13 November Wednesday

വനം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

 

മാനന്തവാടി
കെ സി മണിയുടെ മരണത്തിൽ വനംവകുപ്പ‌് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവും ആളിക്കത്തി. വന്യമൃഗശല്യത്തിനെതിരെ നടപടി എടുക്കുന്നതിൽ വനംവകുപ്പിന്റെ അലംഭാവമാണ‌് ദാരുണ മരണങ്ങൾക്കിടയാക്കുന്നതെന്ന‌് ആരോപിച്ചായിരുന്നു പ്രതിഷേധം.  മൃതദേഹം പോസ‌്റ്റ‌്മോർട്ടത്തിനെത്തിച്ച ജില്ലാ ആശുപത്രിയിലും ഡിഎഫ‌്ഒ ഓഫീസിലും അപ്പപ്പാറ ഫോറസ‌്റ്റ‌് സ‌്റ്റേഷനിലും പ്രതിഷേധങ്ങളുണ്ടായി.  തിങ്കളാഴ്‌ച്ച രാത്രി ആക്കൊല്ലി ഭാഗത്ത‌് കാട്ടാന ഇറങ്ങിയ വിവരം മണിതന്നെ വനംവകുപ്പ‌് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ ആനയെ തുരത്താൻ വനപാലകർ എത്തിയില്ലെന്ന‌് നാട്ടുകാർ ആരോപിച്ചു. മണിയെ കാട്ടാന ആക്രമിച്ച വിവരം വിളിച്ചറിയിച്ചിട്ടും വനപാലകരെത്താൻ വൈകി. ജില്ലാ ആശുപത്രയിലേക്ക‌് കൊണ്ടുവരുംവഴിയായിരുന്നു മരണം.   
വിവരമറിഞ്ഞയുടൻ വാഹനവുമായി വനപാലകർ എത്തിയിരുനെങ്കിൽ നേരത്തെ ആശുപത്രിയിൽ എത്തിക്കാനാവുമായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ വനപാലകർക്കുനേരെ ആളുകളുടെ രോഷപ്രകടനമുണ്ടായി. പകൽ പതിനൊന്നോടെ ഡിവൈഎഫ‌്ഐ പ്രവർത്തകർ അപ്പപ്പാറ ഫോറസ‌്റ്റ‌് സ‌്റ്റേഷൻ ഉപരോധിച്ചു. ഡിഎഫ്ഒ ഒഫീസിൽ ഡിഎഫ‌്ഒയുമായി ജനപ്രതിനിധകളും രാഷ‌്ട്രീയ പാർടി നേതാക്കളും നടത്തിയ ചർച്ചയിലും പ്രതിഷേധം കടത്തു. വനം വകുപ്പിനെതിരെ രൂക്ഷവിമർശനങ്ങളുയർന്നു. മണി ഫോൺ വിളിച്ചറിയിച്ചപ്പോൾ വനപാലകർ എസ‌്റ്റേറ്റിലെത്തി രണ്ട‌് പടക്കമെങ്കിലും പൊട്ടിച്ച‌് കാട്ടാനകളെ തുരത്തിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടിലായിരുന്നെന്ന‌് നേതാക്കൾ പറഞ്ഞു. ദുരന്തങ്ങൾ സംഭവിക്കുമ്പോഴും  ബേഗൂർ റെയ‌്ഞ്ച‌് ഓഫീസർ നിരുത്തരവാദിത്വപരമായാണ‌് ഇടപെടുന്നതെന്ന‌് യുവജന നേതാക്കൾ കുറ്റപ്പെടുത്തി. വന്യമൃഗശല്യത്തിനെതിരെ റെയിൽ ഫെൻസിങ്ങിന‌് സംസ്ഥാന സർക്കാർ അനുവദിച്ച തുക ഉദ്യോഗസ്ഥർ ലാ‌പ്‌സാക്കിയതും  ചൂണ്ടിക്കാണിച്ചു. നോർത്ത‌് വയനാട‌് ഡിവിഷനിൽ റെയിൽ ഫെൻസിങ്ങിന‌് സംസ്ഥാന സർക്കാർ ഒമ്പത‌് കോടി രൂപ അനുവദിച്ചിട്ട‌് രണ്ടുവർഷമായി. ഇതുവരെ പ്രവൃത്തി നടപ്പാക്കിയില്ല. ഇപ്പോൾ നാലുകോടിയുടെ ടെൻഡറായി. ബാക്കി അഞ്ച‌് കോടി ഉദ്യോഗസ്ഥർ ലാപ‌്സാക്കിയതായും നേതാക്കൾ ആരോപിച്ചു. വന്യമൃഗശല്യം അതിരൂക്ഷമായിട്ടും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നാണ‌് നാട്ടുകാരുടെ പരാതി.
പ്രധാന വാർത്തകൾ
 Top