15 September Sunday

പെരുകുന്ന വാഹനാപകടം ഡ്രൈവർമാർക്ക് മോേട്ടാർ വാഹന വകുപ്പിന്റെ ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

 

കൽപ്പറ്റ
റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുമായി കെഎസ്ആർടിസി ഡ്രൈവർമാർക്ക് മോട്ടാർ വാഹന വകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമായി. വരും ദിവസങ്ങളിൽ ബോധവൽക്കരണത്തോടൊപ്പം വിപുലമായ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കും.  
ചുരമിറങ്ങുന്ന വാഹനങ്ങൾക്ക് അടിവാരത്ത് പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്താൻ കെഎസ്ആർടിസി മോട്ടാർ വാഹന വകുപ്പ് തീരുമാനിച്ചു. ജില്ലയിൽ അടിക്കടിയുണ്ടാവുന്ന കെഎസ്ആർടിസി ബസ്സുകൾ അപകടത്തിൽപ്പെടുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ കെഎസ്ആർടിസി. ഡ്രൈവർമാർക്ക് ബോധവൽക്കരണ മുൾപ്പെടെയുള്ള പരിപാടികളുമായി  അധികൃതർ മുന്നോട്ട് വന്നത്. ആദ്യപടിയായി മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർമാർക്ക് ബോധവൽക്കരണം തുടങ്ങി. 
സോണൽ അസിസ്റ്റൻറ് വർക്ക്സ് മാനേജർ കെ മുഹമദ് സഫറുള്ള ഉദ്ഘാടനം ചെയ്തു. വെഹിക്കിൾ മൊബൈലിറ്റി ഓഫീസർ രമേഷൻ കണ്ടത്തിൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രേമരാജൻ കെ വി, കൺട്രോളിങ് ഇൻസ്പെക്ട്ടർ തുടങ്ങിയവർ ക്ലാസ്സ് എടുത്തു. അടുത്ത ദിവസങ്ങളിൽ കൽപ്പറ്റ, ബത്തേരി എന്നിവിടങ്ങളിൽ ക്ലാസ്സുകൾ നടക്കും. താമരശേരി ചുരത്തിൽ ക്ലാസ്സ് എടുക്കുന്നതോടൊപ്പം ചുരമിറങ്ങുന്ന ബസ്സുകളുടെ പരിശോധന സംവിധാനങ്ങളു മേർപ്പെടുത്തും. 
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കെഎസ്ആർടിസി.ബസ്സുകൾ അപകടത്തിൽ പെടുന്നത് പതിവ് സംഭവമായി മാറിയിരുന്നു. അപകടങ്ങൾ കുറക്കുന്നതോടൊപ്പം ഇന്ധനക്ഷമതയും കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഇത്തരമൊരു സംവിധാനവുമായി മുന്നിട്ടിറങ്ങുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top