19 May Sunday

മൂലങ്കാവ‌് ഗവ. ഹയർ സെക്കൻഡറി സ‌്കൂൾ പഴയ കെട്ടിടം പൊളിച്ചു മാറ്റിയത‌് നടപടിക്രമം പൂർത്തീകരിച്ചതിന‌് ശേഷം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

ബത്തേരി
ജില്ലയിലെ മികച്ച സർക്കാർ ഹയർ സെക്കൻഡറി സ‌്കൂളെന്ന‌ ബഹമതിക്ക‌് അർഹമായ മൂലങ്കാവ‌് ഗവ. ഹയർ സെക്കൻഡറി സ‌്കൂളിന‌് പുതിയ കെട്ടിടം നിർമിക്കുന്നതിന‌് പഴയ കെട്ടിടം പൊളിച്ചു നീക്കിയതിൽ അഴിമതിയോ സാമ്പത്തിക ക്രമക്കേടുകളോ നടന്നിട്ടില്ലെന്നും കെട്ടിടം പൊളിച്ചത‌് തികച്ചും നിയമാനുസൃതവും നടപടിക്രമങ്ങൾ പാലിച്ചും ആണെന്നും പിടിഎ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രീ﹣-പ്രൈമറി മുതൽ പ്ലസ‌്ടു വരെയുള്ള ക്ലാസുകളിലായി 2100 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത‌്. കഴിഞ്ഞ വർഷം 436 കുട്ടികളാണ‌് പുതുതായി ചേർന്നത‌്. ഈ അധ്യയന വർഷം പുതുതായി ചേർന്നവരുടെ എണ്ണം 300 കവിഞ്ഞു. വിദ്യാർഥികളുടെ വർധനവും ആസ‌്ബറ്റോസ‌് മേഞ്ഞ ക്ലാസ‌്മുറികളിലെ പഠനവും ഏറെ പ്രയാസം ഉളവാക്കുന്നത‌് ആയതിനാലാണ‌് സംസ്ഥാന സർക്കാർ പൊതുമരാമത്ത‌് വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മൂന്ന‌് കോടി ചെലവിൽ മൂന്ന‌് നില കെട്ടിടം പണിയാൻ അനുമതി നൽകിയത‌്. പുതിയ കെട്ടിടം നിർമിക്കാാൻ ആവശ്യമായ സ്ഥലം സ‌്കൂളിന‌് ഇല്ലാത്തതിനാലാണ‌് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന‌് സ‌്കൂൾ അധികൃതർ ശ്രമം നടത്തുകയും ഇതിന‌് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത‌് നിന്നും അനുകൂല തീരുമാനം ഉണ്ടാവുകയും ചെയ‌്തത‌്. ടെൻഡർ നടപടികൾ പാലിച്ചാണ‌് ക്വട്ടേഷൻ ക്ഷണിച്ച‌് കൂടുതൽ തുകക്ക‌് ക്വട്ടേഷൻ എടുത്തവർ പണം കെട്ടിവച്ച‌് പഴയ കെട്ടിടം പൊളിച്ചത‌്. നടപടിക്രമങ്ങൾ നടന്നപ്പോൾ യാതൊരു എതിർപ്പുകളും ഉണ്ടായിരുന്നില്ല. കെട്ടിടം പൊളിച്ചു നീക്കിയതിന‌് ശേഷമാണ‌് 
 
സ‌്കൂൾ അധികൃതർക്കും പിടിഎക്കെതിരെയും ചിലർ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത‌്. പരിമിതമായ ഭൗതിക സൗകര്യങ്ങൾക്കിടയിലും ഉയർന്ന വിജയ ശതമാനവും കലാ കായിക മേളകളിലും ശാസ‌്ത്ര സാങ്കേതിക മേഖലകളിലും അഭിമാനാർഹമായ നേട്ടവും കൈവരിച്ചവരാണ‌് സ‌്കൂളിലെ വിദ്യാർഥികൾ. നാടിന്റെ അഭിമാനമായ പൊതു വിദ്യാലയത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന‌് പുതിയ കെട്ടിടങ്ങളും പൊതുജന പങ്കാളിത്തവും ആവശ്യമാണ‌്. ഇതിനിടെ ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ സ‌്കൂളിന്റെ പുരോഗതി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ‌് മേജൊ ചാക്കോ, പ്രധാനധ്യാപകൻ സി എം ഹൈദ്രോസ‌്, പിടിഎ എക‌്സിക്യുട്ടീവ‌് അംഗങ്ങളായ ഷിജൊ പട്ടമന, എൻ ബാബു, കെ ജി ഷാജി എംപിടിഎ ഭാരവാഹികളായ സ്വപ‌്ന ജിനേഷ‌്, കെ എസ‌് സുനിത, അമ്പിളി ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top