18 October Friday

കാർബൺ ന്യൂട്രലാകാൻ ജില്ല

സ്വന്തം ലേഖികUpdated: Tuesday Sep 17, 2019
കൽപ്പറ്റ
കാർബൺ ന്യൂട്രൽ പദ്ധതി ജില്ല മുഴുവൻ  വ്യാപിപ്പിക്കുന്നതിന്റെ  ഔപചാരിക ഉദ്‌ഘാടനം ജനുവരിയിൽ നടത്തുമെന്ന്‌ മന്ത്രി ഡോ. ടി എം തോമസ്‌ ഐസക്‌ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മീനങ്ങാടി പഞ്ചായത്തിൽ  ഹരിതോത്സവത്തിൽ പദ്ധതി ഉദ്‌ഘാടനം ചെയ്യും.  ഇപ്പോൾ മീനങ്ങാടി പഞ്ചായത്ത്‌ മാതൃകാപരമായി നടപ്പാക്കുന്ന പദ്ധതിയിൽ പങ്കാളികളാകാൻ മറ്റ്‌ പഞ്ചായത്തുകളും സന്നദ്ധരായിട്ടുണ്ട്‌.  ഈ മാസം തന്നെ ജില്ലയിലെ ജനപ്രതിനിധികളുടെ  യോഗം വിളിച്ച്‌  കാർബൺ ന്യൂട്രൽ പദ്ധതി വിശദീകരിക്കും. 
പദ്ധതിയിൽ പങ്കാളികളാകുന്ന എല്ലാ പഞ്ചായത്തുകളിൽ നിന്നും അഞ്ചുവീതം റിസോഴ്‌സ്‌ പേഴ്‌സൺമാരായി തെരഞ്ഞെടുത്ത്‌   പരിശീലനം നൽകും. ഒക്‌ടോബർ രണ്ടാംവാരം  എല്ലാ പഞ്ചായത്തുകളും കാർബൺ ബഹിർഗമനം സംബന്ധിച്ച്‌   വിവരശേഖരണം ആരംഭിക്കും.  നവംബറിൽ   ഓരോ മേഖലയിലും എത്രമാത്രം കാർബൺ ബഹിർഗമനം നടക്കുന്നുവെന്ന്‌ കണക്കാക്കും.  
എല്ലാ പഞ്ചായത്തുകളും പദ്ധതിരേഖ തയ്യാറാക്കുമ്പോൾ  ഓരോ മേഖലയിലും  കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള  പദ്ധതികൾ ഉൾപ്പെടുത്തണം.  ഡിസംബറിൽ  ജില്ല   പദ്ധതി അംഗീകരിച്ച്‌ കഴിഞ്ഞാൽ ജനുവരി ആദ്യവാരം മീനങ്ങാടിയിൽ ഹരിതോത്സവം നടത്തും.  മരം നട്ട്‌ പിടിപ്പിച്ചവർക്ക്‌  സർക്കാർ പ്രഖ്യാപിച്ച വായ്‌പ പദ്ധതി ഉദ്‌ഘാടനം ചടങ്ങിൽ നിർവഹിക്കും. മരം നട്ട്‌ മൂന്ന്‌ വർഷം കഴിയുമ്പോൾ മരം നിലനിൽക്കുന്നുണ്ടെങ്കിൽ വർഷം തോറും 50 രൂപ വായ്‌പ കിട്ടുന്നതാണ്‌ പദ്ധതി. മരം മുറിക്കുമ്പോൾ മരത്തിന്റെ വിലയിൽ നിന്ന്‌ ബാങ്ക്‌ വായ്‌പയും പലിശയും തിരിച്ചടക്കണം.
 ഈ മരങ്ങൾ കാപ്പി ബ്രാൻഡ്‌ ചെയ്യുന്നതിന്‌ സഹാകരമാകും.  വൃക്ഷത്തണലിൽ വളരുന്ന കാർബൺ ന്യൂട്രൽ കാപ്പിക്ക്‌ മികച്ച ഡിമാൻഡുണ്ടെന്നും  ജില്ല പൂർണമായും കാർബൺ ന്യൂട്രലാകാൻ നാല്‌–-അഞ്ച്‌ വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top