24 June Monday

ബിഗ്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019
വയനാടിന്റെ എല്ലാ വഴികളും ശനിയാഴ‌്ച ലക്കിടിയിലേക്കായിരുന്നു. രാവിലെ മുതൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വസന്തകുമാറിന്റെ വീട്ടിലേക്കും ലക്കിടി ഗവ. എൽപി സ‌്കൂളിലേക്കും എത്തിതുടങ്ങിയിരുന്നു. മരണം മരവിപ്പ‌് വിതച്ചിട്ട വീട്ടിലേക്ക‌് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈനും ഉൾപ്പെടെയുള്ളവർ എത്തി. മകൻ നഷ്ടപ്പെട്ട വേദനയിൽ വിലപിക്കുന്ന അമ്മ ശാന്തയെയും പ്രിയതമന്റെ വേർപാട‌് തകർത്തുകളഞ്ഞ ഭാര്യ ഷീനയെയും മരണത്തിന്റെ ആഴം എന്തെന്ന‌് ഇനിയും മനസിലാകാത്ത മക്കളെയും ആശ്വസിപ്പിക്കാനാകാതെ വന്നവരെല്ലാം കുഴങ്ങി.
സംസ‌്കാരം നിശ‌്ചയിച്ച തൃക്കേപ്പറ്റയിലെ വാഴക്കണ്ടി കോളനിയിലെ തറവാട‌് വീടും പരിസരവും ആളുകളെക്കൊണ്ട‌് നിറഞ്ഞിരുന്നു. വസന്തകുമാറിനെ അടുത്തറിയുന്നവരുടെ മുഖത്തെല്ലാം വേർപാട‌് സമ്മാനിച്ച വേദന കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ചുരം കയറിയെത്തുമ്പോൾ തന്നെ വസന്തകുമാറിന്റെ ചിത്രം പതിപ്പിച്ച ആദരാഞ‌്ജലി ബോർഡുകൾ നിറഞ്ഞിരുന്നു. പാതയോരങ്ങളിലെല്ലാം ആളുകൾ തങ്ങളുടെ പ്രിയ പോരാളിക്ക‌് അർഹമായ അന്തിമോപചാരം അർപ്പിക്കാൻ വേണ്ടതെല്ലാം ഒരുക്കിയിരുന്നു. പാതയോരങ്ങളിൽ അന്ത്യാഭിവാദ്യം എഴുതിയ പോസ‌്റ്ററുകളും ഫ‌്ളെക‌്സുകളുമായിരുന്നു. കവലകളിൽ വസന്തകുമാറിന്റെ ഛായാ ചിത്രത്തിന‌് മുന്നിൽ മെഴുകുതിരികൾ തെളിച്ച‌് നാട്ടുകാർ ആദരമർപ്പിച്ചു. സ‌്കൂളുകളിലും ജോലിയിടങ്ങളിലുമെല്ലാം അനുശോചന കൂട്ടായ‌്മകൾ ചേർന്നു. വസന്തകുമാറിന്റെ സ‌്മരണയ‌്ക്കായി ജ്വാലതെളിക്കുകയും ചെയ‌്തു.
പ്രധാന വാർത്തകൾ
 Top