28 February Sunday

വാഹനാപകടങ്ങളിൽ 4 മരണം വ്യാഴാഴ്‌ച ജില്ല ഉണർന്നത്‌ ദുരന്തവാർത്തകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 

വൈത്തിരി/ബത്തേരി
വാഹനാപകട മരണങ്ങളിൽ നടുങ്ങി ജില്ല. ബുധനാഴ്‌ച രാത്രിയും വ്യാഴാഴ്‌ച പുലർച്ചെയുമായുണ്ടായ അപകടങ്ങളിൽ നാല്‌ ജീവനുകളാണ്‌ പൊലിഞ്ഞത്‌. വൈത്തിരിയിൽ ബൈക്കും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച്‌ ബത്തേരി ഓറിയന്റൽ കോളേജിലെ രണ്ട്‌ വിദ്യാർഥികൾ മരിച്ചതിന്റെ ഞെട്ടലിലാണ്‌ ബുധനാഴ്‌ച ജില്ല ഉറങ്ങിയത്‌. നേരം പുർന്നപ്പോൾ മറ്റൊരു ദുരന്തവാർത്തയുമെത്തി. വ്യാഴാഴ്‌ച പുലർച്ചെ കൊളഗപ്പാറയിൽ ഗുഡ്‌സ്‌ വാഹനം മരത്തിലിടിച്ച്‌ രണ്ടുപേർ മരിച്ചെന്ന വാർത്തകൂടി എത്തിയതോടെ ആകെ മരവിപ്പായി. ഗുഡ്‌സ്‌ വാഹനത്തിൽ കപ്പയുമായി ബത്തേരിക്ക്‌ പോകുകയായിരുന്ന മീനങ്ങാടി അമ്പത്തിമൂന്ന്‌ തോട്ടത്തിൽ ഷമീറും മുട്ടിൽ പരിയാരം പാറക്കൽ വീട്ടിൽ മുസ്തഫയുടെയും മരണം നാടിന്‌ വിശ്വസിക്കാനായില്ല. വിവരം അറിഞ്ഞവർ ആശുപത്രികളിലേക്ക്‌ ഓടിയെത്തി. 
ബസും ബൈക്കും കൂട്ടിയിടിച്ച്‌ ലക്കിടി ഓറിയന്റൽ കോളേജിലെ ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ വല്ലായ്‌പറമ്പിൽ വിനോദിന്റെ മകൻ രോഹിത്​ വിനോദും പാലാ കുറുവലങ്ങാട്‌ അലോത്ത് വീട്ടിൽ സാബുവിന്റെ മകൻ സെബിൻ സാബുവുമാണ്‌ മരിച്ചത്‌.  ഇരുവരും ബൈക്കിൽ കൽപ്പറ്റയിൽനിന്നും വൈത്തിരിയിലേക്ക്‌ പോകുകയായിരുന്നു. രാത്രി പത്തോടെ വൈത്തിരി പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിലായിരുന്നു അപകടം.  ഇരുവരും ആത്മാർഥ സുഹൃത്തുക്കളും ഹോസ്റ്റലിൽ ഒരു മുറിയിൽ താമസിക്കുന്നവരുമായിരുന്നു. അധ്യാപകർക്കും  വിദ്യാർഥികൾക്കും പ്രിയപ്പെട്ടവരുമായിരുന്നു. അവസാന വർഷ പ്രൊജക്ട്‌ ചെയ്യുന്നതിനായി അടുത്ത ആഴ്ച ഇരുവരും പാലക്കാട് പോകാനിരിക്കുകയായിരുന്നു. വൈത്തിരി താലൂക്ക്‌ ആശുപത്രിയിൽ മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം ചെയ്യുമ്പോൾ സഹപാഠികൾ പുറത്ത്‌ വിങ്ങിപ്പൊട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top