ചെലവും വിളനാശവും കൂടി ആയതോടെ കർഷകർ നഷ്‌ടത്തിലേക്ക്‌ കൂപ്പ്‌ കുത്തി.    ആട്‌ , കോഴി, താറാവ്‌, മുയൽ തുടങ്ങി തുടങ്ങി എല്ലാ കൃഷികളും അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ ഇടവിളകളായി എല്ലാ തരത്തിലുള്ള വിളകളും കൃഷി ചെയ്‌തിരുന്നു. എന്നാൽ എല്ലാ  കൃഷികളും പൂർണമായും നശിച്ചു. കഴിഞ്ഞ വർഷം 3000 കുരുമുളക്‌ തൈകൾ നട്ടതിൽ ആറ്‌ എണ്ണം മാത്രമാണ്‌ ബാക്കിയായതെന്ന്‌ അദ്ദേഹം പറയുന്നു 
അതിജീവിച്ചത്‌ 
പശു വളർത്തലിലൂടെ
വലിയ പ്രതിസന്ധികളെ സെബാസ്‌റ്റ്യൻ വിജയകരമായി അതിജീവിച്ചത്‌ ക്ഷീര കൃഷിയിലൂടെയാണ്‌.  40 പശുക്കളാണ്‌ സെബാസ്‌റ്റ്യന്റെ തൊഴുത്തിലുള്ളത്‌. അതിൽ 20 പശുക്കളെ കറക്കുന്നുണ്ട്‌. 200 ലിറ്റർ പാലാണ്‌ ദിവസേന അളക്കുന്നത്‌. 6000 രൂപ ദിവസ വരുമാനമുണ്ട്‌. കാലിതീറ്റ, കറവക്കൂലി, മറ്റ്‌ ചെലവുകൾ  എന്നിവ കഴിച്ചാൽ കിട്ടുന്ന പണം കൊണ്ടാണ്‌ നിത്യ ചെലവുകൾ.  മക്കളെ പഠിപ്പിച്ച വകയിലുള്ള  കടങ്ങളും വീട്ടിവരുന്നു.

 

പ്രധാന വാർത്തകൾ
 Top