21 May Tuesday

ക്യാൻസർ നിയന്ത്രിത അമ്പലവയൽ ഫിൽട്ടർ, മെഗാ ക്യാമ്പുകൾ 17, 18ന്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

 

അമ്പലവയൽ
കാൻസർ നിയന്ത്രിത പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി അമ്പലവയലിൽ  17, 18 ദിവസങ്ങളിൽ ഫിൽട്ടർ, മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.   അമ്പലവയൽ  സാമൂഹ്യാരോഗ്യകേന്ദ്രം, പഞ്ചായത്ത്‌,  കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിലാണ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌.   പകൽ ഒമ്പത്‌ മുതൽ  അമ്പലവയൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ്‌ ക്യാമ്പ്‌. 
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 400 ഓളം വളണ്ടിയർമാർക്ക് സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടിയിൽ തീവ്രപരിശീലനം നൽകിയിരുന്നു. ഇവർ വീടുകൾ സന്ദർശിച്ച്‌    ക്യാൻസർ പ്രതിരോധത്തിനായി ബോധവൽക്കരണം നടത്തുകയും ചെയ്‌തിരുന്നു.  അതോടൊപ്പം  സാധ്യതാ ലക്ഷണങ്ങൾക്കായുള്ള സ്ക്രീനിങ് സർവെ പൂർത്തീകരിച്ചു.  ഇപ്രകാരം നടത്തിയ സർവ്വെ പ്രകാരം െതരഞ്ഞെടുക്കപ്പെട്ട അറൂനൂറോളം പേർക്കാണ് 17 ന്‌  ഫിൽട്ടർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഫിൽട്ടർ ക്യാമ്പിൽ നടക്കുന്ന ഡോക്ടർമാരുടെ പരിശോധനയിൽ തുടർ പരിശോധന നിർദ്ദേശിക്കുന്നവർക്കാണ് സഞ്ജീവനി മെബൈൽ ടെലി ഓങ്കോളജി യൂണിറ്റിലെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള മെഗാക്യാമ്പ് നടത്തുന്നത്. 
 മെഗാ ക്യാമ്പിൽ അൾട്രാസൗണ്ട് സ്കാൻ, മാമോഗ്രാം എഫ്എൻഎ സി, സ്ക്രെയിപ്പ്, തൈറോയിഡ് പരിശോധന മുതലായ പരിശോധനകൾ നടത്തും. പരിശോധനയിൽ രോഗ സാധ്യത സ്ഥിരീകരിക്കുന്നവർക്ക് ഉടൻ തന്നെ ചികിത്സയെടുക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളും തുടർപ്രവർത്തനങ്ങളും നടത്തും. 
ഫിൽട്ടർ ക്യാമ്പിൽ തുടർ പരിശോധനക്കായി നിർദ്ദേശം കിട്ടിയവർ 18 ന് നടക്കുന്ന മെഗാ ക്യാമ്പിൽ നിർബന്ധമായും  പങ്കെടുക്കണം.
പദ്ധതിയുടെ നടത്തിപ്പിലൂടെ ഭാവിയിൽ  പഞ്ചായത്തിൽ കാൻസർ രോഗ നിരക്ക് 70 ശതമാനം വരെ കുറക്കാനാവുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.   മെഗാ ക്യാമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക ഉദ്ഘാടനം ചെയ്യും മെഗാ ക്യാമ്പിന് മലബാർ കാൻസർ കെയർ സെസൈറ്റി  ഡയറക്ടർ ഡോ . വി സി  രവീന്ദ്രൻ നേതൃത്വം നൽകും. 
ക്യാൻസർ കെയർ സെസൈറ്റി പ്രസിഡന്റ‌് ഡോ.ഡി കൃഷ്ണനാഥ പൈ , ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ പി  കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുക്കും
പ്രധാന വാർത്തകൾ
 Top