22 August Thursday

പരാധീനതകളെ അതിജീവിച്ച‌് നൂറ‌് മേനി വൈത്തിരിയിലെ ജേതാക്കൾക്ക‌് നാടിന്റെ ആദരം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
കൽപ്പറ്റ
എസ‌്എസ‌്എൽസി പരീക്ഷയിൽ നൂറ‌് ശതമാനം വിജയം നേടിയ വൈത്തിരി ഗവ. ഹയർസെക്കൻഡറി സ‌്കൂളിന‌് നാടിന്റെ ആദരം. പ്രതിസന്ധികളെ മറികടന്ന‌്   പരീക്ഷയെഴുതിയ 92 വിദ്യാർഥികളും വിജയം കൈവരിച്ചാണ‌് നാടിന്റെ അഭിമാനമായി സ‌്കൂൾ മാറിയത‌്.
1982–-83 ൽ ആരംഭിച്ച എസ‌്എസ‌്എൽസി ബാച്ചിൽ ആദ്യമായാണ‌് നൂറ‌് ശതമാനം വിജയം കൈവരിച്ചത‌്. 21 പട്ടികവർഗ വിദ്യാർഥികളും 24 പട്ടികജാതി വിദ്യാർഥികളും  ഉൾപ്പെടെയുള്ളവരാണ‌് ഇത്തവണ പരീക്ഷയെഴുതിയത‌്.   അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തര ശ്രമഫലമാണ‌് ഇത്തരമൊരു വിജയത്തിന‌് പിന്നിൽ.  കുറഞ്ഞ നിരക്കിൽ ഓടുന്ന സ‌്കൂൾ ബസും സ‌്കൂളിലെ പ്രത്യേകതയായിരുന്നു. ദൂരവും വന്യമൃഗ ശല്യവും കാരണം വൈകി വീട്ടിൽ  പോകാനാവാത്ത കുട്ടികളെ പരീക്ഷയുടെ അടുത്ത ദിവസങ്ങളിൽ സ‌്കൂളിൽ തന്നെ താമസിപ്പിച്ച‌് പഠിപ്പിച്ചതും നേട്ടമായി. 
വിദ്യാർഥികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ‌് സ്വീകരിച്ചത‌്. ടൗണിൽ ചേർന്ന യോഗം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു.  പഞ്ചായത്ത‌്  പ്രസിഡന്റ‌് വി ഉഷാകുമാരി അധ്യക്ഷയായി. ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് ഉഷാതമ്പി, ജില്ലാ പഞ്ചായത്ത‌് അംഗം പി എൻ വിമല, യു സി ഗോപി, എം വി വിജേഷ‌്, സലീം മേമന, മണികണ‌്ഠൻ, പ്രസാദ‌്,   ഡോളി,  ഷൈനി ഉദയകുമാർ, ഷൈനി സഫിയ, എ എ വർഗീസ‌്, എം ജനാർദനൻ, കൃഷ‌്ണൻ, സി വി വർഗീസ‌്, ടി കെ ഉമ്മർ, അംബിക, സുബൈർ, എസ‌് ചിത്രകുമാർ, ഹർഷമാലതി എന്നിവർ സംസാരിച്ചു.  പി അനിൽകുമാർ സ്വാഗതവും എം എം ഗണേഷ‌് നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top