03 April Friday

ഇവിടെ കൃഷിഭവനും ചന്തയാണ്‌

വി ജെ വർഗീസ്‌Updated: Monday Feb 17, 2020
തലപ്പുഴ
തിങ്കളാഴ്‌ച്ചകളിൽ തവിഞ്ഞാൽ കൃഷിഭവനിൽ എത്തിയാൽ ആദ്യമൊന്ന്‌ അമ്പരക്കും. സർക്കാർ ഓഫീസോ, അതോ അങ്ങാടി ചന്തയോയെന്ന്‌ സംശയിക്കും. മത്തനും കുമ്പളവും തലയിലേറ്റി വീട്ടമ്മമാരും കോഴിമുട്ടകളുമായി സ്‌കൂൾ വിദ്യാർഥികളും വാഴക്കുല ചുമലിലേറ്റി കർഷകരും വരുന്നുണ്ടാവും. ചാക്കുനിറയെ പയറുമായി വേറെ കൂട്ടവുമുണ്ടാകും. സമയം ഒമ്പതാകുമ്പോഴേക്കും മറ്റുചിലരെത്തും. സുരക്ഷിത പച്ചക്കറികൾ വാങ്ങാനാണിവരുടെ വരവ്‌. പിന്നീട്‌ ചന്ത തുടങ്ങുകയായി. ഉൽപ്പന്നങ്ങൾ ചൂടപ്പംപോലെ വിറ്റഴിയും. തീരുമുമ്പ്‌  വാങ്ങാൻ ആളുകൾ മത്സരിക്കും. എല്ലാ തിങ്കളാഴ്‌ച്ചകളിലും  സംസ്ഥാന കൃഷി വകുപ്പിന്റെ ആഴ്‌ചച്ചന്തയാണ്‌  ഈ കൃഷി ഭവൻ.
കഴിഞ്ഞ രണ്ട്‌ വർഷമായി തവിഞ്ഞാലിൽ ചന്ത സജീവമാണ്‌.
അടുക്കള തോട്ടത്തിലെ പച്ചക്കറികൾ സ്വന്തം ആവശ്യം കഴിഞ്ഞ്‌ ബാക്കിയുള്ളതാണ്‌ വീട്ടമ്മമാരുൾപ്പെടെയുള്ളവർ ചന്തയിൽ വിൽപ്പന നടത്തുന്നത്‌. അടുക്കള കൃഷിക്കൊപ്പം ഇവർ വരുമാനവും കണ്ടെത്തുകയാണ്‌. വിപുലമായി കൃഷി ചെയ്യുന്നരും ഉൽപ്പന്നങ്ങൾ കെണ്ടുവരുന്നുണ്ട്‌. കർഷകർക്ക്‌ വിപണി വിലയേക്കാൾ കൂടുതൽ നൽകി ഉൽപ്പന്നങ്ങൾ വാങ്ങി ആവശ്യക്കാർക്ക്‌ കുറഞ്ഞ വിലക്ക്‌ നൽകുകയാണ്‌. പച്ചക്കറികൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർക്ക്‌ ഒരുപോലെ സഹായകകരമാകുകയാണ്‌  ഈ സർക്കാർ പദ്ധതി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുഷ സുരേന്ദ്രൻ ചെയർപേഴ്‌സനും കൃഷി ഓഫീസർ കെ ജി സുനിൽ കൺവീനറുമായ സമിതിക്കാണ്‌ ചന്തയുടെ നിയന്ത്രണം. നടത്തിപ്പിനായി മൂന്ന്‌ കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത്‌ നിശ്‌ചയിച്ച്‌ നൽകിയിട്ടുണ്ട്‌. കൃഷി അസിസ്‌റ്റന്റ്‌ അഷറഫ്‌ വലിയ പീടികയിലും അസിസ്‌റ്റന്റ്‌ കൃഷി ഓഫീസർ കെ ജി റെജിയും മേൽനോട്ടത്തിനുണ്ട്‌. പച്ചക്കറികൾക്കൊപ്പം കോഴിമുട്ട, കുത്തരി, തേങ്ങ, കപ്പ, ചേന, ചേമ്പ്‌ തുടങ്ങിയവയും വിൽപ്പനക്കുണ്ടാകും.
 ഉച്ചയോടെ മുഴുവൻ സാധനങ്ങളും വിറ്റഴിയും. തദ്ദേശിയമായി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളായതിനാൽ കീടനാശിനുടെയും രാസവളത്തിന്റെയും അളവ്‌ കുറവായിരിക്കും. അതിനാൽ ആവശ്യക്കാരും ഏറെയാണ്‌. ആഴ്‌ചച്ചന്ത തുടങ്ങാൻ ഒരുലക്ഷം രൂപയാണ്‌ കൃഷി വകുപ്പ്‌ അനുവദിച്ചത്‌. തുടക്കത്തിൽ വാളാടായിരുന്നു ചന്ത. വിൽപ്പനക്കാരും ആവശ്യക്കാരും കുറവായതിനാൽ  തലപ്പുഴയിലെ കൃഷിഭവനിലേക്ക്‌ മാറ്റിയതാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top