25 February Thursday

മന്ത്രി കവിത ചൊല്ലി; താരമായി അളകനന്ദ

സ്വന്തം ലേഖകൻUpdated: Saturday Jan 16, 2021
കൽപ്പറ്റ
ധനമന്ത്രി തോമസ്‌ ഐസക്കിന്റെ  ബജറ്റ്‌ പ്രസംഗത്തിലൂടെ താരമായി അളകനന്ദയും. കണിയാമ്പറ്റ ജിഎച്ച്‌എസ്‌എസിലെ പത്താംതരം വിദ്യാർഥി കെ എച്ച്‌ അളകനന്ദയുടെ കവിത ബജറ്റിന്റെ ആമുഖത്തിൽ ചൊല്ലിയാണ്‌ മന്ത്രി ഈ വിദ്യാർഥിനിക്കും ഊർജമായത്‌. അതിജീവനത്തിന്റെ കേരളബദൽ  അവതരിപ്പിക്കുമ്പോഴാണ്‌ അളകനന്ദയുടെ ‘മഹാമാരി’യെന്ന കവിതയുടെ വരികൾ  ചൊല്ലിയത്‌. 
തോറ്റുപോകാതിരിക്കാൻ കൂടി കോവിഡ്‌ പഠിച്ചന്നെ സന്ദേശമാണ്‌ കവിതയിലൂടെ ഈ മിടുക്കി പറയുന്നത്‌. സ്‌കൂൾ വിക്കിയിലും വിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം കവിതാ സമാഹാരത്തിലും പ്രസിദ്ധീകരിച്ചതാണിത്‌.  ഒരിക്കലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ്‌ ‌ ബജറ്റ്‌ പ്രസംഗത്തിലൂടെ ലഭിച്ചതെന്ന്‌ അളകന്ദ പറഞ്ഞു. കവിതക്ക്‌ ധനമന്ത്രിയുടെ അഭിനന്ദനം അറിയിച്ച്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്‌ വിളിച്ചിരുന്നു. അപ്പോഴും ബജറ്റിൽ കവിതയുണ്ടെന്ന കാര്യം പറയാതെ സസ്‌പെൻസ്‌ നിലനിർത്തി.  ചീക്കല്ലൂർ ദർശന ലൈബ്രറിയിലൂടെയാണ്‌  കവിതയുടെയും കഥയുടെയും ലോകത്ത്‌ എത്തിയത്‌. ലൈബ്രറി കൗൺസിലിന്റെ സർഗോത്സവത്തിൽ കവിതക്ക്‌ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌. എഴുതുന്ന കഥയും കവിതയുമൊന്നും അധികമാരെയും കാണിക്കാറില്ല. നോട്ട്‌ ബുക്ക്‌ നിറയെയുണ്ട്‌. ടീച്ചർ നിർബന്ധിച്ചപ്പോഴാണ്‌ സ്‌കൂൾ വിക്കിയിലേക്ക്‌ കവിത നൽകിയത്‌. കൽപ്പറ്റ പിആർഡി ജീവനക്കാരനായ  കണിയാമ്പറ്റ ചീക്കല്ലൂർ എൻ എസ്‌ ഹരിഹരന്റെ മകളാണ്‌. അമ്മ ജോത്സന ഫിഷറീസ്‌ വകുപ്പിലെ താൽകാലിക ജീവനക്കാരിയാണ്‌. സഹോദരൻ യദുനന്ദൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top