കൽപ്പറ്റ
ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ബത്തേരി നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥകൾ നേരിൽ മനസ്സിലാക്കി വിലയിരുത്തുന്നതിനും പ്രശ്ന പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കുന്നതിനും വേണ്ടിയാണ് ആദിവാസി സമ്മേളനം സംഘടിപ്പിച്ചത്. നിലവിലുള്ള വികസന പ്രവർത്തനങ്ങളിലും സർക്കാർ വകുപ്പുകളുടെ ഇടപെടലുകളിലും ഉണ്ടാകേണ്ട മാറ്റം, നടപ്പിലാക്കേണ്ട വിവിധ ക്ഷേമപരിപാടികളുടെ ആവശ്യകത എന്നിവ നേരിൽ അവതരിപ്പിക്കാൻ ആദിവാസികൾക്ക് സമ്മേളനം അവസരമൊരുക്കി. മനുഷ്യാവകാശ കമ്മിഷൻ മുഖേന പരിഹരിക്കാൻ ആഗ്രഹിക്കുന്ന പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സമ്മേളനത്തിൽ ഒരുക്കിയിരുന്നു.
ആദിവാസി ഊരു മൂപ്പൻമാരും ട്രൈബൽ പ്രൊമോട്ടർമാരും വിവിധ വിഷയങ്ങൾ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രധാനമായും ഭൂമിയുമായി ബന്ധപ്പെട്ടവ, വീട്, വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസൗകര്യം റേഷൻ കാർഡ്, വനാവകാശം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. 50 ഓളം പരാതികളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങളും കമ്മിഷൻ ചോദിച്ചറിഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ മുഖേന പരിഹാരം കാണാൻ ശ്രമിക്കുന്ന പരാതികൾ നേരിട്ട് സ്വീകരിച്ചു. പരാതിയുമായി ബന്ധപ്പെട്ട വകുപ്പുമായി വിശദാംശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ പറഞ്ഞു.
യോഗത്തിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി മോഹനദാസ്, സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫി, രജിസ്ട്രാർ ജി എസ് ആശ, പട്ടികവർഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു