22 September Sunday

ഒരാൾക്കുകൂടി കോളറ സംശയം; അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
കൽപ്പറ്റ
കോളറ സംശയത്തിൽ ഒരാളെകൂടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൽപ്പറ്റയിലെ റിസോർട്ട‌് ജീവനക്കാരനായ പശ്‌ചിമബംഗാളിലെ മുർഷിദാബാദ‌് ജില്ലയിൽനിന്നുള്ള പുരുഷതൊഴിലാളിയാണ‌് വയറിളക്കവുമായി ചികിത്സതേടിയത‌്. പ്രാഥമീക പരിശോധനയിൽ കോളറയാണെന്നാണ‌് സംശയം. ഫൈനൽ റിപ്പോർട്ട‌് ലഭിക്കാൻ മൂന്ന‌് ദിവസമെടുക്കും. 
നാട്ടിൽപോയിരുന്ന ഇയാൾ കഴിഞ്ഞ 12നാണ‌് കൽപ്പറ്റയിലെ ജോലിസ്ഥലതെത്തിയത‌്. മൈസൂരിവഴിയാണ‌് വന്നത‌്. രോഗം എവിടെനിന്നാണ‌് പിടിപെട്ടതെന്നത‌് സ്ഥിരീകരിക്കാനായിട്ടില്ല. നേരത്തെ ഹാരിസൺ മലയാളം ലിമിറ്റഡിലെ അരപ്പറ്റ നെടുങ്കര ഡിവിഷനിൽ ജോലിക്കെത്തിയ അസമിൽനിന്നുള്ള രണ്ട‌് തൊഴിലാളികൾക്കും ഇവരോടൊപ്പമുള്ള രണ്ട‌് കുട്ടികൾക്കും കോളറ സ്ഥിരീകരിച്ചിരുന്നു. വയറിളക്കത്തെ തുടർന്ന‌് മറ്റു16പേരും ചികത്സതേടിയിരുന്നു. എല്ലാവർക്കും രോഗം ഭേദമായിട്ടുണ്ട‌്. രോഗം നിയന്ത്രണ വിധേയമായെന്ന‌് ആശ്വസിക്കുമ്പോഴാണ‌് കൽപ്പറ്റ നഗരത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക‌് രോഗം സംശയിക്കുന്നത‌്. ഇത‌് ആശങ്കക്കിടയാക്കുന്നതാണ‌്.
ഭക്ഷണശാലകൾ പരിശോധിക്കും
കൽപ്പറ്റ
കോളറയും വയറിളക്കരോഗങ്ങളും റിപ്പോർട്ട‌് ചെയ‌്ത സാഹചര്യത്തിൽ  ജില്ലയിലെ ഭക്ഷണശാലകളിൽ വ്യാഴാഴ‌്ച്ച ആരോഗ്യവകുപ്പ‌് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മാർക്കറ്റുകൾ, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാകും. ശുചിത്വം ഉറപ്പാക്കുന്നതിനുള്ള കർശനപരിശോധനയാണ‌് നടത്തുകയെന്ന‌് ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മർജ പറഞ്ഞു. ഉദ്യോഗസ്ഥർക്ക‌് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട‌്.
എച്ച‌്എംഎൽ പാടികളുടെ അറ്റകുറ്റപ്പണി തുടങ്ങി
കൽപ്പറ്റ
കോളറ പിടിപെട്ട അരറ്റപ്പറ്റ എസ‌്റ്റേറ്റിലെ നെടുങ്കരണ ഡിവിഷനിലെ പാടികളിൽ എച്ച‌്എംഎൽ അറ്റകുറ്റപ്പണികൾ തുടങ്ങി. പാടിയും കുടിവെള്ള സ്രോതസുകളും ശുചീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ആരോഗ്യവകുപ്പ‌് എച്ച‌്എംഎല്ലിന‌് നോട്ടീസ‌് നൽകിയിരുന്നു. പ്ലാന്റേഷൻ വകുപ്പ‌് എച്ച‌്എംഎല്ലിനെതിരെ കോടതിയേയും സമീപിച്ചിട്ടുണ്ട‌്. ഈ സാഹചര്യത്തിലാണ‌് പാടികൾ അറ്റകുറ്റപണി നടത്താൻ ഇവർ തയ്യാറായത‌്. ശനിയാഴ‌്ച്ചക്കുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നാണ‌് എച്ച‌്എംഎൽ ആരോഗ്യവകുപ്പിനേയും പ്ലാന്റേഷൻ ഇൻസ‌്പെക്ടറേയും അറിയിച്ചിട്ടുള്ളത‌്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാടികളാണിത‌്. വയറിളക്കരോഗങ്ങളെ തുടർന്ന‌് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള നെടുങ്കരണ ഡിവിഷനിൽ താമസിക്കുന്നവരെ പാടികൾ ശുചിയാക്കാതെ ഇവിടേക്ക‌് തിരികെ അയക്കില്ലെന്ന തീരുമാനത്തിലാണ‌് ആരോഗ്യവകുപ്പ‌്. അസുഖം ഭേദമായെങ്കിലും ഇവർ ആശുപത്രികളിലാണുള്ളത‌്. പാടികൾ അറ്റകുറ്റപ്പണികൾ തുടങ്ങിയ സാഹചര്യത്തിൽ ആശുപത്രികളിൽ ഉള്ളവരെ വേണമെങ്കിൽ അരപ്പറ്റയിലെ ഹാരിസന്റെ ആശുപത്രിയിലേക്ക‌് മാറ്റാൻ ആരോഗ്യവകുപ്പ‌് അനുവാദം നൽകിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top