05 August Wednesday

പ്രകൃതി സംരക്ഷണ സമിതിക്കെതിരെ നിയമനടപടി സ്വീകരിക്കും: കർമസമിതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കൽപ്പറ്റ
ദേശീയപാത 766ലെ യാത്രാനിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന ബഹുജന പ്രക്ഷോഭത്തെ  കള്ളക്കടത്തുകാരുടെയും മനോരോഗികളുടെയും കൂട്ടമായി ചിത്രീകരിച്ച വയനാട്‌ പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌  ദേശീയാപാത ഗതാഗത സംരക്ഷണ കർമസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  പരിസ്ഥിതി സംരക്ഷണത്തിന്‌ എന്ന മറവിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സമഗ്ര  അന്വേഷണം വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യയിലെ രണ്ട്‌ പ്രധാന നഗരങ്ങളായ കൊച്ചിയെയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഏറെ പ്രധാന്യമുള്ള പാതയാണ്‌ എൻഎച്ച്‌ 766. ഈ പാതയിൽ പത്ത്‌ വർഷമായി രാത്രിയാത്രാ നിരോധനമാണ്‌.  കർണാടക ഹൈക്കോടതിയുടെ വിവധിക്കെതിരെ കേരള സർക്കാർ നൽകിയ അപ്പീൽ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ്‌ ഈ പാത പകൽ കൂടി അടക്കുന്നതിലെ സാധ്യത കോടതി തേടുന്നത്‌.
ബത്തേരിയിലെ സമര പന്തലിലേക്ക്‌ പതിനായിരങ്ങളാണ്‌ നിത്യവും എത്തിയത്‌. രണ്ട്‌ ലക്ഷത്തോളം പേർ സമരത്തിൽ പങ്കാളികളായി. ഒരു ദിവസം പോലും സമരം അക്രമത്തിലേക്ക്‌ നീങ്ങിയിട്ടില്ല.  പ്രശ്‌നത്തിൽ അനുഭാവപൂർണമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ കേന്ദ്ര സർക്കാരും പ്രക്ഷോഭത്തിൽ കേരള നിയമസഭയും സർക്കാരും ഒപ്പമുണ്ടെന്ന്‌ കേരള മന്ത്രിമാരും  ഉറപ്പ്‌ നൽകിയ പശ്‌ചാത്തലത്തിലാണ്‌ സമരം നിർത്തിയത്‌. ഇതിനെയാണ്‌ ഹിസ്‌റ്റീരിയ ബാധിച്ചവരുടെ സമരമായി പ്രകൃതി സംരക്ഷണ സമിതി ചിത്രീകരിക്കുന്നത്‌. 
വയനാടൻ ജനതയെ ഉന്മാദം നിറഞ്ഞ ആൾക്കുട്ടമായി ആക്ഷേപിക്കുന്ന ഇവർ വന്യമൃഗ സംരക്ഷണത്തിന്‌ വേണ്ടി എന്ത്‌ പങ്കാണ്‌ നിർവഹിച്ചതെന്നും വ്യക്തമാക്കണം.  ദേശീയപാത പൂർണമായും അടക്കുന്ന അന്തരീക്ഷം ഉണ്ടായാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. 50ഓളം കടുവാസങ്കേതങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളൊന്നും അടക്കാതിരിക്കുമ്പോഴാണ്‌ ഈ റോഡ്‌ മാത്രം അടക്കുന്നത്‌. കള്ളക്കടത്തുകാരുടെ പിടിയിലാണ്‌ ആക്ഷൻ കമ്മിറ്റി എന്ന്‌ ആക്ഷേപിച്ചവർ ഇത്‌ തെളിയിക്കാൻ തയ്യാറാവണം.  പകൽ അടക്കുന്നതിന്‌ തങ്ങൾ അനുകൂലമല്ലെന്ന്‌ പ്രകൃതി സംരക്ഷണ സമിതി പറയുമ്പോൾ തന്നെ ഇതിനായുള്ള ശ്രമങ്ങളാണ്‌ ഇവരുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ നടത്തുന്നത്‌.  നാടിനെ പിന്നോട്ടടിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ഇവരെ സംബന്ധിച്ച്‌ ശക്തമായ  അന്വേഷണം വേണം.
വാർത്താസമ്മേളനത്തിൽ ജനറൽ  കൺവീനർ സുരേഷ്‌താളൂർ, വിജയൻ ചെറുകര, എൻ എം വിജയൻ, പി പി അയൂബ്‌, ടി എസ്‌ ജോർജ്‌ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top