21 October Monday

കാപ്പിക്കർഷകർക്ക്‌ വൻ നേട്ടമാകും മലബാർ കാപ്പി തയ്യാറാകുന്നു

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019

 

കൽപ്പറ്റ
വയനാട്ടിലെ കാപ്പിക്കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന  ‘മലബാർ കാപ്പി’ പദ്ധതിയുടെ കർമപരിപാടികൾക്ക്‌ രൂപം നൽകി ദ്വദിന ശിൽപ്പശാല തുടങ്ങി. ശിൽപ്പശാലയും മലബാർ കാപ്പിയുടെ ബ്രാൻഡിങ്ങും  മന്ത്രി ഡോ. ടി എം തോമസ്‌ ഐസ്‌ക്‌ ഉദ്‌ഘാടനംചെയ്‌തു.  ‘നമ്മളാൽ, നമുക്കുവേണ്ടി’  ഉൽപ്പാദിപ്പിക്കുന്ന കാപ്പിയിലൂടെ വിപണി പിടിച്ച്‌ കർഷകരുടെ വരുമാനവർധനയും  സുസ്ഥിര വികസനവും സാധ്യമാക്കുന്നതാണ്‌ പദ്ധതി.  നൂതനപദ്ധതികൾ നടപ്പാക്കാനായി സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുള്ള കേരള ഡവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ(കെ–-ഡിസ്‌ക്‌) നേതൃത്വത്തിൽ പുത്തൂർവയലിൽ എം എസ്‌ സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിലാണ്‌ ശിൽപ്പശാല. എം ബയോൺ, നെതർലാൻഡ്‌ ഡെൽഫ്‌റ്റ്‌ യൂണിവേഴ്‌സിറ്റി, ഫെഡറൽ ബാങ്ക്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ ശിൽപ്പശാല.  മന്ത്രി തോമസ്‌ ഐസക്‌ രണ്ടുദിവസവും പങ്കെടുക്കുന്നുണ്ട്‌. മന്ത്രി വി എസ്‌ സുനിൽകുമാർ ചൊവ്വാഴ്‌ച്ച പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്‌ധർ  വിഷയങ്ങൾ അവതരിപ്പിച്ചു. തിങ്കാളാഴ്‌ച്ച ആശയങ്ങൾ ക്രോഡീകരിച്ച്‌  കർമപദ്ധതിക്ക്‌  അന്തിമരൂപം നൽകും. ഇതനുസരിച്ചായിരുക്കും തുടർ പ്രവർത്തനങ്ങൾ. 
ധനം, കൃഷി, വ്യവസായ വകുപ്പുകൾ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ജില്ലയിൽ കോഫി പാർക്ക്‌ ആരംഭിച്ച്‌ കാപ്പി ഉൽപ്പാദനവും ബ്രാൻഡ്‌ ചെയ്‌ത്‌ കാപ്പിയുടെ വിപണനവുമാണ്‌ ലക്ഷ്യം.  ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌.  ആശയരൂപീകരണവും പദ്ധതി സാക്ഷാത്‌കരിക്കാനുള്ള നടപടികളും സർക്കാർ ഒരുപോലെകൊണ്ടുപോകുകയാണ്‌. മലബാർ കാപ്പിയുടെ വെൻഡിങ് മെഷീൻ ശിൽപ്പശാലയിൽ പരിചയപ്പെടുത്തി.  പദ്ധതി പൂർണതോതിൽ പ്രവാർത്തീകമാകുന്നതോടെ ജില്ലയിലെ കാപ്പിക്കർഷകർക്ക്‌ തങ്ങളുടെ ഉൽപ്പന്നം ഉയർന്നവിലയിൽ പദ്ധതിക്ക്‌ കീഴിൽ വിൽക്കാനാകും. ഗുണമേന്മയുള്ള കാപ്പി ഉൽപ്പാദിപ്പിക്കാൻ കർഷകരെ പ്രാപ്‌തമാക്കും.
ശിൽപ്പശാലയിൽ  സി കെ ശശീന്ദ്രൻ എംഎൽഎ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു, തദ്ദേശസ്വയംഭരണവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ ജി മുരളീധരൻ, അജിത്ത്‌ മത്തായി, നന്തി ഫൗണ്ടേഷനിലെ ഡേവിഡ്‌ ഹോഗ്‌, ഡോ. കെ നിർമൽ ബാബു, ജി ബാലഗോപാൽ, സി കെ വിഷ്‌ണുദാസ്‌, പി യു ദാസ്‌, ഡോ. കമലം ജോസഫ്‌, ഡോ. അനിൽസക്കറിയ, ഡോ. രാജേന്ദ്രൻ,   ഡോ. വി ബാലകൃഷ്‌ണൻ, ടി ആർ സുമ  സംസാരിച്ചു. ഡെൽഫ്റ്റ് ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഹെർമൻ റസ്ച്ചൻ ബർഗ്  വീഡിയോസന്ദേശം നൽകി. 
പ്രധാന വാർത്തകൾ
 Top