20 June Thursday

ദേശീയ പഞ്ചഗുസ്തി കേരളത്തിന‌് കൈക്കരുത്തുകാൻ വയനാടൻ സംഘം

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 

കൽപ്പറ്റ-
പഞ്ചഗുസ്തിയിൽ ദേശീയതലത്തിൽ തിളങ്ങാൻ 13 അംഗ വയനാടൻ സംഘവും.   സംസ്ഥാനചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി ദേശിയമത്സരത്തിലേക്ക‌് ഇടം നേടിയ നൂറിലധികം താരങ്ങളിലാണ‌് വയനാട്ടുകാരും ഇടം പിടിച്ചത‌്.  ഇതിൽ ബഹുഭൂരിഭാഗവും ജൂനിയർ താരങ്ങളാണ‌്.   ജില്ലയുടെ കായിക ചരിത്രത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഇത്രയും മെഡൽ നേട്ടം ആദ്യമാണ്. ജൂൺ 19 മുതൽ 24 വരെ ഛത്തീസ്ഗഡിലെ ഭിലായിലാണ‌് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ‌്.  
സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജൂനിയർ 50 കിലോ വിഭാഗത്തിൽ സ്വർണം നേടിയ സനിത് രവി, 55 കിലോയിൽ  ഒന്നാമനായ എം വി നവീൻ, 60 കിലോയിൽ സ്വർണം കൊയ്ത യദു സുരേഷ്, 65 കിലോയിൽ സ്വർണം നേടിയ സ്റ്റീവ് തോമസ്, 60 കിലോ വിഭാഗത്തിൽ വെള്ളി നേടിയ തേജസ് ഉണ്ണി മാധവൻ, ജൂനിയർ പെൺകുട്ടികളുടെ 70  പ്ലസ് കിലോ വിഭാഗത്തിൽ വെങ്കലം സ്വന്തമാക്കിയ ശ്രീജയ ജെ ചന്ദ്ര, 
ഭിന്നശേഷി വിഭാഗം 70 കിലോയിൽ സ്വർണം കരസ്ഥമാക്കിയ ഇ എച്ച‌് വിഷ്ണുപ്രസാദ്, വനിത  60 കിലോ വിഭാഗത്തിൽ(വലതുകൈ) സ്വർണം നേടിയ വർഷ ഷാജി, സീനിയർ 85 കിലോ വിഭാഗത്തിൽ(വലതുകൈ) രണ്ടാം സ്ഥാനം നേടിയ വി എസ‌് സിജിൽ, സീനിയർ 55 കിലോയിൽ(ഇടതുകൈ) വെള്ളി നേടിയ അശ്വിൻ തമ്പി, സീനിയർ 55 കിലോയിൽ(ഇടതുകൈ) ഒന്നാമനായ നന്ദു സുരേഷ്, സീനിയർ 65 കിലോയിൽ വെങ്കലം നേടിയ എസ‌് ഹരിദാസ്, സീനിയർ 80 കിലോയിൽ(ഇടതുകൈ)മൂന്നാം സ്ഥാനത്തെത്തിയ അജയ് വിനായക് എന്നിവരാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ വയനാടിനുവേണ്ടി കളത്തിലിറങ്ങുന്നത‌്. താരങ്ങളിൽ മീനങ്ങാടിയിൽനിന്നുള്ള വർഷ ഷാജി മീനങ്ങാടി സ്വദേശിനിയും ശ്രീജയ ജെ ചന്ദ്ര വൈത്തിരി സ്വദേശിനിയുമാണ‌്.  മറ്റുള്ളവർ  പുൽപള്ളി സ്വദേശികളാണ‌്.  ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 60 കിലോ വിഭാഗത്തിൽ മത്സരിക്കുന്ന യദു സുരേഷ് 2018ൽ തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പന്ത്രണ്ടാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സീനിയർ  60 കിലോ ഇടതുകൈ  വിഭാഗത്തിൽ ഒന്നാം സ്ഥാനവും വലതുകൈ വിഭാഗത്തിൽ വെങ്കലും യദുവിനായിരുന്നു. വർഷ ഷാജി മൂന്നു വർഷമായി 69 കിലോ വിഭാഗത്തിൽ ദേശീയ ചാമ്പ്യനാണ്. 
പുൽപള്ളി ഫിറ്റ്‌വെൽ ജിംനേഷ്യത്തിലെ ആം റസ്‌ലിംഗ് പരിശീലകൻ നവീൻ പോൾ, വൈത്തിരിയിലെ ചലഞ്ച് മാർഷ്യൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ആം റസ്‌ലിംഗ്  പരിശീലകൻ എം ജെ ഗ്രിഗറി എന്നിവർക്കു കീഴിൽ ശിക്ഷണം നേടിയവരാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മെഡൽവേട്ട നടത്തിയത്. നവീനും ഗ്രിഗറിയും കേരളത്തിലെ  അംഗീകൃത പഞ്ചഗുസ്തി റഫറിമാരുമാണ്.
ഇക്കഴിഞ്ഞ സംസ്ഥാന ചാംപ്യൻഷിപ്പിൽ വയനാടൻ താരങ്ങൾ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top