25 August Sunday

ജന്മനാടിന്റെ കണ്ണീരൊപ്പാൻ വാ‌ട‌്സ‌ാപ‌് കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

 

 
കൽപ്പറ്റ
ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച‌്   മണലാരണ്യത്തിൽ വിയർപ്പൊഴുക്കുമ്പോഴും ജന്മനാടിന്റെ കണ്ണീരൊപ്പാൻ ഒരു സംഘം  പ്രവാസികൾ. പൊഴുതനയിലെ പ്രവാസികൾ ചേർന്ന‌് രൂപീകരിച്ച ‘ പ്രവാസി  സഖാക്കൾ  വാട‌്സ‌ാപ‌് കൂട്ടായ‌്മയായാണ‌്   നാടിന്റെ  മുറിവുണക്കാൻ കർമനിരതരാകുന്നത‌്. പൊഴുതനയിൽനിന്നും ഉപജീവനം തേടി അന്യരാജ്യങ്ങളിലെത്തിയർ ചേർന്ന‌് ഉണ്ടാക്കിയ വാട‌്സ‌് ആപ‌് കൂട്ടായ‌്മയാണിത‌്. സൗദി, ബഹ‌്റൈൻ, കുവൈത്ത‌്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന  105 പേരാണ‌്  കൂട്ടായ‌്മയിലുള്ളത‌്. പൊഴുതനയിലും സമീപ പ്രദേശങ്ങളിലും  കഴിഞ്ഞ ഒന്നര വർഷമായി നിരവധി സാമുഹ്യ സേവന പ്രവർത്തനങ്ങളാണ‌് ഈ കൂട്ടായ‌്മ നിർവഹിച്ച‌് വരുന്നത‌്.
പൊഴുതന പഞ്ചായത്തിലെ ചാലിൽതൊടി വീട്ടിൽ സഞ‌്ജയ‌്, സഹോദരൻ അക്ഷയ‌് എന്നിവരുടെ  കടബാധ്യത തീർക്കാൻ ഈ കൂട്ടായ‌്മ 
55000 രൂപയാണ‌് നൽകിയത‌്. വീട‌് അറ്റകുറ്റപണിക്കായി  ഇവരുടെ അമ്മ സൂര്യറാണി രണ്ട‌്  ലക്ഷം രൂപ 2015ൽ   വൈത്തിരി കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വായ‌്പ എടുത്തിരുന്നു. 2017ൽ സൂര്യറാണിയും ഭർത്താവ‌് സതീഷും മരിച്ചു. തുടർന്ന‌്   പ്ലസ‌് ടുവിലും ഹൈസ‌്കൂളിലും പഠിക്കുന്ന  കുട്ടികളുടെ ചുമലിൽ ഈ ബാധ്യത വീണതോടെയാണ‌്   വായ‌്പ നടപടി തീർക്കാൻ ബാങ്ക‌്  ഇടപെടലുകൾ നടത്തിയത‌്.   സംസ്ഥാന സർക്കാർ  റിസ‌്ക‌് ഫണ്ടിൽനിന്നും 1,50,000 രൂപ അനുവദിച്ചു. കൂടാതെ ബാങ്ക‌്  72,929 രൂപ ഇളവ‌് നൽകി. 55,000 രൂപ  പ്രവാസി സഖാക്കൾ കൂട്ടായ‌്മയയും നൽകിയതോടെ കുട്ടികളുടെ ബാധ്യത അവസാനിപ്പിച്ച‌് രേഖ തിരികെ നൽകി. ചികിത്സ സഹായം നൽകിയും പ്രളയപുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയും സാമൂഹ്യസേവന രംഗത്ത‌് ഈ സംഘടന മാതൃകയാണ‌്.
 33000 രൂപ ചികിത്സ സഹായം ലഭിച്ച ലൂയിസും 10000 രൂപ ലഭിച്ച പറക്കുന്നിലെ ഷാജഹാനും   13000 രൂപ ധനസഹായം ലഭിച്ച അച്ചൂർ നാലാം നമ്പറിലെ   ഹസ്സനും സംഘടനയുടെ കാരുണ്യത്തിന്റെ കൈയൊപ്പ‌് ലഭിച്ചവരിൽ ചിലർ. ക്യാൻസർ രോഗബാധിതയായ മറ്റൊരു യുവതിയുടെ  ചികിൽത്സക്ക‌്    50000 രൂപ നൽകി.
നിർധനരായ രണ്ട‌്   യുവാക്കളുടെ വിവാഹം നടത്തി കൊടുക്കാൻ  55000 രൂപ വീതം നൽകിയതും   ദുരിതാശ്വാസ പ്രവർത്തനത്തിന് 50000 രൂപയുടെ അരി വിതരണം ചെയ‌്തതും   എല്ലാ പ്രവാസികളുടെയും വീട്ടിൽ  ദുരിതാശ്വാസ കിറ്റുകൾ എത്തിച്ചും കൂട്ടായ‌്മ സാമൂഹ്യസേവന രംഗത്ത‌് നിരന്തര ഇടപെടലുകൾ നടത്തിവരുന്നു.  കൂടാതെ    18 കുടുംബങ്ങൾക്കായി   200500 രൂപ   ദുരിതാശ്വാസ തുകയും സംഘടന വിതരണം  ചെയ‌്തു. കലാകായിക മേഖലയിലും കൂട്ടായ‌്മ ഇടപെടൽ നടത്തി വരുന്നു.     പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചെന്നൈ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന  ലോട്ടസ് ലോഞ്ച് എക്സോട്ടിക്ക് ജേർണി യുമായി ചേർന്ന് ഏകദേശം 75 ലക്ഷം  രൂപയുടെ ഭക്ഷണക്കിറ്റുകളും  വിതരണം ചെയ‌്തിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top