21 October Monday

മത്സ്യക്കൃഷിയിൽ വിജയഗാഥയുമായി നമിതയും പ്രിയനും

ജാഷിദ്‌ കരീംUpdated: Monday Sep 16, 2019

 

 
കൽപ്പറ്റ
അലങ്കാര മത്സ്യകൃഷിയിൽ വിജയം കൈവരിച്ച് യുവമനസ്സുകൾക്ക് പ്രചോദനമാവുകയാണ് പുളിയാർമല സ്വദേശിനി ടി ആർ നമിതയും കൽപ്പറ്റ സ്വദേശി പ്രിയനും. ബാങ്ക് ജീവനക്കാരിയായിരുന്ന നമിത  ബാങ്കുദ്യോഗം വേണ്ടെന്നു വച്ചാണ്‌ ഒരുവർഷം മുമ്പ്‌ മത്സ്യകൃഷിയിലേക്കിറങ്ങിയത്‌. ആദ്യപടിയായി ജില്ലയിലെ വിവിധ മത്സ്യകൃഷി ഫാമുകളിൽ പോവുകയും മീൻ വളർത്തലിനെക്കുറിച്ച് കൂടുതലായി പഠിക്കുകയും ചെയ്തു. പ്രിയന്റെ വീടിന്റെ ടെറസിൽ  ഫ്രിഡ്ജിന്റെ തെർമോകോൾ ബോക്സിലും ചെറിയ  ബേസിനുകളിലും  കുളങ്ങളിലുമാണ് മീനുകളെ വളർത്തുന്നത്‌. മുഴുവൻ സമയവും ഇവർ മീൻ പരിപാലനത്തിലും വിൽപ്പനയിലും മുഴുകിയിരിക്കയാണ്‌. മീൻജോഡികൾ വാങ്ങി  പരിപാലിച്ച് പ്രസവിച്ചതിന് ശേഷം കുഞ്ഞുങ്ങളെ വിൽക്കും.  ഫൈറ്റർഫിഷിൽ നിന്നായിരുന്നു തുടക്കം.  നിലവിൽ ഗപ്പി ഇനത്തിൽപ്പെട്ട ഫുൾബ്ലാക്ക്, ഫുൾവൈറ്റ്, പർപ്പിൾ മൊസൈക്ക്, റെഡ്‌ടൈൽ പ്ലാറ്റിനം തുടങ്ങിയ ഇനങ്ങളുണ്ട്‌. ഫൈറ്റർഫിഷ് ഇനത്തിൽപ്പെട്ട ഓവർ ഹാഫ്മൂൺ, ഹാഫ്മൂൺ, ക്രവുൺടെയിൽ, പ്ലകാർട്ട്, ഡബോഇയർ എന്നിവയും സോർഡ്ടെയിൽ, പ്ലാറ്റിസ്, ബ്ലാക്ക്മോളി, ഗൗരാമി, കാർപ്പ്, ഷാർക്ക്, ഗോൾഡ്ഫിഷ്, എയിഞ്ചൽഫിഷ് തുടങ്ങി മീനുകളുടെ വൈവിധ്യങ്ങൾ ഇവിടെയുണ്ട്‌. ഗപ്പികളിലെ വെറൈറ്റീസാണ്‌ കൂടുതൽ വിറ്റുപോകുന്നത്.
             പ്രകൃതിദത്തമായ രീതിയിലാണ്  മീനുകളെ വളർത്തുന്നത്. വളർത്തുന്ന കുളങ്ങളിൽ പായലുകൾ, അസോള  ചാണകം ചളികളുമുണ്ടാവും. അക്വേറിയത്തിൽ ആൽഗേ എന്ന് പേരുള്ള മീനുകൾ ഭക്ഷണമാക്കുന്ന പായലും വളരാൻ അനുവദിക്കും. ഇതിൽനിന്നും മീനുകൾക്ക് വേണ്ട പ്രകൃതിദത്തമായ ഭക്ഷണം ലഭിക്കും. ഈ ഭക്ഷണമെല്ലാം മീനുകൾക്ക് വളരെ അത്യാവശ്യമാണ്‌. ഇതിന് പുറമേ മെയ്ന, റെഡ്മെയ്ന, മൈക്രോവേം, ആർട്ടീമിയ തുടങ്ങിയ ഭക്ഷണങ്ങളും കൊടുക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമായി ഇവർ മീനിനെ വിൽക്കുന്നുണ്ട്.  കൽപ്പറ്റയിൽ അലങ്കാര മത്സ്യകൃഷിക്കാർക്കായി ഫിഷ്ഫെസ്റ്റ് നടത്താൻ ഉദ്ദേശമുണ്ട്. കൃഷി വികസിപ്പിക്കാനൊരുങ്ങുകയാണ് ഇവർ. ഇതിനായി നാല്സെന്റ് സ്ഥലത്ത് ഒരു കിണറും 20 ടാങ്കുകളും ഒരുക്കി.  ഭാവിയിൽ ജോലിക്കാരെ വച്ച്‌ ഫാം തുടങ്ങുകയാണ്‌ സ്വപ്‌നം. പിന്തുണയുമായി മാതാപിതാക്കളും കൂടെയുണ്ട്. 
 

 

പ്രധാന വാർത്തകൾ
 Top