24 September Friday
കെട്ടിടോദ്ഘാടനവും തറക്കല്ലിടലും നടന്നു

മുഖം മിനുക്കി വിദ്യാലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

മക്കിമല ജിഎൽപി സ്‌കൂൾ ഉദ്ഘാടന ഫലകം ഒ ആർ കേളു എംഎൽഎ അനാഛാദനം ചെയ്യുന്നു

 
കൽപ്പറ്റ
 വിദ്യാലയങ്ങൾ തുറക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ പുതുതായി നിർമിച്ച  കെട്ടിടങ്ങളുടെ ഉദ്‌ഘാടനം ജില്ലക്ക്‌ ആവേശമായി. നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടങ്ങളും നവീകരിച്ച ഹയർസെക്കൻഡറി ലാബുകളും മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു.  
   കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി അഞ്ച് വിദ്യാലയങ്ങളിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ തറക്കല്ലിടലും ഇതോടൊപ്പം നടന്നു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ 3 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളാണ് നിർമാണം പൂർത്തിയാക്കിയത്. 
  മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയും  മക്കിമല ഗവ. എൽപി സ്‌കൂളിൽ  ഒ ആർ കേളു എംഎൽഎയും മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ടി സിദ്ദിഖ് എംഎൽഎയും  ശിലാഫലകം അനാഛാദനംചെയ്തു.  പരിപാടികളിൽ സി കെ ശശീന്ദ്രൻ,  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ -ഓർഡിനേറ്റർ വിൽസൺ തോമസ് എന്നിവർ സംസാരിച്ചു.
   സ്‌കൂൾതല പരിപാടികളിൽ എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വിദ്യാലയങ്ങളിലും കോവിഡ് മാനദണ്ഡം പാലിച്ചാണ്  പരിപാടികൾ നടത്തിയത്‌. 
ജിഎച്ച്എസ്എസ് തരിയോട്, ജിഎച്ച്എസ്എസ് കാട്ടിക്കുളം, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട, ജിഎച്ച്എസ്എസ് വാളാട്, ജിഎച്ച്എസ്എസ് ആറാട്ടുതറ എന്നീ വിദ്യാലയങ്ങളിൽ സിഡ്‌കോ വഴി  നവീകരിച്ച  ഹയർസെക്കൻഡറി ലാബുകളുടെ ഉദ്‌ഘാടനവും നിർവഹിച്ചു.   
ജിഎച്ച്എസ്എസ് അച്ചൂർ, ജിഎച്ച്എസ്എസ് തൃശിലേരി, ജിഎച്ച്എസ്എസ് ആറാട്ടുതറ, ജിഎച്ച്എസ് പേര്യ, ജിയുപിഎസ് തരുവണ എന്നീ വിദ്യാലയങ്ങളിലെ പുതിയ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
 
മക്കിമല ജിഎൽപി സ്‌കൂൾ കെട്ടിടം  ഹൈടെക്കായി
പ്രളയം തകർത്ത വിദ്യാലയം ഹൈടെക്‌ ; മക്കിമലയിൽ ആവേശം
മാനന്തവാടി
 പ്രളയത്തിൽ തകർന്ന വിദ്യാലയം ഹൈടെക്കാക്കി പുനർ നിർമിച്ചപ്പോൾ ഉദ്‌ഘാടന ചടങ്ങ്‌ നാടിന്‌ ആവേശമായി. സംസ്ഥാന സർക്കാർ സഹായത്തോടെ  മക്കിമല ജിഎൽപി സ്‌കൂളാണ്‌ മുഖം മിനുക്കി ഉയിർത്തെഴുന്നേറ്റത്‌. ചൊവ്വാഴ്‌ച മുഖ്യമന്ത്രി ഓൺലൈനായാണ്‌  സ്‌കൂൾ കെട്ടിടം  ഉദ്‌ഘാടനം ചെയ്‌തത്‌‌.  നാടിന്റെ ഏകവിദ്യാലയത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ  ഏറെ സന്തോഷത്തോടെയാണ്‌ നാട്ടുകാർ പങ്കെടുത്തത്‌.  
   2018ലെ പ്രളയത്തിലാണ്‌ മക്കിമല  ഗവ. എൽപി സ്‌കൂൾ കെട്ടിടം തകർന്നത്‌. കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും  ഒരു കുടുംബത്തിലെ ദമ്പതികളും മരിച്ചു. ‌വിള്ളലുകൾ രൂപപ്പെട്ടതോടെ 125 കുടുംബങ്ങളെ പ്രദേശത്തുനിന്ന്‌ മാറ്റിപ്പാർപ്പിച്ചിരുന്നു.  കെട്ടിടം തകർന്നതോടെ മക്കിമല മദ്രസയിലും വനസംരക്ഷണസമിതി കെട്ടിടത്തിലുമാണ്‌ സ്‌കൂൾ പ്രവർത്തിച്ചത്‌.    
   തുടർന്ന്‌ സംസ്ഥാന സർക്കാർ ഇടപെട്ട്‌ പുതിയ കെട്ടിടം പണിയുകയായിരുന്നു. ജില്ലാ നിർമിതി കേന്ദ്രം 45 ലക്ഷം രൂപയും  മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ എംഎസ്‌ഡിപി പദ്ധതിയിൽ 11 ലക്ഷവും വകയിരുത്തി. അഞ്ച്‌ മുറികളുള്ള കെട്ടിടം നിർമിച്ചു. ഈ വർഷം സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന്‌ 59,50,000 രൂപ അനുവദിച്ചതോടെ രണ്ടാം നിലയും നിർമിച്ചു. ഈ കെട്ടിടമാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തത്‌.
  ഇരു നിലകളിലുമായി 10 ക്ലാസ്‌ റൂമുകൾ, ഓഫീസ്‌, കോൺഫറൻസ്‌ ഹാൾ, വായനമുറി, കംപ്യൂട്ടർ ലാബ്‌ എന്നീ സൗകര്യങ്ങളുണ്ട്‌. എല്ലാ ക്ലാസ്‌ മുറികളും സ്‌മാർട്ടായി. മൂന്ന്‌ ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യമുള്ള അടുക്കളയുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. ചുറ്റുമതിൽ നിർമാണവും പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top