20 May Monday
കോഴനിയമനം ഉപേക്ഷിക്കണം

മുള്ളൻകൊല്ലി സഹ. ബാങ്കിലേക്ക‌് 20ന‌് ബഹുജന മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
 
പുൽപ്പള്ളി
മുള്ളൻകൊല്ലി സർവീസ് സഹകരണ  ബാങ്കിൽ അനധികൃത  നിയമനങ്ങൾ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്കിൽ നിലവിലുള്ള ഒഴിവുകൾ  അടിയന്തരമായി ബന്ധപ്പെട്ട വകുപ്പിന‌്  റിപ്പോർട്ട് ചെയ്യുക,  സുതാര്യമായ നിയമന രീതി സ്വീകരിക്കുക,  29ന് നിശ്ചയിച്ചിട്ടുള്ള എഴുത്തുപരീക്ഷ  ഉപേക്ഷിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച‌്  20ന് ബാങ്കിലേക്ക‌് ബഹുജന മാർച്ച് നടത്താൻ സിപിഐ എം മുള്ളൻകൊല്ലി, പാടിച്ചിറ ലോക്കൽ കമ്മിറ്റികളുടെ സംയുക്തയോഗം തീരുമാനിച്ചു.
 സ്വീപ്പർ, പ്യൂൺ, അറ്റൻഡർ, അക്കൗണ്ടന്റ‌്, ക്ലർക്ക്‌,  നൈറ്റ് വാച്ച്മാൻ എന്നീ  തസ്തികളിലേക്ക് 11 ഒഴിവുകളാണുള്ളത‌്. കോഴപറ്റി നിയമനം നടത്താനുള്ള നീക്കമാണ‌് ബാങ്ക‌് അധികൃതരുടേതെന്ന‌് യോഗം ആരോപിച്ചു. അഞ്ച‌് ലക്ഷം മുതൽ 15 ലക്ഷം വരെ ഉദ്യോഗാർഥികളിൽ നിന്നും കൈപറ്റുകയും പിൻവാതിൽ നിയമനം നടത്തുകയും ചെയ്തു. എന്നിട്ടും പാവപ്പെട്ട അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളിൽനിന്നും ഒരുഅപേക്ഷ ഫോറത്തിന് 500 രൂപ ഈടാക്കി വഞ്ചിക്കുകയാണ‌്. കോഴവാങ്ങി ജോലി നൽകിയിട്ട‌്  ബാങ്ക് ഭരണസമിതി ഇൻറർവ്യുവും പരീക്ഷയും നടത്തുകയാണ‌്.  പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ  കോടികളുടെ അഴിമതിയാണ് നടന്നത്. ഇതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട്  അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ‌്. 
പുൽപ്പള്ളി ബാങ്കിന്റെ മാതൃകയിൽ വൻതട്ടിപ്പിനാണ‌്  കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ മുള്ളൻകൊല്ലി സർവീസ് സഹകരണ ബാങ്കിലും കളമൊരുക്കുന്നത‌്.   ഒഴിവ‌് സഹകരണ വകുപ്പിന് റിപ്പോർട്ട് ചെയ്യാതെ താഴ്ന്ന ഗ്രേഡിൽ നിയമനം നടത്തി സ്വകാര്യമായി പ്രമോഷൻ നൽകി ക്ലറിക്കൽ തസ്തികയിൽ ഉൾപ്പെടെ നിയമനം നടത്തുന്ന രീതിക്കാണ് നീക്കം. അരക്കോടി ചെലവിൽ മുള്ളൻകൊല്ലിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നിർമിക്കാനാണ‌് കോഴവാങ്ങിയുള്ള നിയമനമെന്നും യോഗം ആരോപിച്ചു.  ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് മന്ത്രിക്കും വിജിലൻസിന് പരാതി നൽകാനും തീരുമാനിച്ചു 
യോഗത്തിൽ  പി  എ മുഹമ്മദ് അധ്യക്ഷനായി. പുൽപ്പള്ളി ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, പി ജെ പൗലോസ് , കെ വി  ജോബി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top