24 February Monday
രക്തസാക്ഷിത്വത്തിന്‌ ഒരാണ്ട്‌

വസന്തകുമാറിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020

വീര ജവാൻ വസന്തകുമാർ അനുസ്‌മരണം സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 

കൽപ്പറ്റ
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനീകൻ വി വി വസന്തകുമാറിന്‌ നാടിന്റെ സ്‌മരണാഞ്‌ജലി. മരണത്തിന്‌ കീഴടക്കാനാവാത്ത ഓർമകൾക്ക്‌ മുമ്പിൽ നാട്‌ പ്രണാമമർപ്പിച്ചു. ധീരജവാൻ അന്ത്യവിശ്രമം കൊള്ളുന്ന തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി വീട്ടിലും പഠിച്ച ലക്കിടി ഗവ. എൽപി സ്‌കൂളിലും ഒന്നാം ചരമവാർഷികം ആചരിച്ചു.  വാഴക്കണ്ടിയിലെ സ്‌മൃതിമണ്ഡപത്തിൽ  അനുസ്‌മരണത്തിന്‌ നാടൊന്നാകെയെത്തി. ഓർമകൾ കരുത്താക്കി വസന്തകുമാറിന്റെ ഭാര്യ ഷീനയും മക്കളായ അനാമികയും അമർദീപും അമ്മ ശാന്തയും ശവകുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. സി കെ ശശീന്ദ്രൻ എംഎൽഎയും  സിആർപിഎഫ്‌ സുബേദാർ മേജർ വാൻജീവ്‌ കുമാറും ഒപ്പം പുഷ്‌പങ്ങൾ വിതറി.
 സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ സല്യൂട്ട്‌ നൽകി ആദരിച്ചു.  ജനപ്രതിനിധികൾ, പ്രദേശവാസികൾ രാഷ്‌ട്രീയ–-സാമൂഹ്യ–-സാംസ്‌കരിക പ്രവർത്തകരെല്ലാം പങ്കാളികളായി.  അനുസ്‌മരണയോഗത്തിൽ മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സഹദ്‌ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി കെ അനിൽകുമാർ, കെ മിനി, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷാ തമ്പി, ചന്ദ്രശേഖരൻ തമ്പി എന്നിവർ സംസാരിച്ചു. 
വസന്തകുമാർ പഠിച്ച ലക്കിടി ഗവ. എൽപി സ്‌കൂളിൽ വൈത്തിരി പഞ്ചായത്തിന്റെയും വസന്തകുമാർ സ്‌മൃതി മണ്ഡപ കമ്മിറ്റിയുടെയും  നേതൃത്വത്തിൽ ജവാന്‌ സ്‌മരണാഞ്‌ജലി അർപ്പിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ  അനുസ്‌മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഉഷാകുമാരി അധ്യക്ഷയായി. കലക്ടർ ഡോ. അദീല അബ്ദുള്ള, സ്‌കൂൾ പ്രധാനാധ്യാപകൻ പി കെ കരീം,  ലക്കിടി നവോദയ വിദ്യാലയം പ്രിൻസിപ്പൽ എം ജി അരവിന്ദാക്ഷൻ, പി മധുസൂദനൻ, എം വി വിജേഷ്‌,  എം സെയ്‌ദ്‌,  പി ഗഗാറിൻ, ഫാ. ബിജു അഗസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ യു സി ഗോപി സ്വാഗതവും നിസാർ ദിൽവേ നന്ദിയും പറഞ്ഞു.  സമീപത്തെ സ്‌കൂൾ വിദ്യാർഥികളും  സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകളും വസന്തകുമാറിന്റെ സുഹൃത്തുക്കളും നാട്ടുകാരും പങ്കാളികളായി.
പ്രധാന വാർത്തകൾ
 Top