25 September Saturday

സ്വപ്നം പൂവണിഞ്ഞു, 
കാത്തിരിപ്പിന്‌ അറുതി ‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

പുൽപ്പള്ളി ചേപ്പില കോളനിയിലെ ലീലയും ചുണ്ടക്കൊല്ലി കോളനിയിലെ ശോഭയും പട്ടയവുമായി കലക്ടറേറ്റിന്‌ മുന്നിൽ

 
കൽപ്പറ്റ
 സ്വന്തം ഭൂമിയുടെ അവകാശികൾ  എന്ന വിജിതയുടെയും ശോഭയുടെയും ലീലയുടെയും ഏറെക്കാലത്തെ കാത്തിരിപ്പിനാണ്‌ ചൊവ്വാഴ്‌ച വിരാമമായത്‌.  ‘‘കിട്ടുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു.  നിങ്ങക്ക്‌ പട്ടയമായിട്ടുണ്ട്‌  ചൊവ്വാഴ്‌ച കലക്ടറേറ്റിലെത്തണമെന്ന അറിയിപ്പ്‌ കിട്ടിയപ്പോൾ വല്യ സന്തോഷമായി. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ്‌ അറുതിയായത്‌.  നടവയലിലാണ്‌ സ്ഥലം കിട്ടിയത്‌. നാളെ അവിടേക്ക്‌ പോണം’’  സ്വന്തമായൊരു ഇടം കിട്ടിയതിൽ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്‌ പുൽപ്പള്ളി ചേപ്പില കോളനിയിലെ  ലീല. 
   പുൽപ്പള്ളിയിലെ തന്നെ ചുണ്ടക്കൊല്ലിയിലെ ശോഭ, തൂപ്പാറ കോളനിയിലെ വിജിത എന്നിവരും പട്ടയം വാങ്ങാൻ ലീലയോടൊപ്പമെത്തിയിരുന്നു. നാലുസെന്റിന്റെ അവകാശിയായതിന്റെ സന്തോഷത്തിലാണ്‌ കാവുമന്ദത്തെ കൊച്ചുവടക്കേതിൽ ഗിരിജ. പത്തുവർഷത്തിലേറെയായി അപേക്ഷ കൊടുത്തിട്ട്‌ ഇപ്പഴാ ലഭിച്ചതെന്ന്‌ ഗിരിജ പറഞ്ഞു. 
 കഴിഞ്ഞ പ്രളയത്തിൽ ഭൂമിയിൽ വിള്ളൽ  വീണതിന്റെ നിരാശയുമുണ്ട്‌ ഗിരിജക്ക്‌. പടിഞ്ഞാറത്തറയിലെ പ്രിയങ്കയും ഭർത്താവ്‌ മനുവും മൂന്ന്‌ വയസ്സുകാരി സൈറയോടൊപ്പമാണ്‌ പട്ടയം വാങ്ങാനെത്തിയത്‌. 25 സെന്റ്‌ സ്ഥലത്തിനാണ്‌ ഈ കുടുംബത്തിന്‌ പട്ടയം ലഭിച്ചത്‌. അപേക്ഷിച്ച്‌ അധികകാലമാകുന്നതിന്‌ മുന്നേ തന്നെ കിട്ടിയതിന്റെ സന്തോഷത്തിലാണ്‌ ഈ കുടുംബം. പട്ടയമില്ലാത്തതിനാൽ വളരെ പ്രയാസത്തിലായിരുന്നു.  ഒരു വർഷം മുമ്പാണ്‌ അപേക്ഷിച്ചത്‌. 
കോവിഡ്‌ കാലമായിട്ടുകൂടി പെട്ടെന്നുതന്നെ നടപടിയായെന്ന്‌ മനു പറഞ്ഞു. വൈത്തിരി താലൂക്കിലെ 12 കുടുംബങ്ങൾക്കാണ്‌ കലക്ടറേറ്റിൽ നടന്ന ജില്ലാതല ഉദ്‌ഘാടനത്തിൽ‌ പട്ടയം നൽകിയത്‌. ബാക്കിയുള്ളവർക്ക്‌ താലൂക്കിൽവച്ച്‌ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top