08 December Wednesday

കടുവ കൂട്ടിൽ : നീലഗിരിക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
ഗൂഡല്ലൂർ
ഇരുപത്തൊന്ന്‌ ദിവസത്തെ കഠിനപ്രയ്‌തനത്തിനൊടുവിൽ നരഭോജി കടുവ പിടിയിലായതിന്റെ ആശ്വാസത്തിൽ നീലഗിരിയും പരിസര പ്രദേശങ്ങളും. ജില്ലയിലെ മസിനഗുഡി,  ശ്രീ മധുര, ദേവർശോല എന്നീ  പഞ്ചായത്തുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ദിനരാത്രങ്ങളിൽനിന്നാണ്‌ നാട്ടുകാർക്ക്‌ മോചനമായത്‌.  ഒരാഴ്‌ചക്കുള്ളിൽ രണ്ടുപേരെ കൊന്നശേഷമാണ്‌ കടുവയെ മൂന്നാഴ്‌ചക്കാലം കാണാതായത്‌. 
     കടുവയെ പിടികൂടാൻ തമിഴ്നാട്,  കേരള,  കർണാടക വനംവകുപ്പ് വൻ സന്നാഹമാണ്‌ ഒരുക്കിയത്‌. കൂടുകളും അഞ്ച്‌ ട്രോൺ ക്യാമറകളും നാല്‌  ഏറുമാടങ്ങളും ഒരുക്കി.  കുങ്കി ആനകൾ, പരിശീലനം ലഭിച്ച മൂന്നു നായകൾ എന്നിവയെല്ലാം തിരച്ചിലിനുണ്ടായി. എകെ 47  തോക്കുകളുമായി നക്സൽ വിരുദ്ധ സ്‌ക്വാഡ് ദൗത്യസേനയും  പ്രത്യേകം പരിശീലനം ലഭിച്ച വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കാളികളായി. 
     കടുവയെ വെടിവച്ചു കൊല്ലാം എന്ന് ഉത്തരവ്  വനംവകുപ്പ്‌ നൽകിയെങ്കിലും  കടുവയെ കൊല്ലാതെ പിടികൂടണമെന്ന് ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന്‌ മയക്കുവെടിവച്ച്‌ പിടികൂടാൻ  ശ്രമിക്കുകയായിരുന്നു. ശിങ്കാര വനമേഖലയിൽ നാല് സ്ഥലങ്ങളിൽ ഏറുമാടം കെട്ടിയും അതിന്റെ ചുവട്ടിൽ പശുക്കളെ കെട്ടിയും കടുവയെ നിരീക്ഷിച്ചു. കടുവയെ ടി 23 എന്ന്‌ പ്രത്യേകം അടയാളപ്പെടുത്തി  ഇതിന്റെ സഞ്ചാരം മനസ്സിലാക്കാൻവേണ്ടി ദേവർഷോലയിലെ ദേവൻ മുതൽ മസിനഗുഡി വരെമാത്രം 90 ക്യാമറകളാണ് 30 കിലോമീറ്ററിനുള്ളിൽ  വനംവകുപ്പ് സ്ഥാപിച്ചത്.  കഴിഞ്ഞ ദിവസങ്ങളിൽ  മസിനഗുഡിയിൽനിന്നും കടുവ ഹോം ബട്ട,  ബോസ് പാറ വനത്തിൽ എത്തിയത്‌  ക്യാമറയിൽ ദൃശ്യമായി. വ്യാഴാഴ്ച രാത്രി തെപ്പക്കാട് മസിനഗുഡി റോഡിൽ കടുവയുടെ സഞ്ചാരം കണ്ട് വനംവകുപ്പ് മയക്കുവെടി വച്ചെങ്കിലും രക്ഷപ്പെട്ടുപോവുകയായിരുന്നു. തുടർന്നാണ്‌ വെള്ളിയാഴ്‌ച രാവിലെ മുതൽ കടുവയെ  കുട്ടൻപാറ കാട്ടിൽ കാണുകയും ഉച്ചയോടെ മയക്കുവെടിവയ്‌ക്കുകയും ചെയ്‌തത്‌. ഉടൻ കാട്ടിലേക്ക്‌ ഓടിയെങ്കിലും വീണ്ടും വെടിവച്ച്‌ പിടികൂടുകയായിരുന്നു. കടുവയുടെ ദേഹത്ത്‌ പലഭാഗത്തും മുറിവുണ്ട്‌. 
 
ഒരു വർഷം; 
പൊലിഞ്ഞത്‌ നാല്‌  
ജീവനുകൾ
മസിനഗുഡി,  ശ്രീ മധുര, ദേവർശോല പഞ്ചായത്തുകളിലായി കഴിഞ്ഞ ഒരുവർഷത്തിനകം കടുവ കൊന്നത്‌ ഒരു സ്‌ത്രീ ഉൾപ്പടെ  നാല്‌ പേരെ.  2020 സെപ്തംബർ ഒന്നിന് മസിനഗുഡിയിൽ ഗൗരി എന്ന സ്ത്രീയേയും 2021 ജൂലൈ 18ന് മുതുമല നമ്പി കുന്നിൽ കുഞ്ഞികൃഷ്ണനെയും കടുവ കൊന്നിരുന്നു. പിന്നീടാണ്‌ സെപ്‌തംബർ അവസാനവാരത്തിലും ഒക്‌ടോബർ ആദ്യവും കടുവയുടെ ആക്രമത്തിൽ രണ്ട്‌പേർ കൊല്ലപ്പെട്ടത്‌. ദേവർശോല പഞ്ചായത്തിലെ ദേവൻ എസ്റ്റേറ്റ് തൊഴിലാളി ചന്ദ്രനെയും മസിനഗുഡി പഞ്ചായത്തിൽ മംഗള ബസവൻ എന്ന മാതനെയുമാണ്‌ ഏറ്റവും ഒടുവിൽ കൊന്നത്‌.  പശുക്കളെ മേയ്‌ക്കുകയായിരുന്നു മാതനെ  കടുവ കടിച്ചുകൊണ്ടുപോകുന്നത്‌ കണ്ട്‌ കൂടെയുള്ളവർ ബഹളംവച്ചെങ്കിലും മാതനെ കുറ്റിക്കാട്ടിലേക്ക്‌ വലിച്ച്‌ കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരും വനപാലകരും എത്തുമ്പോഴേക്കും  മാതന്റെ കൈകളും തലയും നെഞ്ചും കടുവ ഭക്ഷിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top